| Sunday, 20th November 2022, 4:08 pm

ഹിറ്റ്മാനും കിങ്ങും ഒന്ന് മാറി നിന്നേ, ഇവിടെ ഇനി സ്‌കൈ ഭരിക്കും; ചരിത്രനേട്ടവുമായി സൂര്യകുമാര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – ന്യൂസിലാന്‍ഡ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സൂര്യകുമാര്‍ സെഞ്ച്വറിയടിച്ചിരുന്നു. 51 പന്തില്‍ നിന്നും പുറത്താകാതെ 111 റണ്‍സായിരുന്നു താരം സ്വന്തമാക്കിയത്.

സൂര്യകുമാറിന്റെ അപരാജിത സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ 191 റണ്‍സിന്റെ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 11 ബൗണ്ടറിയും ഏഴ് സിക്‌സറുമടക്കമാണ് താരം വെടിക്കെട്ട് നടത്തിയത്. 217.65 സ്‌ട്രൈക്ക് റേറ്റിലായാരുന്നു സൂര്യകുമാറിന്റെ റണ്‍വേട്ട.

ഈ പ്രകടനത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും സൂര്യകുമാറിനെ തേടിയെത്തിയിരിക്കുകയാണ്. ഒരു കലണ്ടര്‍ ഇയറില്‍ ആയിരം റണ്‍സ് തികക്കുന്ന ഓപ്പണറല്ലാത്ത ബാറ്റര്‍ എന്ന റെക്കോഡാണ് സൂര്യകുമാര്‍ സ്വന്തമാക്കിയത്.

ടി-20 ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഈ നേട്ടം കുറിക്കപ്പെടുന്നത്. ഈ പരമ്പരയിലെ മൂന്നാം മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചാല്‍ വിരാടിന്റെയടക്കം പല റെക്കോഡുകളും താരത്തിന് മുമ്പില്‍ തകര്‍ന്ന് വീഴും.

അതേസമയം, ടോസ് നേടിയ ന്യൂസിലാന്‍ഡ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സൂര്യകുമാറിന് പുറമെ 36 റണ്‍സ് നേടിയ ഇഷാന്‍ കിഷന്‍ മാത്രമാണ് പിടിച്ചുനിന്നത്. ഇവര്‍ക്ക് പുറമെ ഹര്‍ദിക് പാണ്ഡ്യയും ശ്രേയസ് അയ്യരും മാത്രമാണ് ഇന്ത്യന്‍ നിരില്‍ ഇരട്ടയക്കം കണ്ടത്.

ന്യൂസിലാന്‍ഡ് നിരയില്‍ പന്തെറിഞ്ഞ എല്ലാവരും തന്നെ മികച്ച രീതിയില്‍ തല്ല് വാങ്ങിക്കൂട്ടിയിരുന്നു. മൂന്ന് വിക്കറ്റ് നേടിയ ടിം സൗത്തിയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ലോക്കി ഫെര്‍ഗൂസനുമാണ് ബൗളിങ് നിരയില്‍ മികച്ചു നിന്നത്.

മത്സരത്തില്‍ ടിം സൗത്തി ഹാട്രിക്കും നേടിയിരുന്നു. 13 പന്തില്‍ നിന്നും 13 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയെ പുറത്താക്കി തുടങ്ങിയ സൗത്തി, തൊട്ടടുത്ത പന്തുകളില്‍ ദീപക് ഹൂഡയെയും വാഷിങ്ടണ്‍ സുന്ദറിനെയും മടക്കിയിരുന്നു.

അതേസമയം, 17 ഓവര്‍ പിന്നിടുമ്പോള്‍ 116ന് ആറ് വിക്കറ്റ് എന്ന നിലയിലാണ് ന്യൂസിലാന്‍ഡ്. അര്‍ധ സെഞ്ച്വറി നേടിയ കെയ്ന്‍ വില്യംസണും ആദം മില്‍നെയുമാണ് കിവീസിനായി ക്രീസില്‍ നില്‍ക്കുന്നത്.

Content Highlight: Suryakumar Yadav becomes the first non opener to score 1000 runs in T20 format

We use cookies to give you the best possible experience. Learn more