ഇന്ത്യ – ന്യൂസിലാന്‍ഡ് രണ്ടാം ടി-20യിലെ താരം ഇന്ത്യയുടെ ടി-20 സ്‌പെഷ്യലിസ്റ്റ് സൂര്യകുമാര്‍ യാദവായിരുന്നു. 51 പന്തില്‍ നിന്നും 217.65 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം റണ്‍സ് നേടിയത്.
ഇപ്പോഴിതാ, തനിക്ക് ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഭാഗമാകണമെന്ന് പറഞ്ഞിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്. ന്യൂസിലാന്‍ഡിനെതിരായ മത്സര വിജയത്തിന് പിന്നാലെയാണ് താരം ഇക്കാര്യം പറയുന്നത്.
ടെസ്റ്റ് ടീമിലേക്കുള്ള വിളി ഉടനെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നേരത്തെ മുംബൈയിലടക്കം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിച്ച പരിചയം തനിക്ക് ഗുണമാകുമെന്നും താരം പറഞ്ഞു.
‘ആ സമയം അടുത്ത് വരികയാണ്. ഇന്ത്യയില്‍ റെഡ് ബോളിലൂടെയാണ് ക്രിക്കറ്റ് തുടങ്ങുന്നത്. ഞാന്‍ റെഡ് ബോള്‍ ഫോര്‍മാറ്റ് ഏറെ ഇഷ്ടപ്പെടുന്നു.
ഞാന്‍ മുംബൈയിലായിരിക്കുമ്പോള്‍ നിരവധി ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. എനിക്ക് ടെസ്റ്റ് മത്സരങ്ങളെ കുറിച്ച് ചില ധാരണയുണ്ട്. ടെസ്റ്റ് ക്യാപ് ഉടന്‍ തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്,’ താരം പറയുന്നു.
അതേസമയം, രണ്ടാം മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. നേരത്തെ ടോസ് നേടിയ ന്യൂസിലാന്‍ഡ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സായിരുന്നു നേടിയത്.
192 റണ്‍സ് വിജയലക്ഷ്യമാക്കിയിറങ്ങിയ കിവീസിന് തുടക്കത്തിലേ പിഴച്ചിരുന്നു. ആദ്യ ഓവറില്‍ തന്നെ ഫിന്‍ അലന്‍ പൂജ്യത്തിന് പുറത്തായിരുന്നു. ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ അര്‍ഷ്ദീപ് സിങ്ങിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.
കിവീസിനായി ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ 52 പന്തില്‍ നിന്നും 61 റണ്‍സ് നേടിയിരുന്നു. എന്നാല്‍ താരത്തിന് പിന്തുണ നല്‍കാന്‍ ആരുമില്ലാതെ പോയതോടെ ന്യൂസിലാന്‍ഡ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. 18.5 ഓവറില്‍ 126 റണ്‍സിന് ന്യൂസിലാന്‍ഡ് ഓള്‍ ഔട്ടായി.
രണ്ടാം മത്സരത്തിലെ വിജയത്തിന് പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് മുമ്പിലെത്താനും ഇന്ത്യക്ക് സാധിച്ചു. നവംബര്‍ 22നാണ് ഇന്ത്യയുടെ അടുത്ത മത്സരം. മക്ലെറന്‍ പാര്‍ക്കാണ് വേദി.
Content Highlight: Suryakumar Yadav says he is waiting for test cap