ഫൈനലിലെ ആ അഞ്ച് സെക്കന്‍ഡ് ഞാന്‍ ഒരിക്കലും മറക്കില്ല; നിര്‍ണായക നിമിഷത്തെക്കുറിച്ച് ഇന്ത്യന്‍ താരം
Sports News
ഫൈനലിലെ ആ അഞ്ച് സെക്കന്‍ഡ് ഞാന്‍ ഒരിക്കലും മറക്കില്ല; നിര്‍ണായക നിമിഷത്തെക്കുറിച്ച് ഇന്ത്യന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 3rd July 2024, 10:32 pm

17 വര്‍ഷങ്ങള്‍ക്ക് ശേഷം 2024 ഐ.സി.സി ടി-20 ലോകകപ്പ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. സൗത്ത് ആഫ്രിക്കയെ 7 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ലോകകപ്പ് ജേതാക്കളായത്. കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബര്‍ഡോസില്‍ നടന്ന ഫൈനലില്‍ ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്.

വിജയലക്ഷ്യം പിന്തുടര്‍ന്ന സൗത്ത് ആഫ്രിക്കയ്ക്ക് അവസാന ഓവറില്‍ വിജയിക്കാന്‍ 16 റണ്‍സായിരുന്നു വേണ്ടത്. ഇന്ത്യയ്ക്ക് വേണ്ടി ഹര്‍ദിക് ആയിരുന്നു പന്ത് കയ്യിലെടുത്തത്.

നിര്‍ണായക സമയത്ത് ക്രീസിലുണ്ടായിരുന്ന ഡേവിഡ് മില്ലര്‍ പാണ്ഡ്യയുടെ ഒരു ഫുള്‍ ടോസില്‍ പന്ത് ഉയര്‍ത്തിയടിച്ചപ്പോള്‍ ബൗണ്ടറി ലൈനില്‍ ഇന്ത്യയുടെ രക്ഷകനായി എത്തിയത് സൂര്യകുമാര്‍ യാദവായിരുന്നു. ഐതിഹാസികമായ ഒരു ക്യാച്ചില്‍ സിക്സറിന് പോകേണ്ട പന്ത് താരം തട്ടിയകറ്റി വീണ്ടും കൈപ്പിടിയിലാക്കുകയായിരുന്നു. ഈ ക്യാച്ചിനെക്കുറിച്ച് റെവ് സ്പപോര്‍ട്‌സില്‍ സംസാരിച്ചിരിക്കുകയാണ് താരം.

‘ഞാന്‍ ഓടാന്‍ തുടങ്ങിയപ്പോള്‍ ക്യാച്ചിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല. എന്നാല്‍ ഞാന്‍ പന്തിനടുത്ത് എത്തിയപ്പോള്‍, ആ ക്യാച്ച് പൂര്‍ത്തിയാക്കാന്‍ ബൗണ്ടറിക്കപ്പുറം പോയി തിരികെ വരണമെന്ന് തോന്നി. ആ ചിന്തയ്ക്ക് എനിക്ക് 5-7 സെക്കന്‍ഡ് ഉണ്ടായിരുന്നു! എന്റെ ജീവിതത്തില്‍ ഈ 5-7 സെക്കന്‍ഡ് ഒരിക്കലും മറക്കാന്‍ കഴിയില്ല,’ സൂര്യകുമാര്‍ യാദവ് റെവ് സ്‌പോര്‍ട്‌സിനോട് പറഞ്ഞു.

മത്സരത്തില്‍ ഇന്ത്യയെ രക്ഷിച്ച ഏറ്റവും മികച്ച ക്യാച്ചായി മാറുകയായിരുന്നു ഇത്. മാത്രമല്ല ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ക്യാച്ചും സൂര്യയുടേതായിരുന്നു. ഇതോടെ ഫൈനല്‍ സ്വന്തമാക്കി ഇന്ത്യന്‍ ടീം ഡ്രസിങ് റൂമില്‍ എത്തിയപ്പോള്‍ ബി.സി.സി.ഐ പ്രസിഡന്റ് ജെയ് ഷാ ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍ക്കുള്ള പുരസ്‌കാരവും സൂര്യയ്ക്ക് കൈമാറിയിരുന്നു.

 

Content Highlight: Suryakumar Yadav Talking About Crucial Catch In 2024 World Cup Final