ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് സീസണിലെ തങ്ങളുടെ നാലാം ജയം സ്വന്തമാക്കിയിരുന്നു.
മുംബൈയുടെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ സന്ദര്‍ശകരെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ 17.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.
സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തിലാണ് മുംബൈ ജയിച്ചു കയറിയത്. 51 പന്തില്‍ പുറത്താവാതെ 102 റണ്‍സ് നേടിക്കൊണ്ടായിരുന്നു സൂര്യയുടെ മിന്നും പ്രകടനം. 200 സ്‌ട്രൈക്ക് റേറ്റില്‍ 12 ഫോറുകളും ആറ് കൂറ്റന്‍ സിക്‌സുകളും ആണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് സൂര്യകുമാറിനെ തേടിയെത്തിയത്. ഐ.പി.എല്ലില്‍ ചെയ്സിങ് ചെയ്തു വിജയിച്ച മത്സരങ്ങളില്‍ നാലാം നമ്പറില്‍ ഇറങ്ങി സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടമാണ് സൂര്യകുമാര്‍ യാദവ് സ്വന്തമാക്കിയത്.
മറ്റൊരു നേട്ടവും സ്‌കൈ സ്വന്തമാക്കി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പിന്തുടര്‍ന്ന് വിജയിച്ച മത്സരങ്ങളില്‍ നാലാം നമ്പറില്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമായി മാറാനും സൂര്യകുമാറിന് സാധിച്ചു.
2013ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ഡേവിഡ് മില്ലറും 2017ല്‍ ഗുജറാത്ത് ലയണ്‍സിനെതിരെ ബെന്‍ സ്റ്റോക്‌സും നാലാം നമ്പറില്‍ ഇറങ്ങി സെഞ്ച്വറി നേടിയിരുന്നു.
മുംബൈ ബൗളിങ്ങില്‍ പിയൂഷ് ചൗള, ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ മൂന്നു വീതം വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം നടത്തി.
അതേസമയം ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് വേണ്ടി ട്രാവിസ് ഹെഡ് 30 പന്തില്‍ 48 റണ്‍സും നായകന്‍ പാറ്റ് കമ്മിന്‍സ് 17 പന്തില്‍ പുറത്താവാതെ 35 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.
Content Highlight: Suryakumar Yadav create a new record in IPL