ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം സീസണിൽ മത്സരങ്ങൾ പുരോഗമിക്കവെ ആവേശത്തിന്റെ കൊടുമുടിയിലാണ് ആരാധകർ. ഓരോ മത്സരങ്ങൾ കഴിയുമ്പോഴും ലീഗിൽ മത്സരത്തിന്റെ ആവേശവും ഊർജ്ജവും വർധിക്കുകയാണ്.
എന്നാൽ അതോടൊപ്പം തന്നെ കളിക്കളത്തിലെ പ്രകടനങ്ങളുടെ പേരിൽ പ്ലെയേഴ്സിനും ടീമുകൾക്കുമെതിരെയുള്ള വിമർശനങ്ങൾക്കും ഐ.പി.എൽ വേദിയാകുന്നുണ്ട്.
ഇന്ത്യയുടെ ഓസീസിനെതിരെയുള്ള ഏകദിന പരമ്പരയിൽ തുടർച്ചയായി മൂന്ന് ഗോൾഡൻ ഡക്കുകൾ ഏറ്റുവാങ്ങി ആരാധകരുടെയും ക്രിക്കറ്റ് വിദഗ്ധരുടെയും വിമർശനങ്ങൾ ഏറ്റുവാങ്ങിയ സൂര്യ കുമാർ യാദവിന്റെ ബാറ്റിങ് രീതിയെക്കുറിച്ച് തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഓസീസ് താരമായ ഷോൺ ടൈറ്റ്.
സൂര്യകുമാർ യാദവ് നല്ല ബാറ്ററാണെന്നും പക്ഷെ സ്ഥിരതയില്ലെന്നുമാണ് ഷോൺ ടൈറ്റിന്റെ അഭിപ്രായം.
ഐ.പി.എൽ പതിനാറാം സീസണിൽ കളിച്ച രണ്ട് മത്സരങ്ങളിൽ നിന്നും 16 റൺസ് മാത്രമെ സൂര്യ കുമാറിന് സ്കോർ ചെയ്യാൻ സാധിച്ചിട്ടുള്ളൂ. അതിൽ ചെന്നൈക്കെതിരെയുള്ള മത്സരത്തിൽ ഒരു ഒരു റൺസാണ് സൂര്യ കുമാർ സ്കോർ ചെയ്തത്.
ഇ.എസ്.പി.എൻ ക്രിക്ക് ഇൻഫോയോട് സംസാരിക്കവെയാണ് സൂര്യ കുമാർ യാദവിന്റെ ബാറ്റിങ് രീതിയെക്കുറിച്ചുള്ള തന്റെ അഭിപ്രായം ഷോൺ ടൈറ്റ് തുറന്ന് പറഞ്ഞത്.
“ഗ്ലെൻ മാക്സ് വെല്ലിന്റെ കാര്യമെടുത്താൽ അദ്ദേഹം മികച്ചതും മോശമായതുമായ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന് വിമർശനങ്ങളും പലപ്പോഴായി നേരിടേണ്ടി വന്നിട്ടുണ്ട്. സൂര്യ കുമാർ യാദവിനെപ്പോലെ തന്നെയാണ് മാക്സ് വെല്ലും കളിക്കുന്നത്. മികച്ച ഷോട്ടുകൾ തെരെഞ്ഞെടുത്ത് കളിക്കുന്നതിൽ സൂര്യക്ക് നല്ല കഴിവുണ്ട്,’ ടൈറ്റ് പറഞ്ഞു
“സൂര്യ ഗംഭീര പ്ലെയറാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. എന്നാൽ അദ്ദേഹം ഒരു സ്ഥിരതയുള്ള പ്ലെയറല്ല. വിരാടിനെപ്പോലെയുള്ള മികച്ച താരമായ സൂര്യയെ വിരാടിൽ നിന്നും വേറിട്ട് നിർത്തുന്നത് അദ്ദേഹത്തിന്റെ സ്ഥിരതയില്ലായ്മയാണ്. മത്സരത്തെ മാറ്റി മറിക്കാനും കാണികളെ എന്റർടെയ്ൻ ചെയ്യിക്കാനും ശേഷിയുള്ളപ്പോഴും സ്ഥിരതയില്ലായ്മ അദ്ദേഹത്തിൽ ഒരു പ്രശ്നമായി നിലനിൽക്കുന്നുണ്ട്,’ ഷോൺ ടൈറ്റ് കൂട്ടിച്ചേർത്തു.
അതേസമയം ഏപ്രിൽ ഒമ്പതിന് സൺ റൈസേഴ്സ് ഹൈദരാബാദും പഞ്ചാബ് കിങ്‌സും തമ്മിലാണ് ഐ.പി.എല്ലിൽ മത്സരിക്കുന്നത്.
രാജസ്ഥാൻ റോയൽസാണ് നിലവിൽ ഐ.പി.എൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാർ.
Content Highlights: Suryakumar Yadav dont haveconsistency said Shaun Tait