Sports News
ഒരേ ടീമില്‍ കളിക്കുന്നവരാണെന്ന് പോലും നോക്കാതെ അടിച്ചുകൂട്ടി; മറന്നുപോയോ അവന്റെ ലിമിറ്റ് സ്‌കൈ മാത്രമാണെന്ന്
ഇന്ത്യ – ഓസ്‌ട്രേലിയ പരമ്പരയില്‍ ടി-20 സ്‌പെഷ്യലിസ്റ്റ് സൂര്യകുമാര്‍ യാദവ് ഫോമിലേക്കുയര്‍ന്നതാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്. ലോകകപ്പിന് മുമ്പ് സൂര്യകുമാര്‍ താളം കണ്ടെത്തിയത് ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഏറെ ആശ്വാസം നല്‍കുന്നതാണ്.
ഏകദിനത്തില്‍ ടി-20 ഫോര്‍മാറ്റില്‍ ബാറ്റ് വീശിയ സൂര്യകുമാര്‍ 37 പന്തില്‍ നിന്നും പുറത്താകാതെ 72 റണ്‍സാണ് നേടിയത്.
ആറ് സിക്‌സറും ആറ് ബൗണ്ടറിയും അടക്കം 194.59 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു സ്‌കൈ റണ്ണടിച്ചുകൂട്ടിയത്. ഇതില്‍ നാല് സിക്‌സറും പിറന്നത് ഒറ്റ ഓവറിലായിരുന്നു. ഓസീസ് സൂപ്പര്‍ താരം കാമറൂണ്‍ ഗ്രീനായിരുന്നു സൂര്യകുമാറിന്റെ റാംപെയ്ജിന് ഇരയായത്.
ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 44ാം ഓവറിലായിരുന്നു സൂര്യ സിക്‌സറുകള്‍ കൊണ്ട് ആറാട്ട് നടത്തിയത്. ഓവറിലെ ആദ്യ രണ്ട് പന്തും ഫൈന്‍ ലെഗിന് മുകളിലൂടെ ഗാലറിയിലെത്തിച്ച സ്‌കൈ മൂന്നാം പന്ത് എക്‌സ്ട്രാ കവറിന് മുകളിലൂടെ സിക്‌സറിന് പറത്തി. ഡീപ് സ്‌ക്വയര്‍ ലെഗിന് മുകളിലൂടെയായിരുന്നു നാലാം പന്ത് അതിര്‍ത്തി കടന്നത്.
ഓവറിലെ അഞ്ച്, ആറ് പന്തുകളിലായി ഓരോ സിംഗിള്‍ വീതവും പിറന്നപ്പോള്‍ 44ാം ഓവറില്‍ മാത്രം ഇന്ത്യന്‍ ടോട്ടലിലേക്ക് എഴുതിച്ചേര്‍ക്കപ്പെട്ടത് 26 റണ്‍സാണ്. മുംബൈ ഇന്ത്യന്‍സിലെ സഹതാരമായ ഗ്രീനിനെ സൂര്യകുമാര്‍ സിക്‌സറിന് പറത്തിയത് അത്യന്തം ആവേശത്തോടെയാണ് ഇന്‍ഡോര്‍ ക്രൗഡ് സ്വീകരിച്ചത്.
ആകെയെറിഞ്ഞ പത്ത് ഓവറില്‍ 103 റണ്‍സാണ് കാമറൂണ്‍ ഗ്രീനിന് വഴങ്ങേണ്ടി വന്നത്. 10.30 എക്കോണമിയില്‍ പന്തെറിഞ്ഞ ഗ്രീന്‍ കെ.എല്‍. രാഹുലിനെയും ശുഭ്മന്‍ ഗില്ലിനെയും പുറത്താക്കുകയും ചെയ്തിരുന്നു.
ഈ വെടിക്കെട്ടിന് പിന്നാലെ സൂര്യകുമാര്‍ തന്റെ പ്രതികാരം കൂടിയാണ് തീര്‍ത്തത്. ഏകദിനത്തില്‍ ഹാട്രിക് ഡക്കിന് തന്നെ പുറത്താക്കിയ അതേ ഓസ്‌ട്രേലിയക്കെതിരെ സ്വന്തം മണ്ണില്‍, സ്വന്തം കാണികള്‍ക്ക് മുമ്പില്‍ കരിയറിലെ മികച്ച പ്രകടനം പുറത്തെടുത്താണ് സൂര്യകുമാര്‍ തിളങ്ങിയത്.
സൂര്യ ക്രീസിലെത്തുന്നതിന് മുമ്പ് തന്നെ ഓസീസ് ബൗളര്‍മാരുടെ ആത്മവിശ്വാസം ഒന്നടങ്കം നഷ്ടപ്പെട്ടിരുന്നു. ഓപ്പണര്‍ ശുഭ്മന്‍ ഗില്ലും മൂന്നാം നമ്പറില്‍ ഇറങ്ങിയ ശ്രേയസ് അയ്യരും സെഞ്ച്വറി നേടിക്കൊണ്ടാണ് ഓസീസ് ബൗളര്‍മാര്‍ക്ക് മേല്‍ പടര്‍ന്ന് കയറിയത്. ഇരുവരും നൂറിന് മേല്‍ സ്‌ട്രൈക്ക് റേറ്റുമായാണ് ഇന്നിങ്‌സ് പൂര്‍ത്തിയാക്കിയത്.
97 പന്തില്‍ നിന്നും നാല് സിക്‌സറും ആറ് ബൗണ്ടറിയുമടക്കം ഗില്‍ 104 റണ്‍സ് നേടിയപ്പോള്‍ 90 പന്തില്‍ നിന്നും 105 റണ്‍സ് നേടിയാണ് അയ്യര്‍ പുറത്തായത്. 11 ബൗണ്ടറിയും മൂന്ന് സിക്‌സറുമടക്കം 116.67 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് അയ്യര്‍ ഇന്നിങ്‌സ് പൂര്‍ത്തിയാക്കിയത്. പിന്നാലെയെത്തിയ ക്യാപ്റ്റന്‍ കെ.എല്‍. രാഹുലും കളമറിഞ്ഞ് കളിച്ചതോടെ സ്‌കോര്‍ ഉയര്‍ന്നു. 38 പന്തില്‍ നിന്നും 52 റണ്‍സാണ് താരം നേടിയത്.
ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സാണ് ഇന്ത്യ നേടിയത്.
ഓസീസ് ഇന്നിങ്‌സിനിടെ മഴയെത്തുകയും മത്സരം തടസ്സപ്പെടുകയും ചെയ്തതോടെ ഡി.എല്‍.എസ് മെത്തേഡില്‍ വിജയലക്ഷ്യം 317 ആയി പുനര്‍നിര്‍ണയിച്ചിരുന്നു. എന്നാല്‍ 28.2 ഓവറില്‍ കങ്കാരുക്കള്‍ 217 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
Content highlight: Suryakumar Yadav smashes 4 sixes in one over