ഇന്ത്യക്കായി ഒരിക്കല്‍ക്കൂടി വെടിക്കെട്ട് പ്രകടനവുമായി തിളങ്ങി സൂര്യകുമാര്‍ യാദവ്. തന്റെ മൂന്നാം അന്താരാഷ്ട്ര ടി-20 സെഞ്ച്വറി തികച്ചാണ് സ്‌കൈ ഇന്ത്യന്‍ സ്‌കോറിങ്ങിനെ മുന്നില്‍ നിന്നും നയിച്ചത്.
ഒരു മത്സരത്തില്‍ ചെറുതായി കാലിടറിയപ്പോള്‍ തന്നെ വിമര്‍ശിച്ച സകലര്‍ക്കുമുള്ള മറുപടിയെന്നോണമായിരുന്നു സൂര്യകുമാര്‍ സെഞ്ച്വറിയടിച്ചത്. ഇന്‍ഡിവിജ്വല്‍ സ്‌കോര്‍ 99ല്‍ നില്‍ക്കവെ സിംഗിള്‍ നേടിയായിരുന്നു സ്‌കൈ സെഞ്ച്വറി നേട്ടം പൂര്‍ത്തിയാക്കിയത്.
45 പന്തില്‍ നിന്നും നൂറ് റണ്‍സ് തികച്ച സ്‌കൈ ഒടുവില്‍ 51 പന്തില്‍ നിന്നും 112 റണ്‍സ് നേടിയാണ് കളം വിട്ടത്. ഏഴ് ബൗണ്ടറിയും ഒമ്പത് സിക്സറും അടങ്ങുന്നതായിരുന്നു സൂര്യകുമാറിന്റെ ഇന്നിങ്സ്. 219.61 എന്ന സ്ട്രൈക്ക് റേറ്റിലാണ് സൂര്യകുമാര്‍ റണ്ണടിച്ചുകൂട്ടിയത്.
കരിയറിലെ മൂന്നാം അന്താരാഷ്ട്ര ടി-20 സെഞ്ച്വറിയും പൂര്‍ത്തിയാക്കിയതോടെ ടി-20 സെഞ്ച്വറിയുടെ പട്ടികയില്‍ കെ.എല്‍. രാഹുലിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താനും സൂര്യകുമാറിന് സാധിച്ചു. ഇന്ത്യന്‍ താരങ്ങളില്‍ ഇനി രോഹിത് ശര്‍മ മാത്രമാണ് സ്‌കൈക്ക് മുമ്പിലുള്ളത്.
ഏറ്റവുമധികം അന്താരാഷ്ട്ര ടി-20 സെഞ്ച്വറിയുള്ള ഇന്ത്യന്‍ താരങ്ങള്‍
രോഹിത് ശര്‍മ – 4
സൂര്യകുമാര്‍ യാദവ് – 3
കെ.എല്‍. രാഹുല്‍ – 2
വിരാട് കോഹ്‌ലി – 1
ഇന്ത്യന്‍ സ്‌കോര്‍ 52ല്‍ നില്‍ക്കവെ നാലാമനായിട്ടായിരുന്നു സ്‌കൈ കളത്തിലെത്തിയത്. തൊട്ടുമുമ്പ് രാഹുല്‍ ത്രിപാഠി തുടങ്ങിവെച്ച വെടിക്കെട്ട് സൂര്യ ഏറ്റെടുക്കുകയായിരുന്നു. ബൗണ്ടറികളും ആകാശം തൊടുന്ന സിക്‌സറുകളുമായാണ് രാജ്‌കോട്ടില്‍ സൂര്യകുമാര്‍ റണ്‍മഴ പെയ്യിച്ചത്.
ഗില്ലിനൊപ്പം നൂറ് റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പും താരം തികച്ചിരുന്നു. ഗില്‍ പുറത്തായതോടെ ക്രീസിലെത്തിയ ഹര്‍ദിക്കും ഹൂഡയും വന്നത് പോലെ മടങ്ങിയപ്പോള്‍ ഇന്ത്യന്‍ നിരയിലെ വിശ്വസ്തന്‍ അക്‌സര്‍ പട്ടേലിനെ കൂട്ടുപിടിച്ച് സൂര്യ റണ്‍ ഉയര്‍ത്തി.
ഒടുവില്‍ നിശ്ചിത ഓവറില്‍ 228 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 11 ഓവര്‍ പിന്നിടുമ്പോള്‍ 94 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലാണ്. ക്യാപ്റ്റന്‍ ദാസുന്‍ ഷണകയും ധനഞ്ജയ ഡി സില്‍വയുമാണ് ക്രീസില്‍.
Content Highlight: Suryakumar Yadav surpasses KL Rahul