| Sunday, 26th November 2023, 4:08 pm

ടി-ട്വന്റിയില്‍ മികച്ച ഇന്ത്യന്‍ കളിക്കാരന്‍ അവനാണ്: ജോഷ് ഇംഗ്ലിസ്

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയയുമായുള്ള അഞ്ച് ടി-ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ നാടകീയമായ വിജയമാണ് സ്വന്തമാക്കിയത്. ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റിങ്ങിനയച്ചപ്പോള്‍ 20 ഓവറില്‍ 208 റണ്‍സായിരുന്നു അവര്‍ക്ക് നേടാനായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19.5 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. റിങ്കു സിങ് ആണ് ഇന്ത്യയെ 14 പന്തില്‍ നിന്നും 22 റണ്‍സ് നേടി വിജയത്തില്‍ എത്തിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് ബാറ്റിങ്ങില്‍ ആത്മവിശ്വാസം വീണ്ടെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ ആയുള്ള തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ 42 പന്തില്‍ നിന്ന് 80 റണ്‍സാണ് സ്‌കൈ സ്‌കോര്‍ ചെയ്തത്. ഇഷാന്‍ കിഷന്‍ 39 പന്തില്‍ 58 റണ്‍സിന്റെ മികച്ച പ്രകടനവും കാഴ്ചവച്ചു. 190.48 സ്ട്രൈക്ക് റേറ്റില്‍ നാല് സിക്സറുകളും ഒമ്പത് ബൗണ്ടറികളുമുള്‍പ്പെടെ വെടിക്കെട്ട് പ്രകടനം നടത്തിയാണ് സൂര്യ ഇന്ത്യയുടെ വിജയത്തിന് നിര്‍ണായകമായത്. മത്സരശേഷം ജോഷ് ഇംഗ്ലിസ് സൂര്യയെ കുറിച്ച് സംസാരിക്കുകയുണ്ടായിരുന്നു.

‘പന്തിന് വേണ്ടി ഇത്രയും വൈഡായി നില്‍ക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല, എന്നാലും സൂര്യ പന്തിന്റെ വേഗതയും മൂവ്‌മെന്റും മനസിലാക്കി ബൗളര്‍മാരെ സമ്മര്‍ദത്തിലാക്കുന്നു. അടുത്ത മത്സരത്തില്‍ ഞങ്ങള്‍ക്ക് അത് നികത്തേണ്ടതുണ്ട്. എന്നാലും ഈ ഫോര്‍മാറ്റിലെ ഏറ്റവും മികച്ച ബാറ്ററി സൂര്യകുമാര്‍ ആണ്. ഞങ്ങള്‍ക്ക് എവിടെയാണ് പിഴച്ചതെന്ന് പറയാന്‍ പ്രയാസമാണ്. ഇതൊരു മനോഹരമായ ഗെയിമാണ്. സ്‌കൈ പതിവായി ചെയ്യുന്നത് തന്നെ ചെയ്തു. അതൊരു അസാധാരണ ഇന്നിങ്‌സ് തന്നെയാണ്. സ്‌ട്രൈക്കില്‍ ഇഷാന്‍ കിഷന്‍ മുന്നിലുള്ളതും ഞങ്ങള്‍ക്കത്ര എളുപ്പമല്ലായിരുന്നു. പക്ഷേ ഒന്നോ രണ്ടോ വിക്കറ്റ് നേരത്തെ കിട്ടിയിരുന്നെങ്കില്‍ സമ്മര്‍ദം ഇന്ത്യയുടെ മേല്‍ ഉണ്ടാക്കിയേനെ,’ അദ്ദേഹം പറഞ്ഞു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസിനുവേണ്ടി ജോഷ് ഇംഗ്ലീസ് 50 പന്തില്‍ നിന്നും 110 റണ്‍സ് നേടിയപ്പോള്‍ സ്റ്റീവ് സ്മിത്ത് 41 പന്തില്‍ 52 റണ്‍സ് എടുത്ത് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ജോസ് ഇംഗ്ലീസ് എട്ട് സിക്‌സറുകളും 11 ബൗണ്ടറികളും ഉള്‍പ്പെടെയായിരുന്നു തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

നവംബര്‍ 26ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ടി-ട്വന്റി മത്സരം നടക്കാനിരിക്കുകയാണ്. ഓസീസുമായുള്ള അഞ്ച് ടി-ട്വന്റി പരമ്പരയിലെ രണ്ടാം വിജയം ലക്ഷ്യം വെച്ചാണ് സൂര്യയും സംഘവും ഇറങ്ങുന്നത്.

Content Highlight: Suryakumar Yadav is the best player in T20, says Josh Inglis

We use cookies to give you the best possible experience. Learn more