ഐ.സി.സി പുറത്തുവിട്ട പുതുക്കിയ റാങ്കിങ്ങില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിന് തകര്‍പ്പന്‍ മുന്നേറ്റം. കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തിന് പിന്നാലെ ടി-20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്.
പാകിസ്ഥാന്‍ ഓപ്പണര്‍ മുഹമ്മദ് റിസ്വാനെ മറികടന്നുകൊണ്ടായിരുന്നു സ്‌കൈ നേട്ടം സ്വന്തമാക്കിയത്. സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തിന് പിന്നാലെ 863 റേറ്റിങ് പോയിന്റാണ് സൂര്യകമാറിനുള്ളത്. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന റിസ്വാന് 842 റേറ്റിങ് പോയിന്റാണുള്ളത്.
സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തില്‍ ഇന്ത്യന്‍ നിരയില്‍ പിടിച്ചുനിന്നത് സൂര്യകുമാര്‍ യാദവ് മാത്രമായിരുന്നു. 40 പന്തില്‍ നിന്നും 68 റണ്‍സായിരുന്നു താരം നേടിയത്. മുന്‍ നിര താരങ്ങളെല്ലാം തന്നെ ഒന്നിന് പിന്നാലെ ഒന്നായി പരാജയപ്പെട്ടപ്പോഴും സൂര്യകുമാര്‍ പിടിച്ചുനിന്നു.
സ്‌കൈയുടെ ഇന്നിങ്‌സ് മാത്രമാണ് ഇന്ത്യക്ക് പൊരുതാനുള്ള സ്‌കോര്‍ സമ്മാനിച്ചത്.
സൂര്യകുമാറിന് പുറമെ ഗ്ലെന്‍ ഫിലിപ്‌സും പട്ടികയില്‍ നേട്ടമുണ്ടാക്കി. ശ്രീലങ്കക്കെതിരായ മത്സരത്തില്‍ നേടിയ സെഞ്ച്വറിയാണ് ഫിലിപ്‌സിന് തുണയായത്. നിലവില്‍ ഏഴാം സ്ഥാനത്താണ് കിവീസിന്റെ സൂപ്പര്‍ താരം.
സൂര്യകുമാര്‍ യാദവ്, മുഹമ്മദ് റിസ്വാന്‍, ഡെവോണ്‍ കോണ്‍വേ, ബാബര്‍ അസം, ഏയ്ഡന്‍ മര്‍ക്രം എന്നിവരാണ് ആദ്യ അഞ്ചില്‍ ഇടം നേടിയിരിക്കുന്നത്.
അതേസമയം, ബംഗ്ലാദേശിനെതിരെ അഡ്‌ലെയ്ഡില്‍ വെച്ച് നടക്കുന്ന മത്സരത്തിലും സൂര്യകുമാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 16 പന്തില്‍ നിന്നും 187.50 സ്‌ട്രൈക്ക് റേറ്റില്‍ 30 റണ്‍സാണ് താരം നേടിയത്.
അഡ്‌ലെയ്ഡ് ടി-20യില്‍ മികച്ച നിലയിലാണ് ഇന്ത്യ. ഓപ്പണറായ കെ.എല്‍ രാഹുല്‍ ടൂര്‍ണമെന്റില്‍ ആദ്യമായി മികച്ച പ്രകടനം കാഴ്ചവെച്ച മത്സരം കൂടിയായിരുന്നു ഇത്. 32 പന്തില്‍ നിന്നും 50 റണ്‍സ് നേടിയാണ് താരം പുറത്തായത്.
മുന്‍ നായകന്‍ വിരാട് കോഹ്‌ലിയും അര്‍ധ സെഞ്ച്വറി തികച്ചിട്ടുണ്ട്. ഇന്നത്തെ മത്സരത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെ ടി-20 ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന റെക്കോഡാണ് കോഹ്‌ലി സ്വന്തമാക്കിയത്.
1016 റണ്‍സ് നേടിയ ശ്രീലങ്കന്‍ ഇതിഹാസം മഹേല ജയവര്‍ധനെയുടെ റെക്കോഡാണ് താരം തകര്‍ത്തത്. നിലവില്‍ 1060 റണ്‍സാണ് കോഹ്‌ലിക്കുള്ളത്.
അതേസമയം, 19 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റിന് 170 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. വിരാട് കോഹ്‌ലിയും ആര്‍. അശ്വിനുമാണ് ഇന്ത്യക്കായി ക്രീസിലുള്ളത്.
ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ വിജയിച്ചാല്‍ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതെത്താനും സെമി സാധ്യത സജീവമാക്കാനും ഇന്ത്യക്കാവും.
Content Highlight: Suryakumar Yadav has overtaken Mohammad Rizwan to become the world’s number one T20 batter.