| Friday, 21st June 2024, 12:34 pm

അഫ്ഗാനെതിരെ കത്തിജ്വലിച്ച് സൂര്യന്‍; അടിച്ചുകയറിയത് കോഹ്‌ലിയുടെ റെക്കോഡിനൊപ്പം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ടി-20 ലോകകപ്പിലെ സൂപ്പര്‍ 8ല്‍ അഫ്ഗാനിസ്ഥാനെ 47 പരാജയപ്പെടുത്തി ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ 134 റണ്‍സിന് പുറത്താവുകയായിരുന്നു.

28 പന്തില്‍ 53 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ത്യ ജയിച്ചുകയറിയത്. അഞ്ച് ഫോറുകളും മൂന്ന് സിക്സുമാണ് സൂര്യയുടെ ബാറ്റില്‍ നിന്നും പിറന്നത്. മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കാനും സൂര്യകുമാറിന് സാധിച്ചു. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് സ്‌കൈ സ്വന്തമാക്കിയത്. ഇന്ത്യക്കായി ടി-20യില്‍ ഏറ്റവും കൂടുതല്‍ തവണ പ്ലയെര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടുന്ന താരമെന്ന വിരാട് കോഹ്‌ലിയുടെ റെക്കോഡിനൊപ്പമെത്താനാണ് സൂര്യക്ക് സാധിച്ചത്. 15 തവണയാണ് കോഹ്ലിയും സൂര്യയും ഈ നേട്ടം സ്വന്തമാക്കിയത്.

അതേസമയം ഇന്ത്യന്‍ ബൗളിങ്ങില്‍ അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ എന്നിവര്‍ മൂന്നു വിക്കറ്റും കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും അക്സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റുംവീഴ്ത്തി മികച്ച പ്രകടനം നടത്തി. നാളെ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ സൂപ്പര്‍ 8ലെ അടുത്ത മത്സരം.

Content Highlight: Suryakumar Yadav Reached Virat Kohli Record in T20

We use cookies to give you the best possible experience. Learn more