ടി-20 ലോകകപ്പിന് ശേഷം ന്യൂസിലാന്‍ഡ് പര്യടനത്തിലാണ് ഇന്ത്യന്‍ ടീം. മൂന്ന് ടി-20യും മൂന്ന് ഏകദിനങ്ങളുമാണ് ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലുള്ളത്. ടി-20യില്‍ ഹര്‍ദിക് പാണ്ഡ്യയുടെയും ഏകദിനത്തില്‍ ശിഖര്‍ ധവാന്റെയും നേതൃത്വത്തിലാണ് ഇന്ത്യ കെയ്ന്‍ വില്യംസണിന്റെ കിവിപ്പടയെ നേരിടുന്നത്.
ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ നെടുംതൂണായ സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ് കരുത്തിനെയാണ് ഇന്ത്യ ആശ്രയിക്കുന്നത്. ടി-20 ലോകകപ്പില്‍ താരം പുറത്തെടുത്ത പ്രകടനം വീണ്ടും ആവര്‍ത്തിച്ചാല്‍ കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമാകും.
മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ ഒരു റെക്കോഡും സൂര്യകുമാറിന്റെ പേരില്‍ കുറിക്കപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല. മുന്‍ ഇന്ത്യന്‍ നായകനും കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയുടെ ഹീറോയുമായ വിരാട് കോഹ്‌ലിയുടെ പേരിലുള്ള റെക്കോഡാണ് സൂര്യകുമാര്‍ തകര്‍ക്കാന്‍ സാധ്യതയുള്ളത്.
ഒരു കലണ്ടകര്‍ ഇയറില്‍ ടി-20 ഫോര്‍മാറ്റില്‍ നിന്നും ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ ബാറ്റര്‍ എന്ന റെക്കോഡാണ് സൂര്യകുമാറിന് മുമ്പിലുള്ളത്. ഈ പരമ്പരയില്‍ 236 റണ്‍സ് നേടാന്‍ സാധിച്ചാല്‍ സൂര്യകുമാറിന് വിരാടിനെ മറികടക്കാം.
1614 റണ്‍സുള്ള വിരാടിന്റെ പേരിലാണ് നിലവില്‍ ആ റെക്കോഡുള്ളത്. 31 മത്സരത്തില്‍ നിന്നുമാണ് വിരാട് റണ്ണടിച്ചുകൂട്ടിയത്.
വെള്ളിയാഴ്ചയാണ് ഇന്ത്യ – ന്യൂസിലാന്‍ഡ് പരമ്പരയിലെ ആദ്യ മത്സരം. വെല്ലിങ്ടണ്‍ റീജ്യണല്‍ സ്റ്റേഡിയമാണ് വേദി.
ഇന്ത്യ സ്‌ക്വാഡ്:
ശ്രേയസ് അയ്യര്‍, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), വാഷിങ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അര്‍ഷ്ദീപ് സിങ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, യൂസ്വേന്ദ്ര ചഹല്‍
ന്യൂസിലാന്‍ഡ് സ്‌ക്വാഡ്:
കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), ഫിന്‍ അലന്‍, മൈക്കല്‍ ബ്രേസ്വാള്‍, ഡെവോണ്‍ കോണ്‍വേ (വിക്കറ്റ് കീപ്പര്‍), ലോക്കി ഫെര്‍ഗൂസന്‍, ഡാരില്‍ മിച്ചല്‍, ആദം മില്‍നെ, ജിമ്മി നീഷം, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി, ബ്ലെയര്‍ ടിക്‌നെര്‍
Content highlight: Suryakumar Yadav needs 236 runs to surpass Virat Kohli’s all-time record in T20Is.