ഇന്ത്യ-ശ്രീലങ്ക പരമ്പരയിലെ സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ വെടിക്കെട്ടുമായി ഇന്ത്യന്‍ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവ്. 2023ലെ ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യ സെഞ്ച്വറി നേടിക്കൊണ്ടാണ് സ്‌കൈ തരംഗമായത്.
45 പന്തില്‍ നിന്നുമാണ് സൂര്യകുമാര്‍ സെഞ്ച്വറി നേടിയത്. ഒരു മത്സരത്തില്‍ കാലിടറിയപ്പോള്‍ തനിക്ക് നേരെ ചൂണ്ടിയ വിരലുകള്‍ക്കുള്ള മറുപടിയെന്നോണമായിരുന്നു താരത്തിന്റെ പ്രകടനം.
സൂര്യകുമാറിന് പുറമെ രാഹുല്‍ ത്രിപാഠിയും ശുഭ്മന്‍ ഗില്ലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അരങ്ങേറ്റം നടത്തിയ ത്രിപാഠിക്ക് എന്നാല്‍ ആ കളിയില്‍ ബാറ്റിങ്ങില്‍ കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ നിര്‍ണായകമായ സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ ആ കളങ്കം താരം മാറ്റിയെടുത്തിരിക്കുകയാണ്.
പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 16 പന്തില്‍ നിന്നും 35 റണ്‍സാണ് താരം സ്വന്തമാക്കിയത്. അഞ്ച് ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു ത്രിപാഠിയുടെ കലക്കന്‍ ഇന്നിങ്‌സ്. 218.75 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം റണ്ണടിച്ചുകൂട്ടിയത്.
ഒടുവില്‍ ചമീക കരുണരത്‌നെയുടെ പന്തില്‍ ദില്‍ഷന്‍ മധുശങ്കക്ക് ക്യാച്ച് നല്‍കിയായിരുന്നു ത്രിപാഠിയുടെ മടക്കം.
ത്രിപാഠിക്കൊപ്പം ശുഭ്മന്‍ ഗില്ലും ആരാധകരുടെ പരാതി തീര്‍ത്തിരുന്നു. ആദ്യ രണ്ട് മത്സരത്തിലും സമ്പൂര്‍ണ പരാജയമായ ഗില്ലും തകര്‍ത്തടിച്ചു. 36 പന്തില്‍ നിന്നും രണ്ട് ബൗണ്ടറിയും മൂന്ന് സിക്‌സറുമുള്‍പ്പെടെ 46 റണ്‍സാണ് താരം സ്വന്തമാക്കിയത്.
നിലവില്‍ 19 ഓവര്‍ പിന്നിടുമ്പോള്‍ 216 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. ഈ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാന്‍ സാധിക്കും. 2023ലെ ആദ്യ പരമ്പര വിജയം തന്നെയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
Content Highlight: Suryakumar Yadav score century against Sri Lanka