| Wednesday, 23rd November 2022, 7:52 pm

ബൗളറുടെ റെക്കോഡും ബാറ്ററുടെ റെക്കോഡും ഒരുമിച്ച് തൂക്കി സൂര്യകുമാര്‍; വിരാടും ഭുവനേശ്വറും ഇനി സൂര്യക്ക് പിറകില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ടി-20 സ്‌പെഷ്യലിസ്റ്റ് എന്ന ടാഗിലേക്ക് വളരെ പെട്ടെന്ന് തന്നെയെത്തിയ താരമാണ് സൂര്യകുമാര്‍ യാദവ്. ഏത് പൊസിഷനിലിറങ്ങിയാലും തന്റെ വന്യമായ ഹിറ്റിങ് പവര്‍ കൊണ്ട് ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ കെല്‍പുള്ള താരമായി മാറിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് രാകിമിനുക്കിയെടുത്ത ഈ 32കാരന്‍.

ബാറ്റിങ്ങില്‍ ടോപ് ഓര്‍ഡര്‍ തകര്‍ന്നാലും മിഡില്‍ ഓര്‍ഡറില്‍ സൂര്യകുമാര്‍ ഉണ്ടെന്ന വിശ്വാസത്തിലേക്ക് ആരാധകര്‍ ഇതിനോടകം തന്നെ എത്തിക്കഴിഞ്ഞു. ടി-20 ലോകകപ്പില്‍ രോഹിത്തും രാഹുലും പരാജയമായപ്പോള്‍ വിരാടും സൂര്യകുമാറും ചേര്‍ന്നാണ് ഇന്ത്യയെ താങ്ങി നിര്‍ത്തിയത്.

ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലും ഇന്ത്യക്ക് തുണയാകാന്‍ സൂര്യകുമാര്‍ തന്നെയായിരുന്നു ഉണ്ടായത്. മഴ കളിക്കുകയും ആദ്യ മത്സരം ഉപേക്ഷിക്കേണ്ടി വരികയും ചെയ്തതോടെ രണ്ടാം മത്സരത്തില്‍ വിജയം മാത്രം മുന്നില്‍ കണ്ടുകൊണ്ടാണ് ഇന്ത്യയും ന്യൂസിലാന്‍ഡും ഇറങ്ങിയത്.

രണം അല്ലെങ്കില്‍ മരണം എന്നുറപ്പിച്ച മത്സരത്തില്‍ ഓപ്പണര്‍ റിഷബ് പന്ത് വീണ്ടും പരാജയമായപ്പോള്‍ ഇന്നിങ്‌സിനെ താങ്ങിനിര്‍ത്തേണ്ട ചുമതല സൂര്യകുമാര്‍ സ്വയം ഏറ്റെടുത്തു. 51 പന്തില്‍ നിന്നും 111 റണ്‍സാണ് താരം സ്വന്തമാക്കിയത്. സൂര്യയുടെ ഇന്നിങ്‌സ് തന്നെയായിരുന്നു ഇന്ത്യക്ക് തുണയായത്.

മൂന്നാം മത്സരവും മഴ കൊണ്ടുപോയതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 1-0ന് സ്വന്തമാക്കി. സീരീസിന്റെ താരമായി തെരഞ്ഞെടുത്തത് സൂര്യകുമാര്‍ യാദവിനെ തന്നെയായിരുന്നു.

ഈ പരമ്പരയിലും മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരം സ്വന്തമാക്കിയതോടെ മറ്റൊരു റെക്കോഡും സൂര്യകുമാറിനെ തേടിയെത്തി. ടി-20 ഫോര്‍മാറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയ ഇന്ത്യന്‍ താരം എന്ന റെക്കോഡാണ് സൂര്യകുമാറിനെ തേടിയെത്തിയിരിക്കുന്നത്.

മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെയും ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനെയും മറികടന്നുകൊണ്ടാണ് താരം ഈ നേട്ടം കൈപ്പിടിയിലൊതുക്കിയത്.

തന്റെ കരിയറിലെ പ്രൈം ടൈമായ 2016ല്‍ വിരാട് നേടിയ രണ്ട് മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരത്തിന്റെയും 2022ല്‍ ഭുവി നേടിയ രണ്ട് എം.ഒ.എസ്സിന്റെയും റെക്കോഡാണ് സ്‌കൈ മറികടന്നത്.

ഇതിന് പുറമെ ടി-20 ബാറ്റര്‍മാരുടെ ഐ.സി.സി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനും സൂര്യകുമാര്‍ യാദവിന് സാധിച്ചിരുന്നു.

ഇന്ത്യ – ന്യൂസിലാന്‍ഡ് ടി-20 പരമ്പരയില്‍ സ്വന്തമാക്കിയ സെഞ്ച്വറിയാണ് താരത്തെ ഒന്നാം സ്ഥാനത്ത് നിലനിര്‍ത്തിയത്. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് സൂര്യകുമാര്‍ ഈ നേട്ടം സ്വന്തമാക്കിയത്.

ഐ.സി.സി റാങ്കിങ്ങില്‍ 890 പോയിന്റ് നേടിയാണ് സൂര്യ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ളത് പാകിസ്ഥാന്റെ വിക്കറ്റ് കീപ്പര്‍ ബാറ്ററും ഓപ്പണറുമായ മുഹമ്മദ് റിസ്വാനാണ്. 836 റേറ്റിങ് പോയിന്റാണ് റിസ്വാനുള്ളത്.

ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ഡെവോണ്‍ കോണ്‍വേയാണ് പട്ടികയിലെ മൂന്നാമന്‍. 788 പോയിന്റാണ് കോണ്‍വേയുടെ സമ്പാദ്യം.

ഇന്ത്യ – ന്യൂസിലാന്‍ഡ് ഏകദിന പരമ്പരയാണ് സൂര്യകുമാര്‍ യാദവിന് മുമ്പില്‍ ഇനിയുള്ളത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം നവംബര്‍ 25നാണ്.

Content Highlight: Suryakumar Yadav breaks the record of Virat Kohli and Bhuvaneswar Kumar

We use cookies to give you the best possible experience. Learn more