| Wednesday, 23rd November 2022, 6:34 pm

സൂര്യനായി ജ്വലിച്ച് സൂര്യകുമാര്‍, കാതങ്ങള്‍ പിറകിലായി പാക് സൂപ്പര്‍ താരം; ആകാശത്തിന് കീഴെയുള്ള ഏത് റെക്കോഡും സ്‌കൈക്ക് സ്വന്തം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ടി-20 റാങ്കിങ്ങില്‍ മൃഗീയാധിപത്യം പുലര്‍ത്തി ഇന്ത്യന്‍ ബാറ്റിങ് സെന്‍സേഷന്‍ സൂര്യകുമാര്‍ യാദവ്. ടി-20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിക്കൊണ്ടാണ് സൂര്യകുമാര്‍ തരംഗമായത്.

ഇന്ത്യ – ന്യൂസിലാന്‍ഡ് ടി-20 പരമ്പരയില്‍ സ്വന്തമാക്കിയ സെഞ്ച്വറിയാണ് താരത്തെ ഒന്നാം സ്ഥാനത്ത് നിലനിര്‍ത്തിയത്. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് സൂര്യകുമാര്‍ ഈ നേട്ടം സ്വന്തമാക്കിയത്.

ഐ.സി.സി റാങ്കിങ്ങില്‍ 890 പോയിന്റ് നേടിയാണ് സൂര്യ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ളത് പാകിസ്ഥാന്റെ വിക്കറ്റ് കീപ്പര്‍ ബാറ്ററും ഓപ്പണറുമായ മുഹമ്മദ് റിസ്വാനാണ്. 836 റേറ്റിങ് പോയിന്റാണ് റിസ്വാനുള്ളത്.

ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ഡെവോണ്‍ കോണ്‍വേയാണ് പട്ടികയിലെ മൂന്നാമന്‍. 788 പോയിന്റാണ് കോണ്‍വേയുടെ സമ്പാദ്യം.

ഒരുകാലത്ത് പോയിന്റ് പട്ടികകളെ അടക്കിഭരിച്ചിരുന്ന ബാബര്‍ അസം പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് നിലയുറപ്പിച്ചിരിക്കുന്നത്. ടി-20 ലോകകപ്പിലടക്കമുള്ള മോശം ഫോമാണ് താരത്തിന് വിനയായത്. മൂന്നാം സ്ഥാനത്തുള്ള കോണ്‍വേയേക്കാള്‍ പത്ത് പോയിന്റ് കുറവാണ് ബാബറിനുള്ളത്.

ഏയ്ഡന്‍ മര്‍ക്രം അഞ്ചാമതും, ഡേവിഡ് മലന്‍ ആറാമതും ന്യൂസിലാന്‍ഡ് താരം ഗ്ലെന്‍ ഫിലിപ്‌സ് ഏഴാം സ്ഥാനത്തുമാണ്. റിലി റൂസോ, ആരോണ്‍ ഫിഞ്ച്, പാതും നിസങ്ക എന്നിവരാണ് ആദ്യ പത്തിലെ മറ്റ് ബാറ്റര്‍മാര്‍.

13ാം സ്ഥാനത്തുള്ള വിരാട് കോഹ്‌ലിയാണ് പട്ടികയില്‍ ഇടം നേടിയ അടുത്ത ഇന്ത്യന്‍ താരം.

ഇംഗ്ലണ്ട് സൂപ്പര്‍ താരം ഡേവിഡ് മലനാണ് ഓള്‍ ടൈം റാങ്കിങ്ങിലെ ഒന്നാമന്‍. 915 പോയിന്റോടെയാണ് താരം ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. 900 റേറ്റിങ് പോയിന്റുമായി ആരോണ്‍ ഫിഞ്ച് രണ്ടാമതും 897 പോയിന്റുമായി മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി മൂന്നാം സ്ഥാനത്തുമാണ്.

(ഐ.സി.സി റാങ്ക് പട്ടികയുടെ മുഴുവന്‍ രൂപം കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക)

ഈയിടെ അവസാനിച്ച ഇന്ത്യ – ന്യൂസിലാന്‍ഡ് ടി-20 പരമ്പരയിലെ മികച്ച പ്രകടനമാണ് സൂര്യകുമാര്‍ യാദവിന് തുണയായത്. രണ്ടാം മത്സരത്തില്‍ 51 പന്തില്‍ നിന്നും 111 റണ്‍സ് നേടിയാണ് താരം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.

ഇന്ത്യ – ന്യൂസിലാന്‍ഡ് ഏകദിന പരമ്പരയാണ് സൂര്യകുമാര്‍ യാദവിന് മുമ്പില്‍ ഇനിയുള്ളത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം നവംബര്‍ 25നാണ് .

Content highlight: Suryakumar Yadav retains number one spot in ICC T20 ranking

Latest Stories

We use cookies to give you the best possible experience. Learn more