കഴിഞ്ഞ ദിവസം നടന്ന ഐ.പി.എല്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ആറ് വിക്കറ്റുകള്‍ക്കാണ് രാജസ്ഥാന്‍ പരാജയപ്പെടുത്തിയത്. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 15.3 ഓവറില്‍ ആറ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു. ഇതോടെ മുംബൈ തുടര്‍ച്ചയായ മൂന്നാം തോല്‍വി വഴങ്ങിയിരിക്കുകയാണ്.
എന്നാല്‍ മുംബൈയെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ശസ്ത്രക്രിയയില്‍ നിന്ന് മുക്തി നേടാനാകാതെ മൂന്ന് മത്സരങ്ങള്‍ നഷ്ടമായ സൂര്യകുമാര്‍ യാദവ് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്. പുനരധിവാസ നടപടികള്‍ക്കായി അദ്ദേഹം ഇപ്പോള്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ്.
2024 ഐ.പി.എല്ലിന് മുന്നോടിയായുള്ള ഫിറ്റ്നസ് ടെസ്റ്റില്‍ അദ്ദേഹത്തിന് വിജയിക്കാനായില്ലായിരുന്നു, കൂടാതെ പുനരധിവാസം തുടരാനാണ് അക്കാദമി പറഞ്ഞത്. കണങ്കാലിന്റെ പരിക്കും സ്പോര്‍ട്സ് ഹെര്‍ണിയയ്ക്കുമായി സൂര്യ ബാക്ക്-ടു-ബാക്ക് ശസ്ത്രക്രിയകള്‍ക്ക് വിധേയനായിരുന്നു.
അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ 17-ാം സീസണില്‍ ഇപ്പോഴും വിജയിക്കാതെ ഇഴയുകയാണ്. ഈ ഘട്ടത്തില്‍ സൂര്യകുമാറിന്റെ അഭാവം ടീമില്‍ വ്യക്തമാണ്. ഈ സീസണില്‍ പോയിന്റില്ലാത്ത ഏക ടീമാണ് മുംബൈ. ഗുജറാത്ത് ടൈറ്റന്‍സിനോട് തോല്‍വിയോടെ തുടങ്ങിയ സീസണിലെ അടുത്ത രണ്ട് മത്സരങ്ങളിലും സമാനമായ തോല്‍വിയാണ് ഹര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ മുംബൈ നേരിട്ടത്.
റെവ്സ്പോര്‍ട്സ് പറയുന്നതനുസരിച്ച് ഏപ്രില്‍ 2ന് മറ്റൊരു റൗണ്ട് ഫിറ്റ്നസ് ടെസ്റ്റിന് ശേഷം എന്‍.സി.എ സൂര്യക്ക് മാച്ച് ഫിറ്റ്‌നസ് കൊടുക്കും.
ലോകത്തിലെ ഏറ്റവും മികച്ച ടി-20 ബാറ്ററാണ് സൂര്യകുമാര്‍. ഐ.സി.സി ടി-20 ഐ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണ്. സൂര്യയുടെ 360 ഡിഗ്രി ബാറ്റിങ് ശൈലി മുംബൈയെ മുന്‍കാലങ്ങളില്‍ ആവേശകരമായ വിജയങ്ങളിലേക്ക് നയിച്ചു. മുബൈയുടെ അടുത്ത മത്സരം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഏപ്രില്‍ 7ന് വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുകയാണ്. പ്രധാന പോരാട്ടത്തിന് സൂര്യ ഇറങ്ങാന്‍ സാധ്യതയുണ്ട്.
Content Highlight: Suryakumar Yadav Return In Mumbai Indians