Advertisement
Sports News
'ആര്‍ക്കുമെന്നെ തോല്‍പ്പിക്കാനാവില്ല'; യുവരാജിനേയും മറികടന്ന് ആകാശത്തോളം റെക്കോര്‍ഡുകള്‍ വാരിയെടുത്ത് സ്‌കൈ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Nov 21, 12:34 pm
Monday, 21st November 2022, 6:04 pm

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടി-20യില്‍ ഇന്ത്യ 65 റണ്‍സിന്റെ ജയം നേടിയെടുത്തതിന് പിന്നാലെ കയ്യടി നേടുന്നത് സൂര്യകുമാര്‍ യാദവ് എന്ന സ്‌കൈ ആണ്. കരിയറിലെ മിന്നും ഫോം തുടരുന്ന സൂര്യ പുറത്താവാതെ 111 റണ്‍സാണ് കിവീസിനെതിരേ സ്വന്തമാക്കിയത്.

സെഞ്ച്വറി പ്രകടനത്തോടെ ന്യൂസിലാന്‍ഡ് പടയെ ബൗണ്ടറി കടത്തിയ സ്‌കൈ, ന്യൂസിലാന്‍ഡ് സൂപ്പര്‍താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയും വെസ്റ്റ് ഇന്‍ഡിസ് താരം എവിന്‍ ലൂയിസിനെയും ഇന്ത്യന്‍ ഇതിഹാസം യുവരാജിനേയും മറികടന്ന് മറ്റൊരു ലോക റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്.

അന്താരാഷ്ട്ര ട്വന്റി-20 മത്സരങ്ങളില്‍ 200ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റുമായി ഏറ്റവും അധികം അര്‍ധ സെഞ്ച്വറികള്‍ തികക്കുന്ന താരം എന്ന റെക്കോര്‍ഡാണ് സ്‌കൈ സ്വന്തം കൈപ്പിടിയിലൊതുക്കിയത്.

200ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റോടെ ഏഴ് അര്‍ധ സെഞ്ച്വറികളാണ് താരം സ്വന്തം പേരിലാക്കിയത്. തൊട്ടുപിന്നാലെ ആറ് അര്‍ധ സെഞ്ച്വറികളുമായി ഗ്ലെന്‍ മാക്‌സ്‌വെല്ലും എവിന്‍ ലൂയിസും കൂട്ടിനുണ്ട്. അഞ്ച് വീതം ഫിഫ്റ്റികളുമായി ന്യൂസിലാന്‍ഡ് താരം കോളിന്‍ മണ്‍റോയും യുവരാജ് സിങ്ങും പിറകിലുണ്ട്.

ഒരു കലണ്ടര്‍ വര്‍ഷം ടി-20 ഫോര്‍മാറ്റില്‍ കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച് നേടുന്ന ഇന്ത്യന്‍ താരമായും സ്‌കൈ മാറിയിരിക്കുകയാണ്. ഈ വര്‍ഷം ഇത് ഏഴാം തവണയാണ് സൂര്യകുമാര്‍ ഈ നേട്ടത്തിലെത്തുന്നത്.

2016ല്‍ ആറ് തവണ ഈ നേട്ടത്തിലെത്തിയ ഇന്ത്യന്‍ ഇതിഹാസം വിരാട് കോഹ്‌ലിയെയാണ് സ്‌കൈ മറികടന്നത്. ഒരു കലണ്ടര്‍ വര്‍ഷം ടി20യില്‍ കൂടുതല്‍ മാന്‍ ഓഫ് ദ മാച്ച് നേടുന്നവരില്‍ സിംബാബ്‌വെയുടെ സിക്കന്ദര്‍ റാസക്കൊപ്പമാണ് സൂര്യയുള്ളത്.

അതേസമയം, കഴിഞ്ഞ മത്സരത്തില്‍ 51 പന്ത് നേരിട്ട് 11 ഫോറും 7 സിക്സും ഉള്‍പ്പെടെയായിരുന്നു സൂര്യയുടെ പ്രകടനം. 217.64 സ്ട്രൈക്ക് റേറ്റിലായിരുന്നു അദ്ദേഹത്തിന്റെ വെടിക്കെട്ട്. ടി20 ലോകകപ്പില്‍ മൂന്ന് ഫിഫ്റ്റിയടക്കം നേടി മിന്നും ഫോമിലായിരുന്ന സൂര്യ കിവീസിനെതിരേയും വിസ്മയിപ്പിക്കുകയായിരുന്നു.

ന്യൂസിലാന്‍ഡിനെതിരായ ടി-20യില്‍ ഇന്ത്യക്കാരന്‍ നേടുന്ന ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡും സ്‌കൈ സ്വന്തം പേരിലാക്കിയിരിക്കുകയാണ്.

ഇന്ത്യയുടെ മറ്റ് ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തിയ പിച്ചിലാണ് സൂര്യയുടെ ആറാട്ട്. മൈതാനത്ത് എല്ലാ ഭാഗത്തേക്കും ഷോട്ടുകളുമായി സൂര്യ സര്‍വാധിപത്യമാണ് കാഴ്ചവെച്ചത്. ഇന്ത്യന്‍ ബൗളര്‍മാരും അവസരത്തിനൊത്ത് ഉയര്‍ന്നതോടെ കിവീസിന്റെ തട്ടകത്തില്‍ ഇന്ത്യ ആവേശ ജയമാണ് നേടിയത്.

Content Highlight: Surya Kumar Yadav breaks Glenn Maxwell and Evin Lewis’ world record