| Saturday, 22nd June 2024, 11:59 pm

300.00 സ്‌ട്രൈക്ക് റേറ്റില്‍ സഞ്ജുവിന് പിന്നാലെ സൂര്യയും; രണ്ടാം പന്തില്‍ ഒട്ടായ പട്ടികയില്‍ വീണ്ടും

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പ് സൂപ്പര്‍ 8ല്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ 50 റണ്‍സിന്റെ കൂറ്റന്‍ വിജയവുമായി ഇന്ത്യ. സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 197 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് 146/8 എന്ന നിലയില്‍ പോരാട്ടം അവസാനിപ്പിച്ചു.

ടോസ് നേടിയ ബംഗ്ലാ നായകന്‍ ഇന്ത്യയെ ബാറ്റിങ്ങിനിയക്കുകയായിരുന്നു. വൈസ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെയാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. 27 പന്തില്‍ പുറത്താകാതെ 50 റണ്‍സാണ് പാണ്ഡ്യ നേടിയത്.

വിരാട് കോഹ്‌ലി (28 പന്തില്‍ 37), റിഷബ് പന്ത് (24 പന്തില്‍ 36), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (11 പന്തില്‍ 23) എന്നിവരാണ് ഇന്ത്യയുടെ മറ്റ് റണ്‍ ഗെറ്റര്‍മാര്‍.

ഒമ്പതാം ഓവറിലെ ആദ്യ പന്തില്‍ വിരാട് കോഹ്‌ലി പുറത്തായതിന് പിന്നാലെയാണ് നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് ക്രീസിലെത്തിയത്.

നേരിട്ട ആദ്യ പന്തില്‍ തന്നെ യുവതാരം തന്‍സിം ഹസന്‍ സാകിബിനെ സിക്‌സറിന് പറത്തിയാണ് സ്‌കൈ തുടങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ പുറത്തെടുത്ത മികച്ച പ്രകടനം ബംഗ്ലാദേശിനെതിരെയും പുറത്തെടുക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. തൊട്ടടുത്ത പന്തില്‍ വിക്കറ്റ് കീപ്പര്‍ ലിട്ടണ്‍ ദാസിന് ക്യാച്ച് നല്‍കി സ്‌കൈ മടങ്ങി.

ഇതോടെ ക്രീസിലെത്തിയ ആദ്യ പന്തില്‍ സിക്‌സര്‍ നേടുകയും രണ്ടാം പന്തില്‍ പുറത്താവുകയും ചെയ്ത ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഒരിക്കല്‍ക്കൂടി ഇടം നേടിയിരിക്കുകയാണ് സൂര്യ.

2020ല്‍ സഞ്ജു സാംസണാണ് ഇത്തരത്തില്‍ ആദ്യം പുറത്തായത്. ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് സഞ്ജു ആദ്യ പന്തില്‍ സിക്‌സര്‍ നേടി രണ്ടാം പന്തില്‍ പുറത്താകുന്നത്. തന്റെ ചിരവൈരിയായ വാനിന്ദു ഹസരങ്കയെ സിക്‌സറിന് പറത്തിയെങ്കിലും തൊട്ടുത്ത പന്തില്‍ ഹസരങ്ക താരത്തെ വിക്കറ്റിന് മുമ്പില്‍ കുടുക്കി.

2022 ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരെയാണ് സൂര്യകുമാര്‍ ഇത്തരത്തില്‍ ആദ്യം പുറത്താകുന്നത്. കെ.എല്‍. രാഹുല്‍ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ സ്‌കൈ ഫരീദ് അഹമ്മദ് എറിഞ്ഞ 13ാം ഓവറിലെ അഞ്ചാം പന്തില്‍ സിക്‌സര്‍ നേടിയെങ്കിലും തൊട്ടടുത്ത പന്തില്‍ ക്ലീന്‍ ബൗള്‍ഡായി.

ടി-20 ലോകകപ്പില്‍ ഇത് രണ്ടാം തവണയാണ് ഒരു ബാറ്റര്‍ ക്രീസിലെത്തിയ ആദ്യ പന്തില്‍ സിക്‌സര്‍ നേടുന്നതും തൊട്ടടുത്ത പന്തില്‍ പുറത്താകുന്നതും. 2016ല്‍ നടന്ന ഇന്ത്യ – ന്യൂസിലാന്‍ഡ് മത്സരത്തില്‍ മാര്‍ട്ടിന്‍ ഗപ്ടില്ലാണ് ഇത്തരത്തില്‍ പുറത്തായത്.

അതേമയം, ബംഗ്ലാദേശിനെതിരായ വിജയത്തിന് പിന്നാലെ 2024 ടി-20 ലോകകപ്പില്‍ കളിച്ച അഞ്ച് മത്സരത്തില്‍ അഞ്ചിലും വിജയിക്കാനും ഇന്ത്യക്കായി. ഇതോടെ ഗ്രൂപ്പ് എ സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതാണ് ഇന്ത്യ. സൂപ്പര്‍ എട്ടില്‍ രണ്ട് മത്സരത്തില്‍ നിന്നും നാല് പോയിന്റാണ് ഇന്ത്യക്കുള്ളത്.

ജൂണ്‍ 24നാണ് സൂപ്പര്‍ 8ലെ ഇന്ത്യയുടെ അവസാന മത്സരം. ഡാരന്‍ സമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയാണ് എതിരാളികള്‍.

Content highlight: Suryakumar Yadav once again out in the 2nd ball after hitting a six in the 1st

We use cookies to give you the best possible experience. Learn more