2023 ഏകദിന ലോകകപ്പിന് ശേഷം ഓസ്‌ട്രേലിയക്ക് എതിരായ ടി-ട്വന്റി മത്സരത്തില്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ ഇന്ത്യ പരമ്പര സ്വന്തമാക്കി മികച്ച തിരിച്ചുവരവാണ് നടത്തിയത്. ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും മിന്നും ഫോമാണ് സൂര്യകുമാര്‍ യാദവ് കാഴ്ച വെച്ചത്. അഞ്ച് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ നാല് മത്സരങ്ങളും ഇന്ത്യ സ്വന്തമാക്കിയിരുന്നു. പരമ്പരയില്‍ 144 റണ്‍സ് ആണ് താരം അടിച്ചെടുത്തത്.
ശേഷം സൗത്ത് ആഫ്രിക്കെതിരെയുള്ള മൂന്ന് ടി-ട്വന്റി മത്സരത്തിലും സൂര്യകുമാര്‍ തന്നെയായിരുന്നു നായകനായി എത്തിയത്. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം നഷ്ടപ്പെട്ടപ്പോള്‍ രണ്ടാം മത്സരം പ്രോട്ടിയാസ് വിജയിച്ചു. പരമ്പരയിലെ നിര്‍ണായകമായ അവസാന മത്സരത്തില്‍ ഇന്ത്യയും വിജയിച്ചു.
ഇനി 2024ലെ ടി-ട്വന്റി ലോകകപ്പിന് മുന്നോടിയായി അഫ്ഗാനിസ്ഥാനുമായുള്ള മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന ടി-ട്വന്റി പരമ്പര മാത്രമാണ് ഇന്ത്യക്ക് ഉള്ളത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ടി-ട്വന്റി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് അഫ്ഗാനിസ്ഥാനുമായുള്ള മത്സരം നഷ്ടമാകും എന്നാണ് അറിയാന്‍ കഴിയുന്നത്. സൂര്യ കുമാറിന്റെ കണങ്കാലിന് ഗ്രേഡ് ടു പരിക്ക് പറ്റിയതിനാല്‍ പൂര്‍ണ്ണമായും പരമ്പര നഷ്ടമാകുമെന്ന് ബി.സി.സി.ഐ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ജനുവരി 11ന് ആണ് അഫ്ഗാനിസ്ഥാനുമായുള്ള പരമ്പര ആരംഭിക്കുന്നത്.
‘അവന്‍ സുഖം പ്രാപിക്കാന്‍ കുറച്ചു സമയം എടുക്കും, പുനരധിവാസത്തിന് ക്രിക്കറ്റ് അക്കാദമിയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടിവരും. തീര്‍ച്ചയായും അദ്ദേഹത്തിന് പരമ്പര നഷ്ടമാകും,’ഇന്ത്യന്‍ ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു.
Content Highlight: Suryakumar Yadav out for Afghanistan series