ടി-20 ഫോര്‍മാറ്റിന്റെ സ്‌ഫോടനാത്മകമായ ഇന്നിങ്‌സ് പുറത്തെടുത്തായിരുന്നു ടി-20 ഫോര്‍മാറ്റിലെ ഇന്ത്യയുടെ വിശ്വസ്തന്‍ സൂര്യകുമാര്‍ ഇന്ത്യയുടെ വിജയത്തിന് അടിത്തറയിട്ടത്. ഇന്ത്യ – ന്യൂസിലാന്‍ഡ് പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടി വന്നതിനാല്‍ രണ്ടാം മത്സരത്തില്‍ വിജയം മാത്രം ലക്ഷ്യം വെച്ചായിരുന്നു ഇരു ടീമും ബേ ഓവലില്‍ കളത്തിലിറങ്ങിയത്.
എന്നാല്‍ സൂര്യകുമാര്‍ എന്ന മലവെള്ളപ്പാച്ചിലില്‍ കിവി പക്ഷികള്‍ ഒലിച്ചു പോവുകയായിരുന്നു. 51 പന്തില്‍ നിന്നും 111 റണ്‍സുമായി ഇന്നിങ്‌സിനെ മുന്നില്‍ നിന്നും നയിച്ച താരത്തിന്റെ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. സ്‌കൈ തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്.
ന്യൂസിലാന്‍ഡ് നിരയില്‍ പന്തെറിഞ്ഞ താരങ്ങളെല്ലാം തന്നെ സാമാന്യം ഭേദപ്പെട്ട രീതിയില്‍ തല്ല് വാങ്ങിക്കൂട്ടിയപ്പോള്‍ ലോക്കി ഫെര്‍ഗൂസന്‍ എറിഞ്ഞ 19ാം ഓവറാണ് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്.
22 റണ്‍സാണ് 19ാം ഓവറില്‍ മാത്രം ന്യൂസിലാന്‍ഡ് വഴങ്ങിയത്. ഇന്‍ ഫോം ബാറ്റര്‍ സൂര്യകുമാര്‍ യാദവിന് മുമ്പില്‍ ലോക്കി ഫെര്‍ഗൂസന്‍ ആയുധം താഴെ വെച്ച് മടങ്ങുന്ന കാഴ്ചയായിരുന്നു ക്രിക്കറ്റ് ലോകം കണ്ടത്.
19ാം ഓവറിലെ ആദ്യ പന്ത് ഫോറടിച്ച് തുടങ്ങിയ സൂര്യകുമാര്‍ യാദവ് തുടങ്ങിയത്. രണ്ടാം പന്തില്‍ റണ്‍സൊന്നും പിറന്നിരുന്നില്ല. അടുത്ത മൂന്ന് പന്തുകളില്‍ ബൗണ്ടറിയടിച്ച സൂര്യകുമാര്‍ ആറാം പന്ത് സിക്‌സറിന് തൂക്കിയാണ് ഓവര്‍ അവസാനിപ്പിച്ചത്.
A well deserved Player of the Match award for @surya_14kumar as #TeamIndia win by 65 runs in the 2nd T20I 👏👏
സൂര്യകുമാറിന്റെ ഇന്നിങ്‌സിന്റെ ബലത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടിയിരുന്നു. സൂര്യകുമാറിന് പുറമെ ഓപ്പണര്‍ ഇഷാന്‍ കിഷന്‍ മാത്രമാണ് ചെറിയ തോതിലെങ്കിലും റണ്‍സ് ഉയര്‍ത്താന്‍ ശ്രമിച്ചത്.
192 റണ്‍സ് വിജയലക്ഷ്യമാക്കിയിറങ്ങിയ കിവീസിന് തുടക്കത്തിലേ പിഴച്ചിരുന്നു. ആദ്യ ഓവറില്‍ തന്നെ ഫിന്‍ അലനെ പുറത്താക്കി ഭുവനേശ്വര്‍ കുമാര്‍ കമ്പക്കെട്ടിന് തിരി കൊളുത്തി. രണ്ട് പന്ത് മാത്രം നേരിട്ട് അര്‍ഷ്ദീപിന് ക്യാച്ച് നല്‍കിയായിരുന്നു അലന്റെ മടക്കം.
പതിവിന് വിപരീതമായി കെയ്ന്‍ വില്യംസണ്‍ മികച്ച പ്രകടനം നടത്തിയ മത്സരമായിരുന്നു ഇത്. 52 പന്തില്‍ നിന്നും 61 റണ്‍സ് നേടിയാണ് കെയ്ന്‍ വില്യംസണ്‍ പുറത്തായത്. ചെയ്‌സിങ്ങില്‍ ന്യൂസിലാന്‍ഡിന്റെ നെടുംതൂണായ ഇന്നിങ്‌സായിരുന്നു നായകന്‍ പുറത്തെടുത്ത്.
എന്നാല്‍ താരത്തിന് പിന്തുണ നല്‍കാന്‍ ആരുമില്ലാതെ പോയതോടെ ന്യൂസിലാന്‍ഡ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. 18.5 ഓവറില്‍ 126 റണ്‍സിന് ന്യൂസിലാന്‍ഡ് ഓള്‍ ഔട്ടായി.
ഇന്ത്യന്‍ നിരയില്‍ അര്‍ഷ്ദീപ് ഒഴികെ എല്ലാ ബൗളര്‍മാരും വിക്കറ്റ് നേടിയിരുന്നു.
2.5 ഓവറില്‍ 10 റണ്‍സ് മാത്രം വിട്ടുനല്‍കി നാല് വിക്കറ്റ് വീഴ്ത്തിയ ദീപക് ഹൂഡയാണ് ഇന്ത്യന്‍ നിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. ചഹല്‍, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഭുവനേശ്വറും വാഷിങ്ടണ്‍ സുന്ദറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Deepak Hooda is our Top Performer from the second innings for his brilliant bowling figures of 4/10 in 2.5 overs.