ഇതിഹാസങ്ങളെ മറികടന്ന് സൂര്യയുടെ പടയോട്ടം
Sports News
ഇതിഹാസങ്ങളെ മറികടന്ന് സൂര്യയുടെ പടയോട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 25th November 2023, 11:22 pm

നവംബര്‍ 23ന് തുടങ്ങിയ ഓസ്ട്രേലിയയുമായുള്ള അഞ്ച് ടി-ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ നാടകീയമായ വിജയം സ്വന്തമാക്കി. ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റിങ്ങിനയച്ചപ്പോള്‍ 20 ഓവറില്‍ 208 റണ്‍സായിരുന്നു അവര്‍ക്ക് നേടാനായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19.5 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ റണ്‍ഔട്ടിലൂടെ ഗെയ്ക്വദിനെ നഷ്ടപ്പെട്ടപ്പോള്‍ ശേഷം ക്രീസില്‍ വന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് ബാറ്റിങ്ങില്‍ ഇന്ത്യ ആത്മവിശ്വാസം വീണ്ടെടുക്കുകയായിരുന്നു. 42 പന്തില്‍ നിന്ന് 80 റണ്‍സാണ് സ്‌കൈ സ്‌കോര്‍ ചെയ്തത്. ഇഷാന്‍ കിഷന്‍ 39 പന്തില്‍ 58 റണ്‍സിന്റെ മികച്ച പ്രകടനവും കാഴ്ചവച്ചു. അവസാനമാകുമ്പോഴേക്കും വീണ്ടും റണ്ണൗട്ടുകള്‍ വില്ലന്‍ ആയപ്പോള്‍ റിങ്കു സിങ് ആണ് ഇന്ത്യയെ 14 പന്തില്‍ നിന്നും 22 റണ്‍സ് നേടി വിജയത്തില്‍ എത്തിച്ചത്.

190.48 സ്‌ട്രൈക്ക് റേറ്റില്‍ നാല് സിക്‌സറുകളും ഒമ്പത് ബൗണ്ടറികളുമുള്‍പ്പെടെ വെടിക്കെട്ട് പ്രകടനം നടത്തിയാണ് സൂര്യ ഇന്ത്യയുടെ വിജയത്തിന് നിര്‍ണായകമായത്. ക്യാപ്റ്റന്‍ ആയുള്ള തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ റെക്കോര്‍ഡുകള്‍ നേടുകയാണ് ഈ യുവ സ്റ്റാര്‍ ബാറ്റര്‍. കോളിങ് മണ്‍റോ, ഗ്ലെന്‍ മാക്‌സ് വെല്‍, ഡേവിഡ് വാര്‍ണര്‍, ഡേവിഡ് മില്ലര്‍ തുടങ്ങിയവര്‍ ടി-ട്വന്റിയില്‍ നേടിയ സിക്‌സറുകളെ മറികടന്നിരിക്കുകയാണ് സ്‌കൈ ഇപ്പോള്‍. 54 മത്സരങ്ങളില്‍ നിന്നും 108 സിക്‌സറുകളാണ് അദ്ദേഹം നേടിയെടുത്തത്. ഇതോടെ റെക്കോഡ് പട്ടികയില്‍ സൂര്യ 10ാമത് ആണ് ഉള്ളത്. 175 ബൗണ്ടറികളും അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ ഉണ്ട്. ഓസീസിനോടുള്ള മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയതില്‍ പ്ലെയര്‍ ഓഫ് ദ മാച്ചും സൂര്യയായിരുന്നു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസിനുവേണ്ടി ജോഷ് ഇംഗ്ലീസ് 50 പന്തില്‍ നിന്നും 110 റണ്‍സ് നേടിയപ്പോള്‍ സ്റ്റീവ് സ്മിത്ത് 41 പന്തില്‍ 52 റണ്‍സ് എടുത്ത് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പ്രസീത് കൃഷ്ണക്കും രവി ബിഷ്ണോയിക്കും ഓരോ വിക്കറ്റുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. ജോസ് ഇംഗ്ലീസ് എട്ട് സിക്സറുകളും 11 ബൗണ്ടറികളും ഉള്‍പ്പെടെയായിരുന്നു തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

നവംബര്‍ 26ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ടി-ട്വന്റി മത്സരം നടക്കാനിരിക്കുകയാണ്. ഓസീസുമായുള്ള അഞ്ച് ടി-ട്വന്റി പരമ്പരയിലെ രണ്ടാം വിജയം ലക്ഷ്യം വെച്ചാണ് സൂര്യയും സംഘവും ഇറങ്ങുന്നത്.

 

Content Highlight: Suryakumar Yadav breaks the record of sixes in T-20