ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ടി-20 പരമ്പരയിലെ അവസാന മത്സരത്തിന്റെ സ്‌ക്വാഡ് പ്രഖ്യാപിച്ച് ബി.സി.സി.ഐ. കഴിഞ്ഞ മത്സരത്തില്‍ നിന്നും വമ്പന്‍ മാറ്റങ്ങളുമായിട്ടാണ് ടീം ഇന്ത്യ അഞ്ചാം മത്സരത്തിനിറങ്ങുന്നത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും സൂര്യകുമാര്‍ യാദവിനുമടക്കം പലതാരങ്ങള്‍ക്കും അഞ്ചാം മത്സരത്തില്‍ ഇന്ത്യ വിശ്രമം അനുവദിച്ചിട്ടുണ്ട്. രോഹിത്തിന് പകരക്കാരനായി സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്.
സൂര്യകുമാറിന് വിശ്രമം അനുവദിച്ചതോടെ താരത്തിന് ഐ.സി.സി റാങ്കിങ്ങില്‍ ഒന്നാമതെത്താനുള്ള മികച്ച അവസരമാണ് ബി.സി.സി.ഐ നഷ്ടപ്പെടുത്തിയത്. ഈ മത്സരത്തില്‍ 50 റണ്‍സ് നേടിയാല്‍ സൂര്യകുമാറിന് ഐ.സി.സി. ടി-20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ സാധിക്കുമായിരുന്നു.
താരത്തിന്റെ നിലവിലെ ഫോം അനുസരിച്ച് ഈ റണ്‍സ് കണ്ടെത്താനും റാങ്കിങ്ങില്‍ ഒന്നാമതെത്താനും സാധിക്കുമായിരുന്നു.
പാക് നായകന്‍ ബാബര്‍ അസമാണ് റാങ്കിങ്ങിലെ ഒന്നാമന്‍. രണ്ടാമതുള്ള സൂര്യകുമാറിന് ബാബറിനേക്കാള്‍ വെറും രണ്ട് റേറ്റിങ് മാത്രമാണ് കുറവുള്ളത്.
പരമ്പരയിലെ മൂന്നാം മത്സരത്തില്‍ സ്‌കൈ നടത്തിയ വീരോചിത പ്രകടനമാണ് താരത്തെ ബാബറിനൊപ്പം എത്തിച്ചത്. രോഹിത് ശര്‍മ പരിക്കേറ്റ് പുറത്തായ മത്സരത്തില്‍ 76 റണ്‍സെടുത്താണ് താരം ഇന്ത്യയുടെ നായകനായത്.
ഐ.സി.സി റാങ്കിങ്ങില്‍ 818 റേറ്റിങ്ങാണ് ഒന്നാമതുള്ള ബാബറിനുള്ളത്. 816 റേറ്റിങ്ങുമായിട്ടാണ് സൂര്യകുമാര്‍ രണ്ടാം സ്ഥാനത്ത് തുടരുന്നത്. പാകിസ്ഥാന്‍ താരം മുഹമ്മദ് റിസ്വാനാണ് റാങ്കിങ്ങില്‍ മൂന്നാമന്‍. 794 റേറ്റിങ്ങാണ് താരത്തിനുള്ളത്.
അഞ്ചാം മത്സരത്തില്‍ പ്ലെയിങ് ഇലവനില്‍ നിന്നും പുറത്തായതോടെ ഒന്നാം സ്ഥാനത്തെത്താന്‍ താരത്തിന് ഇനിയും കാത്തിരിക്കേണ്ടിവരും.
അതേസമയം, പ്ലെയിങ് ഇലവനില്‍ നിരന്തര പരീക്ഷണം നടത്തുന്ന ഇന്ത്യ അഞ്ചാം മത്സരത്തിലും അതാവര്‍ത്തിച്ചിട്ടുണ്ട്. ഇഷാന്‍ കിഷനൊപ്പം ശ്രേയസ് അയ്യരാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്.
അഞ്ചാം ടി-20 ഇന്ത്യ പ്ലെയിങ് ഇലവന്‍:
ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, ദീപക് ഹൂഡ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്
അഞ്ചാം ടി-20 വെസ്റ്റ് ഇന്‍ഡീസ് പ്ലെയിങ് ഇലവന്‍:
ഷമാര്‍ ബ്രൂക്‌സ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, നിക്കോളാസ് പൂരന്‍ (ക്യാപ്റ്റന്‍), റോവ്മന്‍ പവല്‍, ഡെവോണ്‍ തോമസ് (വിക്കറ്റ് കീപ്പര്‍), ഓഡിയന്‍ സ്മിത്, ജേസണ്‍ ഹോള്‍ഡര്‍, കീമോ പോള്‍, ഡൊമനിക് ഡ്രേക്‌സ്, ഒബെഡ് മക്കോയ്, ഹെയ്ഡന്‍ വാല്‍ഷ് ജൂനിയര്‍
Content Highlight: Suryakumar Yadav excluded in India vs West Indies 5th T20