ലോകകപ്പിന് ശേഷം സിംബാബ്‌വെക്കെതിരെയുള്ള പരമ്പര 4-1ന് വിജയിച്ച് ഇന്ത്യ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ശ്രീലങ്കന്‍ പര്യടനമാണ്. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. മൂന്ന് ടി-20യും ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 27, 28, 30 തീയതികളിലാണ് മൂന്ന് ടി-20 മത്സരങ്ങള്‍ നടക്കുന്നത്. ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ കൊളംബോയിലാണ് മൂന്ന് ഏകദിനങ്ങള്‍.
ഇന്റര്‍ നാഷണല്‍ ടി-20 ഫോര്‍മാറ്റില്‍ നിന്ന് രോഹിത് ശര്‍മ വിരമിച്ചതോടെ അടുത്ത ടി-20 ക്യാപ്റ്റന്‍ ആരാണെന്ന് തീരുമാനമായിട്ടില്ല. ഹര്‍ദിക് പാണ്ഡ്യയാണ് അടുത്ത ക്യാപ്റ്റന്‍ എന്ന് വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും ഇപ്പോള്‍ ടി-20 സ്‌പെഷ്യലിസ്റ്റ് സൂര്യകുമാറിന്റെ പേരും സജീവമാണ്. ഇതിനെല്ലാം പുറമെ ഒരു തകര്‍പ്പന്‍ നേട്ടത്തിലാണ് സൂര്യ ഫോര്‍മാറ്റ് മുന്നോട്ട് കൊണ്ടുപോകുന്നത്.
2021 മുതല്‍ ടി-20ഐയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യക്കാരനാകാനാണ് താരത്തിന് സാധിച്ചത്. 65 ഇന്നിങ്‌സില്‍ നിന്ന് 2340 റണ്‍സാണ് താരം നേടിയത്. 43.33 ആവറേജും 167.7 സ്‌ട്രൈക്ക റേറ്റും ഫോര്‍മാറ്റില്‍ താരത്തിന് ഉണ്ട്. ഈ ലിസ്റ്റില്‍ രോഹിത് ശര്‍മയെയും വിരാടിനെയും വെട്ടിയാണ് സ്‌കൈയുടെ കുതിപ്പ്.