| Tuesday, 3rd December 2024, 2:56 pm

ഒപ്പമെത്തിയ സഞ്ജുവിനെയും വെട്ടി കുതിപ്പ്, ധോണിയും സെയ്ഫല്ല; ആകാശം തൊട്ട് സ്‌കൈ

സ്പോര്‍ട്സ് ഡെസ്‌ക്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ നാലാം വിജയവുമായി മുംബൈ. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ സര്‍വീസസിനെതിരെ നടന്ന മത്സരത്തില്‍ 39 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് മുംബൈ സ്വന്തമാക്കിയത്.

മുംബൈ ഉയര്‍ത്തിയ 193 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സര്‍വീസസ് 153ന് പുറത്തായി.

ശിവം ദുബെയുടെയും സൂര്യകുമാര്‍ യാദവിന്‍രെയും വെടിക്കെട്ടിന്റെ കരുത്തിലാണ് മുംബൈ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. ദുബെ 37 പന്തില്‍ പുറത്താകാതെ 71 റണ്‍സ് നേടിയപ്പോള്‍ 46 പന്തില്‍ 70 റണ്‍സാണ് സൂര്യകുമാര്‍ സ്വന്തമാക്കിയത്. 18 പന്തില്‍ 22 റണ്‍സ് നേടിയ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയാണ് മറ്റൊരു റണ്‍ ഗെറ്റര്‍.

193 എന്ന ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ സര്‍വീസസിന് തുടക്കത്തിലേ തിരിച്ചടിയേറ്റു. ഒന്നിന് പിന്നാലെ ഒന്നായി വിക്കറ്റ് വീണതോടെ സ്‌കോര്‍ ബോര്‍ഡും ചലിക്കാതെയായി.

എന്നാല്‍ ക്യാപ്റ്റന്‍ മോഹിത് അഹ്‌ലാവത് ചെറുത്തു നിന്നു. 40 പന്തില്‍ 54 റണ്‍സാണ് താരം സ്വന്തമാക്കിയത്. 24 പന്തില്‍ 22 റണ്‍സുമായി വികാസ് ഹത്വാലയും 11 പന്തില്‍ 20 റണ്‍സുമായി മോഹിത് രാതിയും തങ്ങളാലാവുന്നത് ചെയ്‌തെങ്കിലും വിജയിക്കാന്‍ അതൊന്നും പോരാതെ വരികയായിരുന്നു.

ഒടുവില്‍ 19.3 ഓവറില്‍ 153ന് ടീം പുറത്തായി. ഷര്‍ദുല്‍ താക്കൂര്‍ നാല് വിക്കറ്റെടുത്തപ്പോള്‍ ഷാംസ് മുലാനി മൂന്ന് വിക്കറ്റുമായി തിളങ്ങി. അമിത് ശുക്ല റണ്‍ ഔട്ടായി പുറത്തായപ്പോള്‍ ശിവം ദുബെയും മോഹിത് അവസ്തിയും ശേഷിച്ച വിക്കറ്റും സ്വന്തമാക്കി.

റെക്കോഡ് നേട്ടത്തില്‍ സ്‌കൈ

ഈ മത്സരത്തിലെ മികച്ച ബാറ്റിങ് പ്രകടനത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും സൂര്യ സ്വന്തമാക്കി. ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറിയാണ് സ്‌കൈ കയ്യടി നേടിയത്.

ഈ മത്സരത്തില്‍ നേടിയ നാല് സിക്‌സറുകളാണ് സൂര്യയെ ഈ നേട്ടത്തിന് അര്‍ഹനാക്കിയത്.

രണ്ട് ദിവസം മുമ്പ് കേരള ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഈ റെക്കോഡ് നേട്ടത്തില്‍ സൂര്യക്കൊപ്പമെത്തിയിരുന്നു. ഗോവക്കെതിരായ മത്സരത്തില്‍ രണ്ട് സിക്‌സര്‍ സ്വന്തമാക്കിയതിന് പിന്നാലെയാണ് സഞ്ജു സൂര്യക്കൊപ്പമെത്തിയത്.

എന്നാല്‍ സഞ്ജുവിനെ മറികടന്ന് മുംബൈ താരം ധോണിക്കൊപ്പം മൂന്നാം സ്ഥാനം പങ്കിടുകയാണ് സൂര്യ. 338 സിക്‌സറുകളാണ് സൂര്യയുടെ പേരിലുള്ളത്. ധോണിയെക്കാളും കുറവ് മത്സരം കളിച്ചാണ് സൂര്യ ഈ നേട്ടത്തിലെത്തിയത്.

ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – ഇന്നിങ്‌സ് – സിക്‌സര്‍ എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – 435 – 525

വിരാട് കോഹ്‌ലി – 382 – 416

സൂര്യകുമാര്‍ യാദവ് – 300 – 338*

എം.എസ്. ധോണി – 342 – 338

സഞ്ജു സാംസണ്‍ – 277 – 334

സുരേഷ് റെയ്‌ന – 336 – 325

കെ.എല്‍. രാഹുല്‍ – 213 – 311

അതേസമയം, നോക്കൗട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് മുംബൈ. അഞ്ച് മത്സരത്തില്‍ നിന്നും നാല് ജയത്തോടെ 16 പോയിന്റാണ് മുംബൈക്കുള്ളത്. ആറ് മത്സരത്തില്‍ നാല് ജയവുമായി കേരളത്തിനും 16 പോയിന്റാണുള്ളത്.

ഡിസംബര്‍ അഞ്ചിനാണ് മുംബൈയുടെ അടുത്ത മത്സരം. ഹൈദരാബാദില്‍ നടക്കുന്ന മത്സരത്തില്‍ അപരാജിതരായ ആന്ധ്രയാണ് എതിരാളികള്‍.

Content highlight: Suryakumar Yadav equals MS Dhoni’s record of most T20 sixes

We use cookies to give you the best possible experience. Learn more