| Thursday, 30th May 2024, 5:55 pm

2024ലും ലോകറെക്കോഡ് അവന്‍ ആവര്‍ത്തിക്കും; തകര്‍പ്പന്‍ നേട്ടത്തിനരികില്‍ ടി-20 ക്രിക്കറ്റ് കിങ്

സ്പോര്‍ട്സ് ഡെസ്‌ക്

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത് ഐ.സി.സി ടി-20 ലോകകപ്പാണ്. ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന ലോകകപ്പ് ക്രിക്കറ്റിന്റെ മാമാങ്കത്തില്‍ കിരീടം ഉയര്‍ത്താന്‍ എല്ലാ ടീമുകളും വമ്പന്‍ തയ്യാറെടുപ്പിലാണ്. ഇതോടെ മിക്ക ടീമുകളും പരിശീലന സെക്ഷന്‍ ആരംഭിച്ചിരിക്കുകയാണ്.

എന്നാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ ലോകകപ്പ് നിര്‍ണായകമാണ്. 2007ല്‍ എം.എസ്. ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ അവസാനമായി ടി-20 ലോകകപ്പ് നേടിയത്. നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി-20 ലോക കിരീടം രോഹിത്തിന്റെ കീഴില്‍ ഇന്ത്യ നേടിയെടുക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

ജൂണ്‍ ഒന്നിന് ബംഗ്ലാദേശുമായുള്ള സൗഹൃദമത്സരത്തോടെയാണ് ഇന്ത്യ ലോകകപ്പിന് തുടക്കം കുറിക്കുന്നത്. ഇതിനായി ഇന്ത്യന്‍ ടീം നേരത്തെ അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ എത്തുകയും പരിശീലനം ആരംഭിക്കുകയും ചെയ്തിരുന്നു. പരിശീലനത്തില്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവും ഉണ്ടായിരുന്നു. പരിക്കിനേത്തുടര്‍ന്ന് താരം ഏറെ നാള്‍ വിശ്രമത്തിലായിരുന്നു. ഐ.പി.എല്ലിന് ശേഷം ലോകകപ്പിലേക്ക് എത്തിനില്‍ക്കുമ്പോള്‍ സൂര്യ വമ്പന്‍ പ്രകടനം കാഴ്ചവെക്കുമെന്നാണ് ക്രിക്കറ്റ് പ്രേമികളും ആരാധകരും പറയുന്നത്.

ഇതോടെ ആരാധകര്‍ക്കിടയില്‍ സ്‌കൈയുടെ ഒരു തകര്‍പ്പന്‍ ലോകറെക്കോഡാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. ടി-20 ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ക്രിക്കറ്റ് താരത്തിനുമില്ലാത്ത റെക്കോഡാണ് താരം സ്വന്തമാക്കിയത്. 2022ലും 2023ലും ടി-20 ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം സ്‌കൈ സ്വന്തമാക്കിയിരുന്നു.

ടി-20 ബാറ്റിങ് റങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ളതും സൂര്യ തന്നെയാണ്. 861 പോയിന്റോടെയാണ് താരം റാങ്കിങ്ങില്‍ ഒന്നാമത് എത്തിയത്. ഈ വര്‍ഷവും 360 ഡിഗ്രിയില്‍ തകര്‍പ്പന്‍ പ്രകടനം നിലനിര്‍ത്തി സൂര്യ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുമെന്നും ഉറപ്പാണ്. ലോകകപ്പില്‍ ജൂണ്‍ അഞ്ചിന് അയര്‍ലാന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് ( വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍ , അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ട്രാവലിങ് റിസര്‍വ് താരങ്ങള്‍

ശുഭ്മന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍.

Content highlight: Suryakumar Yadav In Great Achievement In T-20 Cricket

We use cookies to give you the best possible experience. Learn more