ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ടി-20 പരമ്പര ആരംഭിച്ചിരിക്കുകയാണ്. പല്ലേക്കലെ സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം. സൂര്യകുമാറിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയിറങ്ങുമ്പോള്‍ ചരിത് അസലങ്കയാണ് ശ്രീലങ്കയെ നയിക്കുന്നത്. ഫുള്‍ ടൈം ക്യാപ്റ്റന്റെ റോളില്‍ സൂര്യകുമാറിന്റെ ആദ്യ മത്സരമാണിത്.
മത്സരത്തില്‍ ടോസ് നേടിയ ലങ്കന്‍ നായകന്‍ ബൗളിങ് തെരഞ്ഞെടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് സ്വന്തമാക്കി.
നായകന്‍ സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. 26 പന്തില്‍ 50 റണ്‍സാണ് ഇന്ത്യന്‍ നായകന്‍ അടിച്ചെടുത്തത്. എട്ട് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെടെ 223.08 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലാണ് സ്‌കൈ വെടിക്കെട്ട് നടത്തിയത്.
ഈ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് സൂര്യകുമാറിനെ തേടിയെത്തിയത്. ഇന്ത്യന്‍ ടി-20 ടീമിന്റെ ഫുള്‍ ടൈം ക്യാപ്റ്റന്‍സിയേറ്റെടുത്ത ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന നേട്ടമാണ് സൂര്യ സ്വന്തമാക്കിയത്.
ടി-20 ഫോര്‍മാറ്റില്‍ ഫുള്‍ ടൈം ക്യാപ്റ്റന്‍സിയേറ്റെടുത്ത ആദ്യ മത്സരത്തില്‍ ഓരോ ഇന്ത്യന്‍ ക്യാപ്റ്റന്റെയും പ്രകടനം
(താരം – സ്‌കോര്‍ – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
സൂര്യകുമാര്‍ യാദവ് – 58 (26) – ശ്രീലങ്ക – പല്ലേക്കലെ – 2024
രോഹിത് ശര്‍മ – 48 (36) – ന്യൂസിലാന്‍ഡ് – ജയ്പൂര്‍ – 2021
എം.എസ്. ധോണി – 33 (31) – പാകിസ്ഥാന്‍ – ഡര്‍ബന്‍ – 2007
വിരാട് കോഹ്‌ലി – 29 (36) – ഇംഗ്ലണ്ട് – കാണ്‍പൂര്‍ – 2017
മത്സരത്തില്‍ സൂര്യകുമാറിന് പുറമെ ഓപ്പണര്‍മാരായ ശുഭ്മന്‍ ഗില്‍, യശസ്വി ജെയ്‌സ്വാള്‍, വിക്കറ്റ് കീപ്പര്‍ റിഷബ് പന്ത് എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു.
ജെയ്‌സ്വാള്‍ 21 പന്തില്‍ 40 റണ്‍സടിച്ച് പുറത്തായപ്പോള്‍ 16 പന്തില്‍ 34 റണ്‍സാണ് ഗില്‍ അടിച്ചുകൂട്ടിയത്.
അര്‍ധ സെഞ്ച്വറിക്ക് തൊട്ടരികലെത്തിയ ശേഷമായിരുന്നു പന്ത് പുറത്തായത്. സ്റ്റാര്‍ പേസര്‍ മതീശ പതിരാനയുടെ വേഗതക്ക് മുമ്പില്‍ ഉത്തരമില്ലാതിരുന്ന വിക്കറ്റ് കീപ്പര്‍ 33 പന്തില്‍ 49 റണ്‍സ് നേടി മടങ്ങി.
ശ്രീലങ്കക്കായി മതീശ പതിരാന നാല് വിക്കറ്റ് വീഴ്ത്തി. വാനിന്ദു ഹസരങ്ക, അസിത ഫെര്‍ണാണ്ടോ, ദില്‍ഷന്‍ മധുശങ്ക എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
ഇന്ത്യ പ്ലെയിങ് ഇലവന്‍
ശുഭ്മന്‍ ഗില്‍, യശസ്വി ജെയ്‌സ്വാള്‍, റിഷബ് പന്ത്, സൂര്യകുമാര്‍ യാദവ്, റിയാന്‍ പരാഗ്, റിങ്കു സിങ്, ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.
ശ്രീലങ്ക പ്ലെയിങ് ഇലവന്‍
പാതും നിസങ്ക, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), കുശാല്‍ പെരേര, ചരിത് അസലങ്ക (ക്യാപ്റ്റന്‍), വാനിന്ദു ഹസരങ്ക, ദാസുന്‍ ഷണക, മഹീഷ് തീക്ഷണ, മതീശ പതിരാന, അസിത ഫെര്‍ണാണ്ടോ, ദില്‍ഷന്‍ മധുശങ്ക.
Content Highlight: Suryakumar Yadav scored half century in his captaincy debut