| Saturday, 16th November 2024, 5:34 pm

തനിക്ക് നഷ്ടപ്പെട്ട വര്‍ഷങ്ങള്‍ സൂര്യ നേടിയെടുക്കുന്നത് അവരിലൂടെ; സഞ്ജുവിന്റെയും തിലകിന്റെയും വിജയത്തിന് അവകാശി ക്യാപ്റ്റന്‍ കൂടിയാണ്

ആദര്‍ശ് എം.കെ.

രോഹിത് ശര്‍മയുടെ പടിയിറക്കത്തിന് പിന്നാലെ ടി-20 ക്യാപ്റ്റന്‍സിയേറ്റെടുത്ത സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ടീമിനെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കുകയാണ്. ക്യാപ്റ്റനായി നയിച്ച മൂന്ന് പരമ്പരയിലും വിജയം സ്വന്തമാക്കിയാണ് സ്‌കൈ തന്റെ കരുത്തും കരുതലുമറിയിക്കുന്നത്.

ഇന്ത്യയെ നയിക്കുന്നതിലുപരി ഒരു ക്യാപ്റ്റന്‍ എന്താകണമെന്ന് വ്യക്തമാക്കുന്നതാണ് സൂര്യകുമാറിന്റെ അപ്രോച്ച്. പരമ്പര വിജയത്തേക്കാളുപരി അയാള്‍ നേടിയെടുത്ത മറ്റ് പലതും ഇന്ന് ഇന്ത്യയുടെ ടി-20 ടീമിനൊപ്പമുണ്ട്. സഞ്ജുവിന്റെ കരിയറും തിലക് വര്‍മയുടെ ഉദയവും!

എന്ത് തന്നെ സംഭവിച്ചാലും, റണ്ണടിച്ചാലും ഇല്ലെങ്കിലും സഞ്ജു സാംസണെ പിന്തുണയ്ക്കുമെന്നും ടീമില്‍ അവസരം നല്‍കുമെന്നുമുള്ള ക്യാപ്റ്റന്റെ തീരുമാനമാണ് കഴിഞ്ഞ ദിവസം ജോബെര്‍ഗിലടക്കം പ്രതിഫലിച്ചത്.

ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ മോശമല്ലാത്ത രീതിയില്‍ സ്‌കോര്‍ ചെയ്ത സഞ്ജു രണ്ടാം മത്സരത്തില്‍ നിരാശപ്പെടുത്തിയപ്പോള്‍ ഭൂതകാലത്തില്‍ സംഭവിച്ചതുപോലെ സഞ്ജു ‘ബെഞ്ചു’വാകുമെന്ന് എല്ലാവരും കരുതി. എന്നാല്‍ മൂന്നാം മത്സരത്തില്‍ സഞ്ജുവിന് വീണ്ടും അവസരം നല്‍കാന്‍ തന്നെയായിരുന്നു സൂര്യയുടെ തീരുമാനം.

ക്യാപ്റ്റന്‍ തന്നിലര്‍പ്പിച്ച വിശ്വാസം കളഞ്ഞുകുളിക്കാന്‍ സഞ്ജുവും തയ്യാറായിരുന്നില്ല. ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ആദ്യ അന്താരാഷ്ട്ര ടി-20 സെഞ്ച്വറിക്കൊപ്പം ഇന്ത്യയുടെ എക്കാലത്തെയും ഉയര്‍ന്ന ടി-20 ടോട്ടലും അവിടെ പിറവിയെടുത്തു.

കിങ്‌സ്മീഡില്‍ സഞ്ജു കിങ്ങായപ്പോഴും സെന്റ് ജോര്‍ജ്‌സിലും സെഞ്ചൂറിയനിലും ‘സംപൂജ്യനായപ്പോഴും’ ക്യാപ്റ്റന്റെ പിന്തുണ സഞ്ജുവിന് വേണ്ടുവോളമുണ്ടായിരുന്നു. തന്നെ വിശ്വസിക്കാന്‍ ഒരാളുണ്ട് എന്ന ആത്മവിശ്വാസം സഞ്ജുവിന്റെ ഓരോ ഷോട്ടിലും പ്രകടമായിരുന്നു. സഞ്ജു സെഞ്ച്വറി നേടിയപ്പോള്‍ സഞ്ജുവിനേക്കാള്‍ ആവേശത്തോടെ കയ്യടിച്ചതും മസില്‍ സെലിബ്രേഷന്‍ നടത്തിയതും സൂര്യ തന്നെയായിരുന്നു.

