ഏഷ്യാ കപ്പിലെ ഇന്ത്യ – ഹോങ്കോങ് മത്സരം സാക്ഷ്യം വഹിച്ചത് അക്ഷരാര്‍ത്ഥത്തില്‍ സൂര്യകുമാര്‍ യാദവിന്റെ അഴിഞ്ഞാട്ടത്തിനായിരുന്നു. 26 പന്തില്‍ നിന്നും ആറ് ഫോറും ആറ് സിക്‌സറുമടക്കം 68 റണ്‍സായിരുന്നു താരം നേടിയത്.
ഇന്ത്യന്‍ ഇന്നിങ്‌സിന്റെ അവസാന ഓവറിലായിരുന്നു സൂര്യകുമാര്‍ തന്റെ വിശ്വരൂപം പുറത്തെടുത്തത്. അവസാന ഓവറില്‍ നാല് സിക്‌സറും ഒരു ഡബിളുമടക്കം 26 റണ്‍സാണ് സ്‌കൈ വാരിക്കൂട്ടിയത്.
സിക്‌സറടിച്ചുകൊണ്ടുതന്നെയായിരുന്നു സൂര്യകുമാര്‍ തന്റെ അര്‍ധസെഞ്ച്വറിയും പൂര്‍ത്തിയാക്കിയത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തെ സൂര്യകുമാര്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രകമ്പനം കൊള്ളിക്കുകയായിരുന്നു.
മത്സരത്തിലെ മികച്ച പ്രകടനം സൂര്യകുമാറിനെ കളിയിലെ താരവുമാക്കി.
2022 സൂര്യയെ സംബന്ധിച്ച് ഏറ്റവും മികച്ച വര്‍ഷമാണ്. കുട്ടി ക്രിക്കറ്റില്‍ തന്റെ ആദ്യ സെഞ്ച്വറിയും നേടിയ സൂര്യകുമാര്‍ മറ്റൊരു റെക്കോഡാണ് ഇപ്പോള്‍ ലക്ഷ്യം വെക്കുന്നത്.
ഒരു കലണ്ടര്‍ ഇയറില്‍, ടി-20 ഐ ഫോര്‍മാറ്റില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരം എന്ന റെക്കോഡിലേക്കാണ് സ്‌കൈ ലക്ഷ്യം വെക്കുന്നത്. 2022ല്‍ ഇതുവരെ 31 സിക്‌സര്‍ നേടിയ സൂര്യകുമാറിന് ഈ വര്‍ഷം 12 സിക്‌സര്‍ കൂടി നേടാനായാല്‍ റെക്കോഡ് നേടാം.
പാകിസ്ഥാന്‍ താരം മുഹമ്മദ് റിസ്വാന്റെ പേരിലാണ് സിക്‌സറിന്റെ എണ്ണത്തില്‍ റെക്കോഡുള്ളത്. 42 സിക്‌സറാണ് താരം ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടി-20 ഫോര്‍മാറ്റില്‍ അടിച്ചെടുത്തത്. 2021ലായിരുന്നു താരം റെക്കോഡ് നേട്ടം സ്വന്തമാക്കിയത്.
താരത്തിന്റെ ഇപ്പോഴുള്ള ഫോം പരിഗണിക്കുകയാണെങ്കില്‍ ടി-20 ലോകകപ്പില്‍ താരം ഉറപ്പായും ഇടം നേടും. അങ്ങനെയെങ്കില്‍ വരാനിരിക്കുന്ന നാല് മാസത്തിനുള്ളില്‍ സിക്‌സറിന്റെ എണ്ണത്തില്‍ താരം റെക്കോഡ് നേടുമെന്നുറപ്പാണ്.
Content Highlight: Suryakumar Yadav needs 12 sixes to surpass Mohammad Rizwan’s world record