ബാറ്റിങ്ങിന് മുമ്പ് മുംബൈ ഇന്ത്യന്‍സിന് വമ്പന്‍ തിരിച്ചടി? ക്യാച്ചിനിടെ കണ്ണിന് പരിക്കേറ്റ് സൂര്യകുമാര്‍
IPL
ബാറ്റിങ്ങിന് മുമ്പ് മുംബൈ ഇന്ത്യന്‍സിന് വമ്പന്‍ തിരിച്ചടി? ക്യാച്ചിനിടെ കണ്ണിന് പരിക്കേറ്റ് സൂര്യകുമാര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 11th April 2023, 10:15 pm

മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിന് പരിക്ക്. ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെയായിരുന്നു സൂര്യകുമാറിന് പരിക്കേറ്റത്.

ദല്‍ഹി വൈസ് ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലിന്റെ ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സൂര്യകുമാറിന് പരിക്കേറ്റത്.

ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെ പന്ത് വഴുതി താരത്തിന്റെ കണ്ണില്‍ കൊള്ളുകയായിരുന്നു. ക്യാച്ച് കംപ്ലീറ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല എന്ന് മാത്രമല്ല ആ പന്ത് സിക്‌സറാവുകയും ചെയ്തു. താരത്തിന്റെ പരിക്കിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ ലഭ്യമല്ല.

നേരത്തെ ടോസ് നേടിയ മുംബൈ ദല്‍ഹിയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. വൈസ് ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലിന്റെയും ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറിന്റെയും അര്‍ധ സെഞ്ച്വറിയുടെ മികവില്‍ ക്യാപ്പിറ്റല്‍സ് 19.4 ഓവറില്‍ 172 റണ്‍സ് എന്ന മാന്യമായ സ്‌കോര്‍ നേടിയിരുന്നു.

മികച്ച തുടക്കമായിരുന്നു ദല്‍ഹിക്ക് ലഭിച്ചതെങ്കിലും തുടര്‍ന്നങ്ങോട്ട് സ്‌കോറിങ്ങിന്റെ വേഗം കുറഞ്ഞു. പൃഥ്വി ഷായുടെ വിക്കറ്റാണ് ദല്‍ഹിക്ക് ആദ്യം നഷ്ടമായത്. പത്ത് പന്തില്‍ നിന്നും 15 റണ്‍സ് നേടി നില്‍ക്കവെയാണ് ഷാ പുറത്താകുന്നത്.

പിന്നാലെയെത്തിയ മനീഷ് പാണ്ഡേ 18 പന്തില്‍ നിന്നും അഞ്ച് ബൗണ്ടറിയുടെ അകമ്പടിയോടെ 26 റണ്‍സ് നേടി പുറത്തായി. ഇന്ത്യയെ അണ്ടര്‍ 19 കിരീടം ചൂടിച്ച യാഷ് ദുള്‍ നിരാശനാക്കി. പാണ്ഡേക്ക് പകരം ക്രീസിലെത്തിയ ധുള്‍ നാല് പന്തില്‍ നിന്നും രണ്ട് റണ്‍സ് നേടി പുറത്തായി. പിന്നാലെയെത്തിയ റോവ്മന്‍ പവലിനും ലളിത് യാദവിനും കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ പോയി

ഒരുവശത്ത് വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് സെന്‍സിബിള്‍ ഇന്നിങ്സ് കളിച്ച് വിക്കറ്റ് സംരക്ഷിച്ചുകൊണ്ട് റണ്‍സ് ഉയര്‍ത്തുന്ന ഡേവിഡ് വാര്‍ണറായിരുന്നു കാഴ്ച.

എന്നാല്‍ ഏഴാമനായി അക്സര്‍ പട്ടേല്‍ കളത്തിലിറങ്ങിയതോടെ കളിയുടെ ഗതി മാറി. വമ്പനടികളുമായി അക്സര്‍ പട്ടേല്‍ കളം നിറഞ്ഞാടിയപ്പോള്‍ ക്യാപ്പിറ്റല്‍സ് സ്‌കോര്‍ ഉയര്‍ന്നു. 25 പന്തില്‍ നിന്നും അഞ്ച് സിക്സറിന്റെയും നാല് ബൗണ്ടറിയുടെയും അകമ്പടിയോടെ അക്സര്‍ 55 റണ്‍സ് നേടി.

43 പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ച വാര്‍ണര്‍ 47 പന്തില്‍ നിന്നും 51 റണ്‍സാണ് നേടിയത്.

അതേസമയം, 173 റണ്‍സിന്റെ വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ മുംബൈക്ക് സീസണിലെ ഏറ്റവും മികച്ച തുടക്കമാണ് ലഭിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും ഇഷാന്‍ കിഷന്റെയും പ്രകടനം മുംബൈക്ക് തുണയാവുകയായിരുന്നു.

നിലവില്‍ എട്ട് ഓവര്‍ പിന്നിടുമ്പോള്‍ മുംബൈ ഇന്ത്യന്‍സ് 73 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. 26 പന്തില്‍ നിന്നും 31 റണ്‍സ് നേടിയ ഇഷാന്‍ കിഷന്റെ വിക്കറ്റാണ് മുംബൈക്ക് നഷ്ടമായത്.

Content Highlight: Suryakumar Yadav injured