ഏകദിന ലോകകപ്പിലെ തോല്‍വിയില്‍ മനംനൊന്ത് അദ്ദേഹം പടിയിറങ്ങാന്‍ ഒരുങ്ങിയിരുന്നു, എന്നാല്‍... വെളിപ്പെടുത്തലുമായി സൂര്യ
Sports News
ഏകദിന ലോകകപ്പിലെ തോല്‍വിയില്‍ മനംനൊന്ത് അദ്ദേഹം പടിയിറങ്ങാന്‍ ഒരുങ്ങിയിരുന്നു, എന്നാല്‍... വെളിപ്പെടുത്തലുമായി സൂര്യ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 2nd July 2024, 11:29 am

ഒരു പതിറ്റാണ്ടിലേറെയായി തുടര്‍ന്നുവന്ന കിരീടവരള്‍ച്ചയ്ക്ക് അന്ത്യമിട്ടാണ് ഇന്ത്യ 2024 ടി-20 ലോകകപ്പ് കിരീടമുയര്‍ത്തിയത്. ഇത് രണ്ടാം തവണയാണ് ഇന്ത്യ ടി-20 ലോകകപ്പില്‍ മുത്തമിടുന്നത്.

2007ലാണ് ഇന്ത്യ ആദ്യമായി കുട്ടിക്രിക്കറ്റിന്റെ രാജാക്കന്‍മാരായത്. ഇതോടെ ടി-20 ലോകകപ്പില്‍ ഒന്നിലധികം തവണ കിരീടം ചൂടുന്ന മൂന്നാമത് ടീം എന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസും ഇംഗ്ലണ്ടുമാണ് മറ്റ് രണ്ട് ടീമുകള്‍.

 

2013ലെ ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന് ശേഷം ഇന്ത്യ ഇതാദ്യമായാണ് ഒരു ഐ.സി.സി കിരീടം നേടുന്നത്. എന്നാല്‍ പല ഐ.സി.സി ടൂര്‍ണമെന്റുകളുടെ നോക്ക് ഔട്ട് ഘട്ടത്തിലും ഇന്ത്യ കാലിടറി വീണിരുന്നു. അതില്‍ ഏറ്റവും അവസാനത്തേതായിരുന്നു 2023 ഏകദിന ലോകകപ്പ്.

ഇന്ത്യ ആതിഥേയരായ ലോകകപ്പില്‍ ഓസ്‌ട്രേലിയയാണ് രോഹിത് ശര്‍മയെയും സംഘത്തെയും ഫൈനലില്‍ പരാജയപ്പെടുത്തിയത്. അതേ വര്‍ഷം ഇന്ത്യ കങ്കാരുക്കളോട് നേരിടുന്ന രണ്ടാമത് ഫൈനല്‍ തോല്‍വിയായിരുന്നു അത്. 2021-23 സൈക്കിളിലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ കിരീട പോരാട്ടത്തിലും ഓസ്‌ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു.

2023 ലോകകപ്പ് പരാജയത്തിന് പിന്നാലെ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് സ്ഥാനമൊഴിയാന്‍ തീരുമാനിച്ചിരുന്നുവെന്ന് പറയുകയാണ് സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവ്. എന്നാല്‍ രോഹിത് ശര്‍മയും ജയ് ഷായുമാണ് അദ്ദേഹത്തെ ആ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിച്ചതെന്നും സ്‌കൈ പറഞ്ഞു.

സ്‌പോര്‍ട്‌സ് എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തിലാണ് സൂര്യകുമാര്‍ യാദവ് ഇക്കാര്യം പറഞ്ഞത്.

‘അവസാനം അദ്ദേഹം രോഹിത് ശര്‍മയുടെ അടുത്തെത്തി,’നവംബറിലെ ആ ഫോണ്‍ കോളിന് ഏറെ നന്ദി എന്ന് പറഞ്ഞു,’ കാരണം 50 ഓവര്‍ ലോകകപ്പിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ അദ്ദേഹം തുടരാന്‍ താത്പര്യപ്പെട്ടിരുന്നില്ല. എന്നാല്‍ രോഹിത് ശര്‍മയും ജയ് ഷായും അദ്ദേഹത്തോട് തുടരാന്‍ ആവശ്യപ്പെടുയായിരുന്നു,’ സൂര്യകുമാര്‍ പറഞ്ഞു.

തന്റെ കരിയറില്‍ രാഹുല്‍ ദ്രാവിഡ് തന്നെ ഏറെ സംരക്ഷിച്ചിരുന്നുവെന്നും സ്‌കൈ കൂട്ടിച്ചേര്‍ത്തു.

ഈ ലോകകപ്പോടെ ദ്രാവിഡ് പരിശീലക സ്ഥാനത്ത് നിന്നും പടിയിറങ്ങുകയാണ്. കിരീടത്തോടെ തങ്ങളുടെ വന്‍മതിലിനെ യാത്രയാക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഇന്ത്യന്‍ ടീം.

2007 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസില്‍ നിന്നും നാണംകെട്ട് മടങ്ങേണ്ടി വന്ന ക്യാപ്റ്റനില്‍ നിന്നും അതേ വെസ്റ്റ് ഇന്‍ഡീസ് മണ്ണില്‍ ഇന്ത്യയെ കിരീടം ചൂടിച്ച പരിശീലകനായിട്ടാണ് ദ്രാവിഡിന്റെ പടിയിറക്കം.

 

Content highlight: Suryakumar Yadav reveals why Rahul Dravid decided to resign after 2023 ODI World Cup loss