ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ മൂന്നാം ടി-20യില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റിങ്ങിനിറങ്ങിയിരിക്കുകയാണ്. പരമ്പര നേടാന്‍ സാധിക്കില്ലെന്ന് ഇതിനോടകം തന്നെ ഉറപ്പായ ഇന്ത്യയെ സംബന്ധിച്ച് പരമ്പര സമനിലയിലാക്കാന്‍ വിജയം അനിവാര്യമാണ്.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം മഴയെടുക്കുകയും രണ്ടാം മത്സരത്തില്‍ സൗത്ത് ആഫ്രിക്ക വിജയിക്കുകയും ചെയ്തതോടെയാണ് ഇന്ത്യക്ക് വാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തിലെ മൂന്നാം മത്സരം നിര്‍ണായകമായത്.
ഒരുപക്ഷേ മോശം കാലാവസ്ഥ മൂലം മത്സരം ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായാല്‍ പോലും ഇന്ത്യക്ക് തിരിച്ചടിയാണ്. മികച്ച പ്രകടനത്തിനൊപ്പം കാലാവസ്ഥയും തുണച്ചാല്‍ മാത്രമേ ഇന്ത്യക്ക് പരമ്പര സമനിലയിലെത്തിക്കാന്‍ സാധിക്കൂ.
അത്ര കണ്ട് മികച്ച തുടക്കമായിരുന്നില്ല ഇന്ത്യക്ക് ലഭിച്ചത്. ശുഭ്മന്‍ ഗില്‍ ആറ് പന്തില്‍ 12 റണ്‍സ് നേടി പുറത്തായപ്പോള്‍ ഗോള്‍ഡന്‍ ഡക്കായാണ് തിലക് വര്‍മ പുറത്തായത്. മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ കേശവ് മഹരാജ് ഗില്ലിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കി പറഞ്ഞയച്ചപ്പോള്‍ തൊട്ടടുത്ത പന്തില്‍ ഏയ്ഡന്‍ മര്‍ക്രമിന് ക്യാച്ച് നല്‍കിയായിരുന്നു തിലക് വര്‍മ പുറത്തായത്.
എന്നാല്‍ നാലാം നമ്പറില്‍ ക്രീസിലെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഇന്നിങ്‌സിന് വേഗം കൂട്ടി. തുടക്കത്തില്‍ പതിഞ്ഞ് തുടങ്ങിയ സൂര്യ തുടര്‍ന്നങ്ങോട്ട് തകര്‍ത്തടിച്ചു. ജെയ്‌സ്വാളും മികച്ച പിന്തുണ നല്‍കിയതോടെ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു.
ക്രീസിലെത്തിയ ആദ്യ നിമിഷങ്ങളില്‍ താളം കണ്ടെത്താന്‍ പാടുപെട്ട സൂര്യകുമാര്‍ തുടര്‍ന്നങ്ങോട്ട് തകര്‍ത്തടിച്ചു. ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ സിക്‌സറുകള്‍ പറത്തിയാണ് സ്‌കൈ തരംഗമായത്.
ഓവറിലെ ആദ്യ പന്ത് ഡോട്ടായപ്പോള്‍ രണ്ടാം പന്ത് ഡീപ് മിഡ് വിക്കറ്റിലൂടെ സിക്‌സറിന് പറന്നു. മൂന്നാം പന്ത് ബാക്ക് വാര്‍ഡ് പോയിന്റിലൂടെ ബൗണ്ടറി കടന്നപ്പോള്‍ ഓവറിലെ നാലാം പന്ത് സ്‌കൈ ലോങ് ഓണിലൂടെ സിക്‌സറിന് പറത്തി. ഈ സിക്‌സറോടെ അര്‍ധ സെഞ്ച്വറി തികച്ച സൂര്യ അടുത്ത പന്തിലും സിക്‌സര്‍ നേടി. ഇത്തവണ സ്‌ക്വയര്‍ ലെഗിലൂടെയായിരുന്നു താരത്തിന്റെ സിക്‌സര്‍ പറന്നിറങ്ങിയത്.
നിലവില്‍ 17 ഓവര്‍ പിന്നിടുമ്പോള്‍ 127ന് മൂന്ന് എന്ന നിലയിലാണ് ഇന്ത്യ. 50 പന്തില്‍ ആറ് ഫോറും എട്ട് സിക്‌സറും അടക്കം 90 റണ്‍സുമായി സൂര്യയും അഞ്ച് പന്തില്‍ അഞ്ച് റണ്‍സുമായി റിങ്കുവുമാണ് ക്രീസില്‍.
Content Highlight: Suryakumar Yadav’s brilliant knock against South Africa