ട്രോളുകൾ ഒന്നും കാര്യമാക്കുന്നില്ല, അവൻ ഇന്ത്യയുടെ എക്സ് ഫാക്ടറാണ്: സൂര്യകുമാർ യാദവ്
Cricket
ട്രോളുകൾ ഒന്നും കാര്യമാക്കുന്നില്ല, അവൻ ഇന്ത്യയുടെ എക്സ് ഫാക്ടറാണ്: സൂര്യകുമാർ യാദവ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 27th July 2024, 1:00 pm

ശ്രീലങ്കക്കെതിരെയുള്ള മൂന്ന് വീതം ടി-20, ഏകദിന പരമ്പരയ്ക്ക് ഇന്ന് ആരംഭം കുറിക്കുകയാണ്. ടി-20 ലോകകപ്പിന് പിന്നാലെ ടി-20 ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച രോഹിത് ശര്‍മയ്ക്ക് പകരം സൂര്യകുമാര്‍ യാദവിന്റെ കീഴിലാണ് ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരെ കളത്തില്‍ ഇറങ്ങുന്നത്.

പല്ലേക്കെലെ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിനു മുന്നോടിയായി യുവതാരം അറിയാന്‍ പരാഗിനെ പ്രശംസിച്ചുകൊണ്ട് സംസാരിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. പരാഗ് ഇന്ത്യന്‍ ടീമിന്റെ എക്‌സ് ഫാക്ടര്‍ ആണെന്നാണ് സൂര്യകുമാര്‍ പറഞ്ഞത്. മത്സരത്തിനു മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ നായകന്‍.

‘ട്രോളുകള്‍ എന്നത് എല്ലാ കായിക ഇനത്തിന്റെയും ഭാഗമാണിത്. അതിനെ എങ്ങനെയാണ് ഒരു താരം കൈകാര്യം ചെയ്യുക എന്നതാണ് പ്രധാനം. റിയാന്‍ പരാഗിനെ ഇപ്പോഴും മികച്ച രീതിയിലെ ഞാന്‍ കണ്ടിട്ടുള്ളൂ. ഐ.പി.എല്ലിന് മുന്നോടിയായി ഞാന്‍ എന്‍.സി.എയില്‍ വെച്ച് കണ്ടപ്പോള്‍ അവനോട് പറഞ്ഞിരുന്നു. അവന്‍ മറ്റു കാര്യങ്ങളെല്ലാം മാറ്റിവച്ച് ഇതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. കഴിഞ്ഞ രണ്ടു വര്‍ഷമായി അവന്‍ വളരെ വ്യത്യസ്തനായ ഒരു താരമാണ്. അതുകൊണ്ടുതന്നെ അവന്‍ ടീമില്‍ ഉള്ളത് വളരെയധികം സന്തോഷം നല്‍കുന്നു,’ സൂര്യകുമാര്‍ യാദവ് പറഞ്ഞു.

ലോകകപ്പിന് ശേഷം നടന്ന സിംബാബ്‌വേക്കെതിരെയുള്ള ടി-20 പരമ്പരയില്‍ ആയിരുന്നു പരാഗ് അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ ഈ പരമ്പരയില്‍ കാര്യമായ പ്രകടനങ്ങള്‍ നടത്താന്‍ പരാഗിന് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ശ്രീലങ്കയ്‌ക്കെതിരെയുള്ള പരമ്പരയില്‍ ലഭിക്കുന്ന അവസരം കൃത്യമായി വിനിയോഗിക്കാന്‍ താരത്തിന് സാധിക്കുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

2024 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം തകര്‍പ്പന്‍ പ്രകടനമായിരുന്നു പരാഗ് നടത്തിയിരുന്നത്. 15 ഇന്നിങ്സുകളില്‍ നിന്നും നാല് അര്‍ധസെഞ്ച്വറികള്‍ ഉള്‍പ്പെടെ 573 റണ്‍സായിരുന്നു പരാഗ് അടിച്ചെടുത്തത്. 149.22 സ്ട്രൈക്ക് റേറ്റിലും 52.09 ആവറേജിലും ആണ് താരം ബാറ്റ് വീശിയത്.

 

Content Highlight: Suryakumar Yadav Praises Riyan Parag