| Sunday, 22nd October 2023, 11:48 pm

എടുത്തത് ആകെ രണ്ട് റണ്‍സാണെങ്കിലും ജയത്തില്‍ സൂര്യയുടെ പങ്ക് ഏറെ വലുത്

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ വിജയിച്ചാണ് ഇന്ത്യ തങ്ങളുടെ അപരാജിത കുതിപ്പ് തുടരുന്നത്. 2003 ലോകകപ്പിന് ശേഷം ഒരു ഐ.സി.സി ഇവന്റില്‍ ഇതാദ്യമായാണ് ഇന്ത്യ ന്യൂസിലാന്‍ഡിനെതിരെ വിജയിക്കുന്നത്.

ബൗളിങ്ങില്‍ മുഹമ്മദ് ഷമിയും ബാറ്റിങ്ങില്‍ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും അടക്കമുള്ളവര്‍ തകര്‍ത്തടിച്ചപ്പോള്‍ വിജയം ഇന്ത്യക്കൊപ്പം നിന്നു.

104 പന്തില്‍ നിന്നും വിരാട് നേടിയ 95 റണ്‍ഡസാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. രോഹിത് ശര്‍മയുടെ വെടിക്കെട്ട് തുടക്കവും രവീന്ദ്ര ജഡേജ, ശ്രേയസ് അയ്യര്‍ എന്നിവരുടെ ചെറുത്ത് നില്‍പും മെന്‍ ഇന്‍ ബ്ലൂവിന് തുണയായി.

മത്സരത്തിലെ പ്രധാനപ്പെട്ട മൊമെന്റുകളിലന്നായിരുന്നു സൂര്യകുമാര്‍ യാദവിന്റെ റണ്‍ ഔട്ട്. 33ാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു സൂര്യ പുറത്തായത്.

ലെഫ്റ്റ് കവറിലേക്ക് തട്ടിയിട്ട് ഒരു ക്വിക് സിംഗിളിനായിരുന്നു സൂര്യയുടെ ശ്രമം. എന്നാല്‍ അത് പൂര്‍ണമായും പാളി. കിവീസ് താരങ്ങളുടെ ടീം വര്‍ക്കില്‍ സൂര്യ പുറത്താവുകയായിരുന്നു. നാല് പന്തില്‍ രണ്ട് റണ്‍സായിരുന്നു സൂര്യയുടെ സമ്പാദ്യം.

സിംഗിളെടുക്കാനോടിയ സൂര്യ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡ് വരെ ഓടിയെത്തിയിരുന്നു. മറുവശത്ത് നിന്ന് കോഹ്‌ലിയും സിംഗിള്‍ ഇനിഷ്യേറ്റ് ചെയ്തിരുന്നു. എന്നാല്‍ ബോള്‍ട്ട് ഡൈവ് ചെയ്ത് പന്ത് കൈപ്പിടിയിലൊതുക്കിയത് കണ്ട വിരാട് ക്രീസിലേക്ക് തിരികെ കയറുകയായിരുന്നു.

എന്നാല്‍ ക്രീസിലേക്ക് കയറാന്‍ ശ്രമിക്കാതെ സ്‌കൈ തിരിഞ്ഞോടുകയായിരുന്നു. താന്‍ റണ്‍ ഔട്ടായി എന്ന പൂര്‍ണ ബോധ്യത്തോടെയാണ് സൂര്യ തിരികെയോടിയത്. സൂര്യയുടെ സൂയിസൈഡല്‍ റണ്‍ ഔട്ടിന് പിന്നാലെയാണ് ജഡേജ ക്രീസിലെത്തിയും ഇന്ത്യയുടെ വിജയത്തിന് അടിത്തറയിട്ട കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതും.

2023 ലോകകപ്പില്‍ സൂര്യകുമാറിന്റെ ആദ്യ മത്സരമാണിത്, ലോകകപ്പ്ക രിയറിലെ ആദ്യ 50 ഓവര്‍ മത്സരവും. ഈ മത്സരത്തില്‍ താരം ഇങ്ങനെ പുറത്തായതില്‍ ആരാധകര്‍ ഏറെ നിരാശരാണ്. എന്നാല്‍ വിരാടിന് വേണ്ടി വിക്കറ്റ് ത്യജിക്കുകായിരുന്നു എന്ന ആശ്വാസമാണ് ആരാധകര്‍ക്കുള്ളത്.

അതേസമയം, ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് ഇന്ത്യ. അഞ്ച് മത്സരത്തില്‍ നിന്നും പത്ത് പോയിന്റാണ് ഇന്ത്യക്കുള്ളത്.

ഒക്ടോബര്‍ 29നാണ് ഇന്ത്യയുടെ അടുത്ത മത്സരം. ലഖ്‌നൗവിലെ എകാന സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ടാണ് എതിരാളികള്‍.

Content highlight: Suryakumar Yadav’s run out in India vs New Zealand match

We use cookies to give you the best possible experience. Learn more