വെടിക്കെട്ട് വീരന്‍ റസലിനെയും ജെയ്‌സ്വാളിനെയും പൊളിച്ചടുക്കി സ്‌കൈ; അടിച്ച് കയറിത് വെടിച്ചില്ല് റെക്കോഡില്‍
Sports News
വെടിക്കെട്ട് വീരന്‍ റസലിനെയും ജെയ്‌സ്വാളിനെയും പൊളിച്ചടുക്കി സ്‌കൈ; അടിച്ച് കയറിത് വെടിച്ചില്ല് റെക്കോഡില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 7th October 2024, 6:29 pm

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടി-20യില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഗ്വാളിയോറില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ന്ന് ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സിന്റെ വിജയലക്ഷ്യം 49 പന്ത് ബാക്കി നില്‍ക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.

സൂര്യകുമാര്‍ യാദവിന്റെ പ്രകടനം

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി അഭിഷേക് ശര്‍മ ഏഴ് പന്തില്‍ 16 റണ്‍സ് നേടി റണ്‍ ഔട്ട് ആയപ്പോള്‍ സൂര്യകുമാറിന്റെ വെടിക്കെട്ടില്‍ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു. 14 പന്തില്‍ മൂന്ന് സിക്സറും രണ്ട് ഫോറും ഉള്‍പ്പെടെ 29 റണ്‍സാണ് താരം സ്വന്തമാക്കിയത്. 207.14 എന്ന പ്രഹര ശേഷിയിലായിരുന്നു താരം ബാറ്റ് വീശിയത്. ഇതോടെ ഫോര്‍മാറ്റില്‍ ഒരു തകര്‍പ്പന്‍ പ്രകടനം സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്.

സൂര്യ നേടിയ റെക്കോഡ്

ടി-20ഐയിലെ ടോപ് ടെണ്‍ ടീമുകളില്‍ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റ് നേടിയ താരമാകാനാണ് സൂര്യയക്ക് സാധിച്ചത് (മിനിമം 500 റണ്‍സ്).

ടി-20ഐയിലെ ടോപ് ടെണ്‍ ടീമുകളില്‍ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റ് നേടിയ താരം, രാജ്യം, സ്‌ട്രൈക്ക് റേറ്റ്

സൂര്യകുമാര്‍ യാദവ് – ഇന്ത്യ – 169.02

ടിം ഡേവിഡ് – ഓസ്‌ടേ്‌ലിയ – 167.49

ഫില്‍ സാള്‍ട്ട് – ഇംഗ്ലണ്ട് – 165.32

യശസ്വി ജെയ്‌സ്വാള്‍ – ഇന്ത്യ – 164.31

ആന്ദ്രേ റസല്‍ – വെസ്റ്റ് ഇന്‍ഡീസ് – 163.70

മത്സരത്തില്‍ അവസരം ലഭിച്ച സഞ്ജു സാംസണും നിരാശനാക്കിയില്ല. 19 പന്തില്‍ 29 റണ്‍സടിച്ചാണ് സഞ്ജു മടങ്ങിയത്. പിന്നാലെയെത്തിയ നിതീഷ് കുമാര്‍ റെഡ്ഡിയും ഹര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് അനായാസം ഇന്ത്യയെ ജയത്തിലേക്ക് നയിച്ചു. പാണ്ഡ്യ 16 പന്തില്‍ പുറത്താകാതെ 39 റണ്‍സ് നേടിയപ്പോള്‍ 15 പന്തില്‍ 16 റണ്‍സുമായി നിതീഷ് കുമാറും പുറത്താകാതെ നിന്നു.

ബംഗ്ലാദേശിന്റെ ബാറ്റിങ് പ്രകടനം

32 പന്തില്‍ പുറത്താകാതെ 35 റണ്‍സ് നേടിയ മെഹ്ദി ഹസന്‍ മിറാസാണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്‌കോറര്‍. 25 പന്തില്‍ 27 റണ്‍സുമായി ക്യാപ്റ്റന്‍ ഷാന്റോ ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും മറ്റുള്ളവരുടെ പിന്തുണയില്ലാതെ വന്നതോടെ മികച്ച സ്‌കോറിലെത്താനുള്ള മോഹവും പൊലിഞ്ഞു.

അര്‍ഷ്ദീപ് സിങ്ങിന്റെ പ്രകടനം തന്നെയാണ് ബംഗ്ലാദേശിന് തിരിച്ചടിയായത്. 3.5 ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയാണ് ഇടംകയ്യന്‍ പേസര്‍ തിളങ്ങിയത്. വരുണ്‍ ചക്രവര്‍ത്തിയും കടുവകളുടെ മൂന്ന് വിക്കറ്റ് നേടിയിരുന്നു. മായങ്ക് യാദവും വാഷിങ്ടണ്‍ സുന്ദറും ഹര്‍ദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീതവും നേടി.

ഈ വിജയത്തിന് പിന്നാലെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിച്ചപ്പോള്‍ 1-0ന്റെ ലീഡ് നേടാനും ഇന്ത്യക്കായി. ഒക്ടോബര്‍ ഒമ്പതിനാണ് പരമ്പരയിലെ രണ്ടാം മത്സരം. ദല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയമാണ് വേദി.

 

Content Highlight: Suryakumar Yadav In Great Record Achievement In T-20