|

ഐതിഹാസിക സെഞ്ച്വറിയില്‍ പിന്നിലാക്കിയത് മന്ഥാനയെയും; സൂര്യകുമാര്‍ കുതിക്കുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ മൂന്നാം ടി-20യില്‍ സൗത്ത് ആഫ്രിക്കക്ക് 202 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ സൂര്യകുമാറിന്റെയും ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിന്റെയും ഇന്നിങ്‌സിന്റെ കരുത്തിലാണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

സൂര്യകുമാര്‍ സെഞ്ച്വറി നേടിയപ്പോള്‍ അര്‍ധ സെഞ്ച്വറിയടിച്ചാണ് ജെയ്‌സ്വാള്‍ തരംഗമായത്. 41 പന്തില്‍ 60 റണ്‍സ് നേടി ജെയ്‌സ്വാള്‍ പുറത്താവുകയായിരുന്നു. തബ്രായിസ് ഷംസിയുടെ പന്തില്‍ റിസ ഹെന്‍ഡ്രിക്‌സിന് ക്യാച്ച് നല്‍കിയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണര്‍ മടങ്ങിയത്.

56 പന്തില്‍ 100 റണ്‍സാണ് സ്‌കൈ നേടിയത്. അവസാന ഓവറിലെ രണ്ടാം പന്തില്‍ ലിസാദ് വില്യംസിന്റെ പന്തില്‍ മാത്യൂ ബ്രീറ്റ്‌സ്‌കീക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. ഏഴ് ഫോറും എട്ട് സിക്‌സറുമാണ് സൂര്യയുടെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്.

ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും സൂര്യയെ തേടിയെത്തിയിരിക്കുകയാണ്. സൗത്ത് ആഫ്രിക്കന്‍ മണ്ണിലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന ടി-20 സ്‌കോര്‍ എന്ന നേട്ടമാണ് സൂര്യ സ്വന്തമാക്കിയത്.

ഇന്ത്യന്‍ സൂപ്പര്‍ താരം സ്മൃതി മന്ഥാനയുടെ റെക്കോഡ് തകര്‍ത്താണ് സ്‌കൈ ഒന്നാം സ്ഥാനത്തേക്ക് കയറിയത്. 2023ല്‍ സെന്റ് ജോര്‍ജ്‌സ് ഓവലില്‍ അയര്‍ലന്‍ഡിനെതിരെ മന്ഥാന നേടിയ 87 റണ്‍സായിരുന്നു റെക്കോഡ് നേട്ടത്തില്‍ ഒന്നാമതുണ്ടായിരുന്നത്.

സൗത്ത് ആഫ്രിക്കയില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍.

(താരം – റണ്‍സ് – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

സൂര്യകുമാര്‍ യാദവ് – 100 – സൗത്ത് ആഫ്രിക്ക – 2023

സ്മൃതി മന്ഥാന – 87 – അയര്‍ലന്‍ഡ് – 2023

മനീഷ് പാണ്ഡേ – 79*- സൗത്ത് ആഫ്രിക്ക – 2018

മിതാലി രാജ് – 76* – സൗത്ത് ആഫ്രിക്ക – 2018

ഗൗതം ഗംഭീര്‍ – 75 – പാകിസ്ഥാന്‍ – 2007

അതേസമയം, ഇന്ത്യ ഉയര്‍ത്തിയ 202 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ സൗത്ത് ആഫ്രിക്ക ആദ്യ രണ്ട് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 14 റണ്‍സ് എന്ന നിലയിലാണ്. മൂന്ന് പന്തില്‍ നാല് റണ്‍സ് നേടിയ മാത്യൂ ബ്രീറ്റ്‌സ്‌കിയുടെ വിക്കറ്റാണ് സൗത്ത് ആഫ്രിക്കക്ക് നഷ്ടമായത്. മുകേഷ് കുമാറാണ് വിക്കറ്റ് വേട്ടക്കാരന്‍.

മൂന്ന് പന്തില്‍ പത്ത് റണ്‍സ് നേടിയ ഏയ്ഡന്‍ മര്‍ക്രവും ആറ് പന്തില്‍ പൂജ്യം റണ്‍സുമായി റീസ ഹെന്‍ഡ്രിക്‌സുമാണ് ക്രീസില്‍.

Content highlight: Suryakumar Yadav surpassed Smriti Mandhana to achieve a unique feat