ഇവന്‍ ഈ ഫോര്‍മാറ്റിന് വേണ്ടി ജനിച്ചവനാണ്! 273.68 പ്രഹരശേഷിയില്‍ ടി-20യുടെ ചരിത്രം തിരുത്തിക്കുറിച്ചു; ആദ്യ ഇന്ത്യക്കാരന്‍ സ്‌കൈ
Cricket
ഇവന്‍ ഈ ഫോര്‍മാറ്റിന് വേണ്ടി ജനിച്ചവനാണ്! 273.68 പ്രഹരശേഷിയില്‍ ടി-20യുടെ ചരിത്രം തിരുത്തിക്കുറിച്ചു; ആദ്യ ഇന്ത്യക്കാരന്‍ സ്‌കൈ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 12th April 2024, 7:49 am

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനു വീണ്ടും തോല്‍വി. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഏഴ് വിക്കറ്റുകള്‍ക്കാണ് ബെംഗളൂരുവിനെ പരാജയപ്പെടുത്തിയത്.

മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഹോം ടീം ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് ആണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 15.3 ഓവറില്‍ ഏഴ് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

മുംബൈ ബാറ്റിങ് നിരയില്‍ സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് ഏറെ ശ്രദ്ധേയമായത്. 19 പന്തില്‍ 52 റണ്‍സ് നേടിക്കൊണ്ടായിരുന്നു സൂര്യയുടെ തകര്‍പ്പന്‍ പ്രകടനം. 273.68 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത താരം അഞ്ച് ഫോറുകളും നാല് സിക്‌സുകളുമാണ് അടിച്ചെടുത്തത്.

ഇതിനു പിന്നാലെ ഒരു ചരിത്ര നേട്ടമാണ് സൂര്യകുമാര്‍ യാദവ് സ്വന്തമാക്കിയത്. ടി-20യില്‍ 250+ സ്‌ട്രൈക്ക് റേറ്റില്‍ മൂന്ന് തവണ 50+ റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് സൂര്യകുമാര്‍ യാദവ് സ്വന്തം പേരില്‍ കുറിച്ചത്. ഇതിനുമുമ്പ് സൗത്ത് ആഫ്രിക്കെതിരെ 22 പന്തില്‍ 61 റണ്‍സും ഹോങ്കോങ്ങിനെതിരെ 26 പന്തില്‍ പുറത്താവാതെ 68 റണ്‍സുമാണ് സൂര്യ നേടിയത്.

സൂര്യയ്ക്ക് പുറമേ ഇഷാന്‍ കിഷന്‍ 34 പന്തില്‍ 69 റണ്‍സും നേടി. ഏഴ് ഫോറുകളും അഞ്ച് സിക്‌സുകളും ആണ് ഇഷാന്റെ ബാറ്റില്‍ നിന്നും പിറന്നത്. രോഹിത് ശര്‍മ 24 പന്തില്‍ 38 റണ്‍സ് നേടിയും നിര്‍ണായകമായി.

അതേസമയം ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരുവിനായി നായകന്‍ ഫാഫ് ഡുപ്ലെസിസ് 40 പന്തില്‍ 61 റണ്‍സും ദിനേശ് കാര്‍ത്തിക് 23 പന്തില്‍ പുറത്താവതെ 53 റണ്‍സും രജത് പടിതാര്‍ 26 പന്തില്‍ 50 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

മുംബൈ ബൗളിങ്ങില്‍ ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റുകള്‍ മികച്ച പ്രകടനമാണ് നടത്തിയത്. നാല് ഓവറില്‍ ഒന്ന് റണ്‍സ് വിട്ടുനല്‍കിയായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. ജെറാള്‍ഡ് കൊട്‌സീ, ആകാശ് മധ്വാള്‍, ശ്രേയസ് ഗോപാല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

 

Content Highlight: Suryakumar yadav create a new record in T20