'ആടുജീവിതം' ആര്‍.സി.ബിയെ സൂര്യയും പഞ്ഞിക്കിട്ടു; തകര്‍പ്പന്‍ നേട്ടവുമായി സ്‌കൈ
Sports News
'ആടുജീവിതം' ആര്‍.സി.ബിയെ സൂര്യയും പഞ്ഞിക്കിട്ടു; തകര്‍പ്പന്‍ നേട്ടവുമായി സ്‌കൈ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 12th April 2024, 9:25 am

വാംഖഡെയില്‍ ഇന്നലെ നടന്ന ഐ.പി.എല്ലില്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വീണ്ടും തോല്‍വി. മുംബൈ ഇന്ത്യന്‍സ് ഏഴ് വിക്കറ്റുകള്‍ക്കാണ് ബെംഗളൂരുവിനെ പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ ടോസ് നേടിയ മുംബൈ സ്വന്തം തട്ടകത്തില്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് ആണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 15.3 ഓവറില്‍ ഏഴ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

മുംബൈ ബാറ്റിങ് നിരയില്‍ സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് ഇന്നിങ്സാണ് ഏറെ ശ്രദ്ധേയമായത്. 19 പന്തില്‍ 52 റണ്‍സ് നേടിക്കൊണ്ടായിരുന്നു സൂര്യയുടെ തകര്‍പ്പന്‍ പ്രകടനം. 273.68 സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത താരം അഞ്ച് ഫോറുകളും നാല് സിക്സുകളുമാണ് അടിച്ചെടുത്തത്.

ഇതിനു പിന്നാലെ ഒരു കിടിലന്‍ നേട്ടമാണ് സൂര്യയെ തേടിയെത്തിയിരിക്കുന്നത്. മുംബൈക്ക് വേണ്ടി ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമാകാനാണ് സൂര്യകുമാറിന് സാധിച്ചത്.

മുംബൈക്ക് വേണ്ടി ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറി നേടുന്ന താരം, പന്ത്, എതിരാളി, വര്‍ഷം

ഇഷാന്‍ കിഷന്‍ – 16 – ഹൈദരബാദ് – 2021

സൂര്യകുമാര്‍ യാദവ് – 17 – ബെംഗളൂരു – 2024*

ഹര്‍ദിക് പാണ്ഡ്യ – 17 – കൊല്‍ക്കത്ത – 2019

കിറേണ്‍ പൊള്ളാര്‍ഡ് – 17 – കൊല്‍ക്കത്ത – 2016

ഇഷാന്‍ കിഷന്‍ – 17 – കൊല്‍ക്കത്ത – 2018

കിറോണ്‍ പൊള്ളാര്‍ഡ് – 17 – ചെന്നൈ – 2021

സൂര്യയ്ക്ക് പുറമേ ഇഷാന്‍ കിഷന്‍ 34 പന്തില്‍ 69 റണ്‍സും നേടി. ഏഴ് ഫോറുകളും അഞ്ച് സിക്സുകളും ആണ് ഇഷാന്റെ ബാറ്റില്‍ നിന്നും പിറന്നത്. രോഹിത് ശര്‍മ 24 പന്തില്‍ 38 റണ്‍സ് നേടിയും നിര്‍ണായകമായി.

അതേസമയം ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരുവിനായി നായകന്‍ ഫാഫ് ഡുപ്ലെസിസ് 40 പന്തില്‍ 61 റണ്‍സും ദിനേശ് കാര്‍ത്തിക് 23 പന്തില്‍ പുറത്താവതെ 53 റണ്‍സും രജത് പടിതാര്‍ 26 പന്തില്‍ 50 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

മുംബൈ ബൗളിങ്ങില്‍ ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റുകള്‍ മികച്ച പ്രകടനമാണ് നടത്തിയത്. നാല് ഓവറില്‍ ഒന്ന് റണ്‍സ് വിട്ടുനല്‍കിയായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. ജെറാള്‍ഡ് കൊട്സീ, ആകാശ് മധ്വാള്‍, ശ്രേയസ് ഗോപാല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

 

 

Content Highlight: Suryakumar Yadav In Record Achievement