ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ടി-20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. എതിരാളികളെ ഒറ്റ മത്സരത്തില്‍ പോലും വിജയിക്കാന്‍ അനുവദിക്കാതെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ക്ലീന്‍ സ്വീപ് ചെയ്താണ് ഇന്ത്യ സ്വന്തമാക്കിയത്.
മത്സരവും പരമ്പരയും വിജയച്ചതിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തനിക്ക് ഒരു ക്യാപ്റ്റനാകാന്‍ താത്പര്യമില്ലെന്നും ഒരു ലീഡറാകാനാണ് ശ്രമിക്കുന്നതെന്നുമാണ് സ്‌കൈ പറഞ്ഞത്. പോസ്റ്റ് മാച്ച് പ്രസന്റേഷനില്‍ സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ നായകന്‍.
‘ഞാന്‍ മുമ്പ് പറഞ്ഞതുപോലെ, എനിക്ക് ക്യാപ്റ്റനാകാന്‍ താത്പര്യമില്ല, ഒരു ലീഡറാകാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്,’ സ്‌കൈ പറഞ്ഞു.
‘അവരുടെ (ഇന്ത്യന്‍ ടീമിന്റെ) കഴിവും ആത്മവിശ്വാസവും എന്റെ ജോലി ഏറെ എളുപ്പമുള്ളതാക്കുന്നു. കഴിഞ്ഞ മത്സരത്തിന് ശേഷം ചില താരങ്ങള്‍ പുറത്തിരിക്കേണ്ടി വരുമെന്ന് ഞാന്‍ ടീമിനോട് പറഞ്ഞിരുന്നു. അവര്‍ പുറത്തിരിക്കാനും തയ്യാറായിരുന്നു.
അവര്‍ എന്റെ ജോലി എളുപ്പമുള്ളതാക്കി. ഞാന്‍ ബാറ്റ് ചെയ്യുമ്പോള്‍ വളരെ കുറച്ച് സമ്മര്‍ദം മാത്രമേ എനിക്ക് ഉണ്ടാകാറുള്ളൂ,’ സ്‌കൈ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം നടന്ന മത്സരം സൂപ്പര്‍ ഓവറിലാണ് ഇന്ത്യ വിജയിച്ചുകയറിയത്. ഇന്ത്യ ഉയര്‍ത്തിയ 138 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കക്കും നിശ്ചിത ഓവറില്‍ 137 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്.
അവസാന രണ്ട് ഓവര്‍ പന്തെറിഞ്ഞ റിങ്കു സിങ്ങും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമാണ് ശ്രീലങ്കയുടെ കയ്യിലുണ്ടായിരുന്ന മത്സരം തട്ടിപ്പറിച്ച് സൂപ്പര്‍ ഓവറിലെത്തിച്ചത്.
സൂപ്പര്‍ ഓവര്‍ എറിയാനായി സൂര്യകുമാര്‍ പന്തേല്‍പ്പിച്ചത് വാഷിങ്ടണ്‍ സുന്ദറിനെയാണ്. സൂപ്പര്‍ ഓവറിലെ ആദ്യ പന്ത് വൈഡായി. രണ്ടാം പന്തില്‍ സിംഗിള്‍ നേടിയ കുശാല്‍ മെന്‍ഡിസ് സ്‌ട്രൈക്ക് മറുവശത്തുള്ള കുശാല്‍ പെരേരക്ക് നല്‍കി.
രണ്ടാം പന്തില്‍ കുശാല്‍ പെരേരയെ രവി ബിഷ്‌ണോയ്‌യുടെ കൈകളിലെത്തിച്ച് മടക്കിയ സുന്ദര്‍ തൊട്ടടുത്ത പന്തില്‍ പാതും നിസങ്കയെ റിങ്കു സിങ്ങിന്റെ കൈകളിലെത്തിച്ചും പുറത്താക്കി.
മൂന്ന് റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ ആദ്യ പന്തില്‍ തന്നെ വിജയിച്ചുകയറുകയായിരുന്നു.
അതേസമയം, ടി-20 പരമ്പരക്ക് പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാണ് ഇന്ത്യക്ക് ഇനി ലങ്കയില്‍ കളിക്കാനുള്ളത്. ഓഗസ്റ്റ് രണ്ടിന് ആരംഭിക്കുന്ന പരമ്പരക്ക് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയമാണ് വേദിയാകുന്നത്.
ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം, ഏകദിന പരമ്പര
ആദ്യ മത്സരം: ഓഗസ്റ്റ് 2, വെള്ളി – ആര്‍. പ്രേമദാസ സ്റ്റേഡിയം, കൊളംബോ.
രണ്ടാം മത്സരം: ഓഗസ്റ്റ് 4, ഞായര്‍ – ആര്‍. പ്രേമദാസ സ്റ്റേഡിയം, കൊളംബോ.
അവസാന മത്സരം: ഓഗസ്റ്റ് 7, ബുധന്‍ – ആര്‍. പ്രേമദാസ സ്റ്റേഡിയം, കൊളംബോ.
ഇന്ത്യ സ്‌ക്വാഡ്
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, ശിവം ദുബെ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, റിയാന്‍ പരാഗ്, അക്സര്‍ പട്ടേല്‍, ഖലീല്‍ അഹമ്മദ്, ഹര്‍ഷിത് റാണ.
ശ്രീലങ്ക സ്‌ക്വാഡ്
ചരിത് അസലങ്ക (ക്യാപ്റ്റന്‍), പാതും നിസങ്ക, അവിഷ്‌ക ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡിസ്, സധീര സമരവിക്രമ, കാമിന്ദു മെന്‍ഡിസ്, ജനിത് ലിയനാഗെ, നിഷന്‍ മധുഷ്‌ക, വാനിന്ദു ഹസരങ്ക, ദുനിത് വെല്ലാലാഗെ, ചമീക കരുണരത്നെ, മഹീഷ് തീക്ഷണ, അഖില ധനഞ്ജയ, ദില്‍ഷന്‍ മധുശങ്ക, മതീശ പതിരാന, അസിത ഫെര്‍ണാണ്ടോ
Content highlight: Suryakumar Yadav says “I don’t want to be the captain, I want to be a leader”