സൂര്യയുടെ മൂന്നാം സിക്‌സറില്‍ വീണ് വിരാട്; മുമ്പിലുള്ളത് രോഹിത് മാത്രം
Sports News
സൂര്യയുടെ മൂന്നാം സിക്‌സറില്‍ വീണ് വിരാട്; മുമ്പിലുള്ളത് രോഹിത് മാത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 14th December 2023, 11:42 pm

 

ഇന്ത്യ – സൗത്ത് ആഫ്രിക്ക പരമ്പരയിലെ മൂന്നാം ടി-20 ആവേശകരമായി പുരോഗമിക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് നേടി.

സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെയും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിന്റെയും കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്കുയര്‍ന്നത്. ജെയ്‌സ്വാള്‍ 41 പന്തില്‍ 60 റണ്‍സ് നേടിയപ്പോള്‍ 56 പന്തില്‍ നൂറ് റണ്‍സാണ് സ്‌കൈ നേടിയത്.

പതിഞ്ഞ് തുടങ്ങിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ താളം കണ്ടെത്തിയതോടെ കത്തിക്കയറുകയായിരുന്നു. ഏഴ് ഫോറും എട്ട് സിക്‌സറും അടക്കമായിരുന്നു സ്‌കൈയുടെ വെടിക്കെട്ട്.

ഈ വെടിക്കെട്ടിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും സൂര്യയെ തേടിയെത്തിയിരുന്നു. ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യക്കായി ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ത്താണ് സൂര്യ റെക്കോഡിട്ടത്. മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ മറികടന്നുകൊണ്ടാണ് സൂര്യ റെക്കോഡ് മെച്ചപ്പെടുത്തിയത്.

ഈ മത്സരത്തിന് മുമ്പ് 115 സിക്‌സറായിരുന്നു ടി-20യില്‍ സൂര്യകുമാറിന്റെ പേരിലുണ്ടായിരുന്നത്. പ്രോട്ടിയാസിനെതിരെ സൂര്യയുടെ മൂന്നാം സിക്‌സര്‍ ഗ്യാലറിയിലെത്തിച്ചതോടെ 117 സിക്‌സര്‍ സ്വന്തം പേരിലുണ്ടായിരുന്ന വിരാട് മൂന്നാം സ്ഥാനത്തേക്ക് വീഴുകയായിരുന്നു.

ടി-20യില്‍ ഇന്ത്യക്കായി ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങള്‍

(താരം – ഇന്നിങ്‌സ് – സിക്‌സര്‍ എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – 140 – 182

സൂര്യകുമാര്‍ യാദവ് – 57 – 123

വിരാട് കോഹ്‌ലി – 107 – 117

അതേസമയം, ഇന്ത്യ ഉയര്‍ത്തിയ 202 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടരുന്ന സൗത്ത് ആഫ്രിക്ക പതറുകയാണ്. നിലവില്‍ 10 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരിയിലെ അവസാന മത്സരത്തില്‍ വിജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് പരമ്പര സമനിലയിലെത്തിക്കാന്‍ സാധിക്കൂ. പരമ്പരയിലെ ആദ്യ മത്സരം മഴയെടുക്കുകയും രണ്ടാം മത്സരത്തില്‍ സൗത്ത് ആഫ്രിക്ക വിജയിക്കുകയും ചെയ്തതോടെയാണ് മൂന്നാം മത്സരം ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമായത്.

 

Content Highlight: Suryakumar Yadav surpassed Virat Kohli