Sports News
ഒരു മത്സരത്തില്‍ തന്നെ രണ്ട് തവണ വിരാടിനൊപ്പം, അതും രണ്ട് റെക്കോഡില്‍; കണ്ണീരിലും ചിരി പകര്‍ന്ന് സൂര്യ
ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ടി-20 പരമ്പര ഇന്ത്യ അടിയറ വെച്ചിരിക്കുകയാണ്. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-2നാണ് പരാജയപ്പെട്ടത്. ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ഇന്ത്യ മൂന്ന്, നാല് മത്സരങ്ങളില്‍ ശക്തമായ തിരിച്ചുവരവ് നടത്തി വിന്‍ഡീസിനൊപ്പമെത്തിയിരുന്നു. എന്നാല്‍ സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ വിന്‍ഡീസ് എട്ട് വിക്കറ്റിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു.
അഞ്ചാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞടുത്തു. നാലാം മത്സരത്തില്‍ തിളങ്ങിയ ഓപ്പണര്‍മാര്‍ മങ്ങിയപ്പോള്‍ സ്‌കോര്‍ ഉയര്‍ത്താനുള്ള ചുമതല സൂര്യകുമാര്‍ യാദവിനുള്ളതായി. ആ ചുമതല കൃത്യമായി നിര്‍വഹിച്ച ടി-20 സ്‌പെഷ്യലിസ്റ്റ് ഇന്ത്യയെ മോശമല്ലാത്ത സ്‌കോറിലേക്കുയര്‍ത്തി.
45 പന്തില്‍ നിന്നും 135.65 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 61 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. മൂന്ന് സിക്‌സറും നാല് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു സൂര്യയുടെ ഇന്നിങ്‌സ്.
ഈ ഹാഫ് സെഞ്ച്വറിയിലൂടെ സൂര്യക്ക് ഇന്ത്യയെ വിജയിപ്പിക്കാന്‍ സാധിച്ചിരുന്നില്ലെങ്കിലും പല റെക്കോഡ് നേട്ടത്തിലും തന്റെ പേരെഴുതി വെക്കാന്‍ സാധിച്ചിരുന്നു. മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്കൊപ്പം രണ്ട് റെക്കോഡിലാണ് സൂര്യ തന്റെ പേരും ഒന്നാം സ്ഥാനത്ത് കുറിച്ചിട്ടത്.
സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ ഏറ്റവുമധികം 50+ സ്‌കോര്‍ നേടിയ താരങ്ങളുടെ പട്ടികയിലാണ് സ്‌കൈ ഒന്നാമതെത്തിയിരിക്കുന്നത്. മൂന്ന് തവണയാണ് സൂര്യ ഈ നേട്ടം കുറിച്ചത്. ഇതില്‍ രണ്ട് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഉള്‍പ്പെടും.
സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ സൂര്യകുമാറിന്റെ പ്രകടനം.
32 (17) vs ഇംഗ്ലണ്ട്
69 (36) vs ഓസ്‌ട്രേലിയ
112* (51) vs ശ്രീലങ്ക
24 (13) vs ന്യൂസിലാന്‍ഡ്
61 (45) vs വെസ്റ്റ് ഇന്‍ഡീസ്
സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ ഏറ്റവുമധികം 50+ റണ്‍സ് നേടിയ താരങ്ങള്‍.
സൂര്യകുമാര്‍ യാദവ് – 3 തവണ
വിരാട് രോഹ് ലി – 3 തവണ
രോഹിത് ശര്‍മ – 3 തവണ
ഇതിന് പുറമെ ടി-20യിലെ ആദ്യ 50 ഇന്നിങ്‌സില്‍ നിന്നും ഏറ്റവുമധികം 50+ റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയിലും സൂര്യ വിരാടിനൊപ്പമെത്തി. 18 തവണയാണ് ഇരുവരും 50+ സ്‌കോര്‍ ചെയ്തത്.
വിരാട് കോഹ്‌ലി – 18 തവണ (18 അര്‍ധ സെഞ്ച്വറി)
സൂര്യകുമാര്‍ യാദവ് – 18 തവണ (15 അര്‍ധ സെഞ്ച്വറി, മൂന്ന് സെഞ്ച്വറി)
കെ.എല്‍. രാഹുല്‍ – 17 തവണ (15 അര്‍ധ സെഞ്ച്വറി, 2 സെഞ്ച്വറി)
Content Highlight: Suryakumar Yadav equals Virat Kohli’s record