Sports News
മോശം റെക്കോഡിലും 'മുംബൈ ലോബി'; ആരും ആഗ്രഹിക്കാത്ത നേട്ടത്തില്‍ രോഹിത്തിനൊപ്പം സൂര്യയും
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 31, 03:30 pm
Friday, 31st January 2025, 9:00 pm

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ നാലാം മത്സരത്തില്‍ ഇംഗ്ലണ്ടിന് മുമ്പില്‍ 182 റണ്‍സിന്റെ വിജയലക്ഷ്യം വെച്ച് ഇന്ത്യ. ഹര്‍ദിക് പാണ്ഡ്യയുടെയും ശിവം ദുബെയുടെയും അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം പാളിയിരുന്നു. ജോഫ്രാ ആര്‍ച്ചര്‍ എറിഞ്ഞ ആദ്യ ഓവറില്‍ ഇന്ത്യ 12 റണ്‍സ് നേടിയെങ്കിലും ജെയ്മി സ്മിത്തിന് പകരക്കാരനായി കളത്തിലിറങ്ങിയ സാഖിബ് മഹ്‌മൂദ് എറിഞ്ഞ രണ്ടാം ഓവറില്‍ ഒറ്റ റണ്‍സ് പോലും നേടാന്‍ സാധിക്കാതെ മൂന്ന് വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ഓവറിലെ ആദ്യ പന്തില്‍ സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ബ്രൈഡന്‍ കാര്‍സിന് ക്യാച്ച് നല്‍കി മടങ്ങിയപ്പോള്‍ തൊട്ടടുത്ത പന്തില്‍ തിലക് വര്‍മ ഗോള്‍ഡന്‍ ഡക്കായും പുറത്തായി.

നാലാം നമ്പറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് ക്രീസിലെത്തിയത്. സാഖിബ് മഹ്‌മൂദിന് ഹാട്രിക് നിഷേധിച്ച താരം ശേഷമെറിഞ്ഞ രണ്ട് പന്തും ഡിഫന്‍ഡ് ചെയ്തു.

എന്നാല്‍ രണ്ടാം ഓവറിലെ അവസാന പന്തില്‍ ക്യാപ്റ്റനും പിഴച്ചു. മിഡ് ഓണിനും മിഡ് വിക്കറ്റിനും മുകളിലൂടെ ഫ്‌ളിക് ചെയ്യാനുള്ള സൂര്യയുടെ ശ്രമം പാളുകയും ബ്രൈഡന്‍ കാര്‍സിന് ക്യാച്ച് നല്‍കി പുറത്താവുകയുമായിരുന്നു. നാല് പന്തില്‍ ഒറ്റ റണ്‍സ് പോലും നേടാതെയാണ് സൂര്യ പുറത്തായത്.

ഇതോടെ ഒരു അനാവശ്യ റെക്കോഡും സൂര്യയുടെ പേരില്‍ കുറിക്കപ്പെട്ടു. ഒരു അന്താരാഷ്ട്ര ടി-20 പരമ്പരയില്‍ ഒന്നിലധികം തവണ പൂജ്യത്തിന് പുറത്താകുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന അനാവശ്യ നേട്ടമാണ് സ്‌കൈ സ്വന്തമാക്കിയത്.

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന സീരീസ് ഓപ്പണറിലാണ് സൂര്യ പരമ്പരയില്‍ ഇതിന് മുമ്പ് പൂജ്യത്തിന് മടങ്ങിയത്. ജോഫ്രാ ആര്‍ച്ചറിന്റെ പന്തില്‍ ഫില്‍ സാള്‍ട്ടിന് ക്യാച്ച് നല്‍കി ബ്രോണ്‍സ് ഡക്കായാണ് താരം പുറത്തായത്.

മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ പേരിലാണ് ഇതിന് മുമ്പ് ഈ അനാവശ്യ നേട്ടം കുറിക്കപ്പെട്ടത്. അതും ഒന്നല്ല, രണ്ട് തവണ!

2022ലെ സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലാണ് ആദ്യം രോഹിത് ഇത്തരത്തില്‍ പുറത്തായത്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ കഗീസോ റബാദയുടെ പന്തില്‍ ക്വിന്റണ്‍ ഡി കോക്കിന് ക്യാച്ച് നല്‍കി സില്‍വര്‍ ഡക്കായി പുറത്തായ താരം ഹോല്‍കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഡെഡ് റബ്ബര്‍ മത്സരത്തിലും റബാദയുടെ പന്തില്‍ സില്‍വര്‍ ഡക്കായി മടങ്ങി.

കഴിഞ്ഞ വര്‍ഷം അഫ്ഗാനിസ്ഥാന്‍ ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോഴാണ് രോഹിത് വീണ്ടും നിരാശനാക്കിയത്. മൊഹാലിയില്‍ നടന്ന സീരിസ് ഓപ്പണറില്‍ സില്‍വര്‍ ഡക്കായി രോഹിത് മടങ്ങി. റണ്‍ ഔട്ടായാണ് രോഹിത് പുറത്തായത്.

ഹോല്‍കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാം മത്സരത്തിലും ഇന്ത്യന്‍ നായകന്റെ ശനിദശ മാറിയില്ല. ഇത്തവണ ഫസല്‍ഹഖ് ഫാറൂഖിയുടെ പന്തില്‍ ഗോള്‍ഡന്‍ ഡക്കായാണ് രോഹിത് പുറത്തായത്.

രോഹിത് ശര്‍മയെ പുറത്താക്കിയ ഫസല്‍ഹഖ് ഫാറൂഖിയുടെ ആഹ്ലാദം

അതേസമയം, പരമ്പര നേടാനുറച്ച് കളത്തിലിറങ്ങിയ മത്സരത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് ഇന്ത്യ സ്വന്തമാക്കിയത്. ആറാം വിക്കറ്റില്‍ ഹര്‍ദിക് പാണ്ഡ്യയും ശിവം ദുബെയും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 87 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായത്.

ഹര്‍ദിക് പാണ്ഡ്യ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി മടങ്ങി. 30 പന്തില്‍ 53 റണ്‍സാണ് ഹര്‍ദിക് സ്വന്തമാക്കിയത്. നാല് വീതം സിക്‌സറും ബൗണ്ടറിയും നേടിയാണ് താരം പുറത്തായത്.

തിരിച്ചുവരവില്‍ അര്‍ധ സെഞ്ച്വറിയുമായി ശിവം ദുബെയും തിളങ്ങി. 34 പന്തില്‍ 53 റണ്‍സാണ് താരം അടിച്ചെടുത്തത്. ഏഴ് ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു ദുബെയുടെ ഇന്നിങ്‌സ്.

26 പന്തില്‍ 30 റണ്‍സ് നേടിയ റിങ്കു സിങ്ങും 19 പന്തില്‍ 29 റണ്‍സടിച്ച അഭിഷേക് ശര്‍മയും ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായി.

ഇംഗ്ലണ്ടിനായി സാഖിബ് മഹ്‌മൂദ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ജെയ്മി ഓവര്‍ട്ടണ്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി. രണ്ട് ഇന്ത്യന്‍ താരങ്ങള്‍ റണ്‍ ഔട്ടായപ്പോള്‍ ആദില്‍ റഷീദും ബ്രൈഡന്‍ കാര്‍സുമാണ് ശേഷിച്ച വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

 

Content highlight: Suryakumar Yadav joins Rohit Sharma in the unwanted list of Indian captains with multiple ducks in a T20I series