ഇതിന് സമാനമായിരുന്നു തിലക് വര്‍മയുടെയും അവസ്ഥ. തുടര്‍ച്ചയായ മത്സരങ്ങളില്‍ സെഞ്ച്വറി നേടി തിലക് ചരിത്രമെഴുതിയപ്പോള്‍ ആ നേട്ടത്തിന്റെ അവകാശികളിലൊരാള്‍ സൂര്യയായിരുന്നു.

തന്റെ ബാറ്റിങ് പൊസിഷന്‍ തിലകിന് നല്‍കിക്കൊണ്ടായിരുന്നു ക്യാപ്റ്റന്‍ ആ 22കാരനില്‍ വിശ്വാസമര്‍പ്പിച്ചത്. മൂന്നാം നമ്പറില്‍ രണ്ട് തവണയും തിലക് വിജയതിലകമണിഞ്ഞപ്പോഴും നിറകയ്യടികളോടെ സൂര്യ ആ നേട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.

ഐ.സി.സി റാങ്കിങ്ങില്‍ ഏറ്റവും മികച്ച ടി-20 ബാറ്റര്‍മാരുടെ പട്ടികയില്‍ മുന്നിട്ടു നില്‍ക്കവെയാണ് സ്‌കൈ തന്റെ ബാറ്റിങ് പൊസിഷന്‍ ഒരു യുവതാരത്തിനായി വിട്ടുനല്‍കിയത് എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. എത്ര പേര്‍ക്ക് ഇതിന് സാധിക്കും!

തനിക്ക് നഷ്ടപ്പെട്ട വര്‍ഷങ്ങള്‍ ഇവര്‍ക്ക് നഷ്ടപ്പെടരുത് എന്ന വാശി ഇയാള്‍ക്കുണ്ട് എന്ന് പോലും ചിലപ്പോള്‍ തോന്നിപ്പോകും.

വളരെ വൈകി തന്റെ 31ാം വയസിലാണ് സൂര്യ ഇന്ത്യക്കായി ടി-20 അരങ്ങേറ്റം കുറിക്കുന്നത്. 2021 മാര്‍ച്ച് 14ന് അഹമ്മദാബാദില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സ്‌കൈ ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ് ക്രീസിലേക്ക് നടന്നു.

നേരിട്ട ആദ്യ പന്തില്‍ ജോഫ്രാ ആര്‍ച്ചറിനെ സിക്‌സറിന് പറത്തി കരിയറിന് നാന്ദി കുറിച്ച സൂര്യ ഇന്ന് തന്റെ 34ാം വയസില്‍ ചെന്നെത്തി നില്‍ക്കുന്നത് ആര്‍ക്കും ചെന്നെത്തിപ്പിടിക്കാന്‍ സാധിക്കാത്ത ഉയരങ്ങളിലാണ്. ഈ മൂന്ന് വര്‍ഷം കൊണ്ട് ഇയാള്‍ നേടിയെടുത്തതാണ് ഇതെല്ലാം.

ഒരുപക്ഷേ കുറച്ചുകൂടി മുമ്പ് സ്‌കൈ ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞിരുന്നെങ്കില്‍ പല ചരിത്രങ്ങളും തിരുത്തിയെഴുതപ്പെടുമായിരുന്നു.

കരിയറില്‍ കാലിടറി വീണവനും യുവതാരങ്ങള്‍ക്കും സൂര്യ നല്‍കുന്ന പിന്തുണ കാണുമ്പോള്‍ തനിക്ക് നഷ്ടപ്പെട്ട വര്‍ഷങ്ങള്‍ അവര്‍ക്ക് നഷ്ടമാകരുതെന്നുള്ള വാശിയാണ് ക്യാപ്റ്റന് എന്ന് ആരാധകര്‍ക്ക് തോന്നിപ്പോകും. അതെ, തനിക്ക് നഷ്ടപ്പെട്ട വര്‍ഷങ്ങള്‍ സ്‌കൈ നേടിയെടുക്കുന്നത് ഇവരിലൂടെയാണ്.

Content Highlight: Suryakumar Yadav is the reason for rise of Sanju Samson and Tilak Varma

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more