ഇന്ത്യ – ഇംഗ്ലണ്ട് ടി-20 പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരം കഴിഞ്ഞ ദിവസം ട്രെന്റ് ബ്രിഡ്ജില്‍ വെച്ചായിരുന്നു നടന്നത്. രണ്ട് മത്സരങ്ങളില്‍ ഉറങ്ങിക്കിടന്ന ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ സടകുടഞ്ഞെഴുന്നേറ്റ മത്സരം കൂടിയായരുന്നു അത്.
പടനിലത്തില്‍ അമ്പുകൊള്ളാത്തവരായി ആരുമില്ലെന്ന് പറഞ്ഞതുപോലെയായിരുന്നു ഇന്ത്യന്‍ ബൗളര്‍മാരുടെ അവസ്ഥ. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ മുതല്‍ യുവതാരങ്ങളായ ആവേശ് ഖാനും ഉമ്രാന്‍ മാലിക്കുമടക്കം എല്ലാവരും തല്ലുവാങ്ങിയിരുന്നു.
ഡേവിഡ് മലനും ലിയാം ലിവിങ്‌സ്റ്റണുമായിരുന്നു ഇന്ത്യന്‍ ബൗളര്‍മാരെ തല്ലിയൊതുക്കിയത്. ഇരുവരുടേയും വന്യമായ ബാറ്റിങ്ങിനൊപ്പം മറ്റു ബാറ്റര്‍മാരും കൃത്യമായി പിന്തുണ നല്‍കിയപ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ 215ലെത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. രണ്ടാം മത്സരത്തില്‍ സ്‌കോറിങ്ങിന് അടിത്തറയിട്ട ഓപ്പണര്‍മാര്‍ തന്നെ പരാജയപ്പെട്ടപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് ഇഴഞ്ഞു.
എന്നാല്‍ നാലാമനായി സൂര്യകുമാര്‍ യാദവ് ക്രീസിലെത്തിയതോടെ കളിയൊന്നാകെ മാറി. ‘വണ്‍ മാന്‍ റെക്കിങ് മെഷീന്‍’ എന്ന രീതിയിലായിരുന്നു താരത്തിന്റെ ബാറ്റിങ്. കണ്ണില്‍ കണ്ട ബൗളര്‍മാരെയൊന്നാകെ കണക്കില്ലാതെ തല്ലി.
55 പന്തില്‍ നിന്നും 117 റണ്‍സെടുത്ത സൂര്യകുമാറിന് ഇന്ത്യയെ മത്സരം ജയിപ്പിക്കാന്‍ സാധിച്ചില്ലെങ്കിലും വമ്പന്‍ നാണക്കേടില്‍ നിന്നും കരകയറ്റാന്‍ സാധിച്ചു.
ഇന്ത്യ നേടിയ 198 റണ്‍സില്‍ 117ഉം പിറന്നത് സൂര്യകുമാറിന്റെ ബാറ്റില്‍ നിന്നുതന്നെയായിരുന്നു. എണ്ണം പറഞ്ഞ ഷോട്ടുകളുമായി സ്‌കൈ ട്രെന്റ് ബ്രിഡ്ജ് അടക്കി ഭരിക്കുകയായിരുന്നു.
താരത്തിന്റെ അത്തരത്തിലൊരു ഷോട്ടാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ വണ്ടര്‍ ബോയ് ആയ റിച്ചാര്‍ഡ് ഗ്ലീസനെ തന്നെയായിരുന്നു സൂര്യകുമാര്‍ സിക്‌സറിന് തൂക്കിയത്.
താരത്തിന്റെ ഷോട്ട് കണ്ട സ്‌റ്റേഡിയത്തിലുള്ള എല്ലാവരും തന്നെ ഒരു നിമിഷം അമ്പരന്നിരിക്കണം. കാരണം അജ്ജാതി ഒരു ഷോട്ടായിരുന്നു അത്.
സൂര്യകുമാറിന്റെ മാജിക്കല്‍ ഷോട്ടിന്റെ വീഡിയോ ഇംഗ്ലണ്ട് ക്രിക്കറ്റ് തങ്ങളുടെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ചിട്ടുണ്ട്. ‘ആന്‍ എക്‌സ്ട്രാ ഓര്‍ഡനറി ഷോട്ട്’ എന്നായിരുന്നു ഇ.സി.ബി താരത്തിന്റെ ഷോട്ടിനെ വിശേഷിപ്പിച്ചത്.
വരാനിരിക്കുന്ന മത്സരങ്ങളിലും താരം ഇന്ത്യയ്ക്കായി ഇതേ പ്രകടനം കാഴ്ചവെക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഈ വര്‍ഷം നടക്കുന്ന ടി-20 ലോകകപ്പിലും ഇന്ത്യയെ താങ്ങിനിര്‍ത്തുന്ന കൈകളിലൊന്ന് സൂര്യകുമാറിന്റേത് തന്നെയാകുമെന്നുറപ്പാണ്.
Content highlight: Suryakumar Yadav’s Magical Shot in India Vs England 3rd T20