ശ്രീലങ്കക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ ആയിരുന്നു സൂര്യകുമാര്‍ യാദവിന്റെയും സംഘത്തിന്റെയും വിജയം. പല്ലേക്കലെ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തെ നടന്ന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സാണ് നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ ഇന്നിങ്‌സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഒടുവില്‍ സൂപ്പര്‍ ഓവര്‍ വിധിയെഴുതിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കക്ക് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചൂള്ളൂ. ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ആദ്യ പന്തില്‍ തന്നെ അനായാസമായി വിജയം സ്വന്തമാക്കുകയായിരുന്നു.
മത്സരത്തില്‍ ഇന്ത്യക്കായി 37 പന്തില്‍ 39 റണ്‍സ് നേടി വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും 18 പന്തില്‍ 26 റണ്‍സ് നേടി റിയാന്‍ പരാഗും 25 റണ്‍സ് നേടിയ വാഷിങ്ടണ്‍ സുന്ദറും മികച്ച പ്രകടനമാന് പുറത്തെടുത്തത്.
ലങ്കയ്ക്ക് വേണ്ടി മഹീഷ തീക്ഷണ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ചമിന്തു, രമേഷ് മെന്‍ഡിസ്, അസിത ഫെര്‍ണാണ്ടോ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
ഇന്ത്യക്ക് വേണ്ടി സൂര്യകുമാര്‍, വാഷിങ്ടണ്‍ സുന്ദര്‍, റിങ്കു സിങ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി മിന്നും പ്രകടമാണ് നടത്തിയത്. ശ്രീലങ്കക്കായി കുശാല്‍ പെരേര 34 പന്തില്‍ 46 റണ്‍സും കുശാല്‍ മെന്‍ഡീസ് 41 പന്തില്‍ 43 റണ്‍സും നേടി നിര്‍ണായകമായി.
പരമ്പര വിജയത്തിന് ശേഷം ട്രോഫി ഉയര്‍ത്തുമ്പോഴുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാറിന്റെ പെരുമാറ്റമാണ് ഇപ്പോള്‍ ഏറെ ശ്രദ്ധേയമാവുന്നത്. യുവതാരങ്ങളായ റിയാന്‍ പരാഗിനും റിങ്കു സിങ്ങിനും ട്രോഫി കൈമാറിക്കൊണ്ട് കിരീടം ഉയര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു സൂര്യകുമാര്‍. കിരീടം ഉയര്‍ത്തുന്ന സമയത്ത് ഫോട്ടോയുടെ വലതുഭാഗത്ത് അവസാനമായിട്ടായിരുന്നു സൂര്യകുമാര്‍ നിന്നിരുന്നത്.
ട്രോഫി യുവതാരങ്ങള്‍ക്ക് കൈമാറികൊണ്ട് ഇത്തരത്തില്‍ വിജയം ആഘോഷിക്കുന്ന ഈ സമ്പ്രദായത്തിന് തുടക്കം കുറിച്ചത് മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയായിരുന്നു. ധോണിയിലൂടെ തുടങ്ങിയ പാരമ്പര്യം പിന്നീട് ഇന്ത്യയുടെ ക്യാപ്റ്റന്മാരായ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിവരെല്ലാം ക്രിക്കറ്റ് ലോകത്തിന് മുന്നില്‍ കാണിച്ചു തരുകയായിരുന്നു. ഇപ്പോള്‍ സൂര്യകുമാര്‍ യാദവിയുടെയും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഈ അവിസ്മരണീയമായ കാഴ്ചയ്ക്കാണ് ഇന്നലെ സാക്ഷ്യം വഹിച്ചത്.
Content Highlight: Suryakumar Yadav Special Celebration The Series Win Against Srilanka