ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ടി-20 പരമ്പരക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുന്നത്. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 2-1 എന്ന നിലയില്‍ ആതിഥേയര്‍ ലീഡ് ചെയ്യുകയാണ്.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച വിന്‍ഡീസ് പരമ്പര ലക്ഷ്യമിട്ടാണ് മൂന്നാം ടി-20ക്കായി ഗയാനയിലെ പ്രൊവിഡന്‍സ് പാര്‍ക്കിലേക്കിറങ്ങിയത്. എന്നാല്‍ ബീസ്റ്റ് മോഡിലേക്ക് ഗിയര്‍ മാറ്റിയ സൂര്യകുമാര്‍ യാദവ് തങ്ങളെ കാത്തിരിക്കുന്ന കാര്യം അവരറിഞ്ഞിരുന്നില്ല.
മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ബാറ്റിങ് തെരഞ്ഞെടുത്തു. ടി-20യില്‍ വണ്‍ ഡേ കളിച്ച 42 പന്തില്‍ 42 റണ്‍സ് നേടിയ ബ്രാന്‍ഡന്‍ കിങ്ങിന്റെയും 19 പന്തില്‍ 40 റണ്‍സ് നേടിയ ക്യാപ്റ്റന്‍ റോവ്മന്‍ പവലിന്റെയും ഇന്നിങ്‌സിന്റെ കരുത്തില്‍ വിന്‍ഡീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് നേടി. 20 പന്തില്‍ 25 റണ്‍സ് നേടിയ കൈല്‍ മയേഴ്‌സാണ് മറ്റൊരു റണ്‍ ഗെറ്റര്‍.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ഓപ്പണര്‍മാര്‍ രണ്ട് പേരും നിരാശപ്പെടുത്തി. അരങ്ങേറ്റക്കാരന്‍ ജെയ്‌സ്വാള്‍ രണ്ട് പന്തില്‍ ഒരു റണ്‍സ് നേടിയപ്പോള്‍ 11 പന്തില്‍ ആറ് റണ്‍സായിരുന്നു ശുഭ്മന്‍ ഗില്ലിന്റെ സമ്പാദ്യം.
എന്നാല്‍ വണ്‍ ഡൗണായി ഇറങ്ങിയ സൂര്യകുമാറും നാലാം നമ്പറില്‍ ഇറങ്ങിയ തിലക് വര്‍മയും ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തി. 44 പന്തില്‍ നിന്നും പത്ത് ബൗണ്ടറിയുടെയും നാല് സിക്‌സറിന്റെയും അകമ്പടിയോടെ 83 റണ്‍സാണ് സ്‌കൈ നേടിയത്. നാല് ഫോറും ഒരു സിക്‌സറുമായി 37 പന്തില്‍ നിന്നും പുറത്താകാതെ 49 റണ്‍സാണ് തിലക് നേടിയത്.
ഈ വെടിക്കെട്ടിന് പിന്നാലെ മറ്റൊരു തകര്‍പ്പന്‍ റെക്കോഡും സൂര്യകുമാറിനെ തേടിയെത്തിയിരുന്നു. അന്താരാഷ്ട്ര ടി-20 മാച്ചുകളില്‍ നൂറ് സിക്‌സറുകള്‍ പൂര്‍ത്തിയാക്കിയതിന്റെ റെക്കോഡാണ് സ്‌കൈ സ്വന്തമാക്കിയത്. 101 സിക്‌സറുകളാണ് നിലവില്‍ സൂര്യയുടെ പേരിലുള്ളത്.
ഈ നേട്ടം സ്വന്തമാക്കുന്ന 14ാമത് താരവും മൂന്നാമത് ഇന്ത്യന്‍ താരവുമാണ് സൂര്യകുമാര്‍. രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയുമാണ് ഈ നേട്ടം കൈവരിച്ച മറ്റ് ഇന്ത്യന്‍ താരങ്ങള്‍.
ടി-20യില്‍ നൂറ് സിക്‌സറുകള്‍ പൂര്‍ത്തിയാക്കിയ താരങ്ങള്‍
(താരം – രാജ്യം – സിക്‌സറുകളുടെ എണ്ണം എന്നീ ക്രമത്തില്‍)
രോഹിത് ശര്‍മ – ഇന്ത്യ – 182
മാര്‍ട്ടിന്‍ ഗപ്ടില്‍ – ന്യൂസിലാന്‍ഡ് – 173
ആരോണ്‍ ഫിഞ്ച് – ഓസ്‌ട്രേലിയ – 125
ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 124
പോള്‍ സ്‌റ്റെര്‍ലിങ് – അയര്‍ലന്‍ഡ് – 123
ഓയിന്‍ മോര്‍ഗന്‍ – ഇംഗ്ലണ്ട് – 120
വിരാട് കോഹ്‌ലി – ഇന്ത്യ – 117
ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – 113
എവിന്‍ ലൂയീസ് – വെസ്റ്റ് ഇന്‍ഡീസ് – 111
കോളിന്‍ മണ്‍റോ – ന്യൂസിലാന്‍ഡ് – 107
ഗ്ലെന്‍ മാക്‌സ്‌വെല്‍ – ഓസ്‌ട്രേലിയ – 106
ഡേവിഡ് വാര്‍ണര്‍ – ഓസ്‌ട്രേലിയ – 105
ഡേവിഡ് മില്ലര്‍ – സൗത്ത് ആഫ്രിക്ക – 104
സൂര്യകുമാര്‍ യാദവ് – ഇന്ത്യ – 101
99 സിക്‌സര്‍ നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍. രാഹുലാണ് പട്ടികയിലെ 15ാമന്‍.
അതേസമയം, കഴിഞ്ഞ മത്സരത്തിലെ വിജയത്തിന് പിന്നാലെ പരമ്പരയിലേക്ക് മടങ്ങിയെത്താനും ഇന്ത്യക്കായി. ശേഷിക്കുന്ന രണ്ട് മത്സരത്തിലും വിജയം കണ്ടെത്താന്‍ സാധിച്ചാല്‍ കൈവിട്ടെന്ന് കരുതിയ പരമ്പര സ്വന്തമാക്കനും ഇന്ത്യക്ക് സാധിക്കും.
ഓഗസ്റ്റ് 12നാണ് പരമ്പരയിലെ നാലാം മത്സരം. സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജ്യണല്‍ പാര്‍ക്കാണ് വേദി.
Content highlight: Suryakumar Yadav completes 100 T20I sixes