| Wednesday, 22nd March 2023, 9:37 pm

ഇത്തവണ സ്റ്റാര്‍ക്കിനെ തൊടന്‍ സമ്മതിച്ചില്ല; നാണക്കേടിന്റെ 'താറാവ് കറിയുമായി' സൂര്യകുമാര്‍ എയറില്‍

സ്പോര്‍ട്സ് ഡെസ്‌ക്

കളിക്കുന്ന സ്‌റ്റേഡിയം മാത്രമേ മാറുന്നുള്ളൂ, ഏകദിന ഫോര്‍മാറ്റില്‍ തന്റെ കളി ഒരിക്കലും മാറാന്‍ പോകുന്നില്ല എന്ന് പ്രഖ്യാപിക്കുന്ന തരത്തിലായിരുന്നു ചെപ്പോക്കില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിന്റെ പ്രകടനം.

ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ രണ്ട് മത്സരത്തിലും ഗോള്‍ഡന്‍ ഡക്കായ സൂര്യകുമാര്‍ മൂന്നാം ഏകദിനത്തിലും പതിവ് തെറ്റിച്ചില്ല. നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി താരം തന്റെ സ്ഥിരത ഒരിക്കല്‍ക്കൂടി വ്യക്തമാക്കി.

ആദ്യ രണ്ട് മത്സരത്തിലും മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയായിരുന്നു താരത്തിന്റെ മടക്കമെങ്കില്‍ ഇത്തവണ തന്നെ പുറത്താക്കാനുള്ള സൗഭാഗ്യം സ്‌കൈ ആഷ്ടണ്‍ അഗറിന് വെച്ചുനീട്ടുകയായിരുന്നു.

36ാം ഓവറിലെ ആദ്യ പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ച വിരാട് കോഹ്‌ലി പുറത്തായതിന് പിന്നാലെയാണ് സൂര്യകുമാര്‍ ക്രിസീലെത്തിയത്.

ക്രീസിലെത്തിയപാടെ ഒന്നും നോക്കാതെ നേരിട്ട ആദ്യ പന്തില്‍ തന്നെ ഔട്ടായി വിരാടിനേക്കാള്‍ മുമ്പേ സൂര്യകുമാര്‍ യാദവ് പവലിയനിലേക്ക് ഓടിയെത്തി.

ആദ്യ രണ്ട് മത്സരത്തിലും വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് പുറത്തായതെങ്കില്‍ ഇത്തവണ ക്ലീന്‍ ബൗള്‍ഡായി വ്യത്യസ്തത പുലര്‍ത്തിയാണ് താരം തിരിച്ചുനടന്നത്.

ആദ്യ രണ്ട് മത്സരത്തിലും അമ്പേ പരാജയമായ സൂര്യകുമാറിന്റെ തിരിച്ചുവരവ് കാത്തിരുന്ന ആരാധകരുടെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തിയായിരുന്നു സ്‌കൈ ഒരിക്കല്‍ക്കൂടി ഗോള്‍ഡന്‍ ഡക്കായി മടങ്ങിയത്.

അതേസമയം, 270 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ ശ്രദ്ധാപൂര്‍വം ബാറ്റ് വീശുകയാണ്. 42 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സാണ് ഇന്ത്യ നേടിയിരിക്കുന്നത്. 39 റണ്‍സ് നേടിയ ഹര്‍ദിക് പാണ്ഡ്യയും 14 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയുമാണ് ഇന്ത്യക്കായി ക്രീസില്‍.

Content Highlight: Suryakumar Yadav Registers yet another golden duck

We use cookies to give you the best possible experience. Learn more