ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം ടി-20യില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. പരമ്പരയിലെ ആദ്യ മത്സരം മഴയെത്തിയതോടെ ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തിലും മോശം കാലാവസ്ഥ രസംകൊല്ലിയായി എത്തിയതോടെ ഡക്ക്‌വര്‍ത്ത് – ലൂയീസ് – സ്‌റ്റേണ്‍ നിയമപ്രകാരം സൗത്ത് ആഫ്രിക്ക വിജയിക്കുകയായിരുന്നു. അഞ്ച് വിക്കറ്റിനായിരുന്നു പ്രോട്ടിയാസിന്റെ വിജയം.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കം പാളിയിരുന്നു. ഓപ്പണര്‍മാര്‍ രണ്ട് പേരും സംപൂജ്യരായി പവലിയനിലേക്ക് മടങ്ങി. മാര്‍കോ യാന്‍സെന്‍ യശസ്വി ജെയ്‌സ്വാളിനെ ബ്രോണ്‍സ് ഡക്കാക്കി പറഞ്ഞയച്ചപ്പോള്‍ ശുഭ്മന്‍ ഗില്ലിനെ സില്‍വര്‍ ഡക്കാക്കിയാണ് ലിസാദ് വില്യംസ് മടക്കിയത്.
മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ തിലക് വര്‍മയും നാലാമനായി കളത്തിലിറങ്ങിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ തകര്‍പ്പന്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. മികച്ച രീതിയില്‍ സ്‌കോര്‍ ഉയര്‍ത്തവെ 20 പന്തില്‍ 29 റണ്‍സ് നേടിയ തിലക് വര്‍മയെ പുറത്താക്കി ജെറാള്‍ഡ് കോട്‌സി ഇന്ത്യയെ വീണ്ടും ഞെട്ടിച്ചു.
അഞ്ചാമനായി റിങ്കു സിങ്ങാണ് കളത്തിലെത്തിയത്. ആഞ്ഞടിച്ചുകൊണ്ടിരുന്ന സൂര്യകുമാറിനൊപ്പം ചേര്‍ന്ന് അതിലും വേഗത്തില്‍ റിങ്കു സ്‌കോര്‍ ഉയര്‍ത്തി. നാലാം വിക്കറ്റില്‍ മറ്റൊരു അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടും പിറന്നു. 70 റണ്‍സാണ് റിങ്കുവും സൂര്യയും ചേര്‍ന്ന് ഇന്ത്യന്‍ ടോട്ടലിലേക്ക് സംഭാവന ചെയ്തത്.
ടീം സ്‌കോര്‍ 125ല്‍ നില്‍ക്കവെ സൂര്യ പുറത്തായി. 36 പന്തില്‍ അഞ്ച് ബൗണ്ടറിയുടെയും മൂന്ന് സിക്‌സറിന്റെയും അകമ്പടിയോടെ 56 റണ്‍സാണ് സ്‌കൈ നേടിയത്. 155.56 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു സൂര്യയുടെ വെടിക്കെട്ട്.
ഈ അര്‍ധ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഒരു റെക്കോഡും സൂര്യകുമാറിനെ തേടിയെത്തിയിരുന്നു. ടി-20 ഫോര്‍മാറ്റില്‍ സൗത്ത് ആഫ്രിക്കക്കെതിരെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ നായകന്‍ എന്ന നേട്ടമാണ് സൂര്യ സ്വന്തമാക്കിയത്.
ടി-20യില്‍ സൗത്ത് ആഫ്രിക്കക്കെതിരെ സൂര്യകുമാറിന്റെ നാലാം അര്‍ധ സെഞ്ച്വറിയാണിത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ ആദ്യത്തേതും.
സൂര്യകുമാര്‍ പുറത്തായെങ്കിലും റിങ്കു വെടിക്കെട്ട് തുടര്‍ന്നു. ഒടുവില്‍ 19.3 ഓവറില്‍ ഏഴ് വിക്കറ്റിന് 180 എന്ന നിലയില്‍ ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിച്ചു. 39 പന്തില്‍ നിന്നും ഒമ്പത് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെടെ പുറത്താകാതെ 68 റണ്‍സാണ് റിങ്കു നേടിയത്.
ഡി-എല്‍-എസ് നിയമപ്രകാരം 15 ഓവറില്‍ 152 എന്ന പുതുക്കിയ വിജയലക്ഷ്യവുമായി ബാറ്റ് വീശിയ സൗത്ത് ആഫ്രിക്ക തുടക്കം മുതലേ ആഞ്ഞടിച്ചു. റീസ ഹെന്‍ഡ്രിക്‌സിന്റെയും ക്യാപ്റ്റന്‍ ഏയ്ഡന്‍ മര്‍ക്രമിന്റെയും തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ പ്രോട്ടിയാസ് ഇന്നിങ്‌സിന് വേഗം കൂട്ടി.
മറ്റുള്ള താരങ്ങളും തങ്ങളുടേതായ സംഭാവനകള്‍ നല്‍കിയതോടെ സൗത്ത് ആഫ്രിക്ക ഏഴ് പന്തും അഞ്ച് വിക്കറ്റും ശേഷിക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
A solid fight from #TeamIndia but it was South Africa who won the 2nd #SAvIND T20I (via DLS Method).
We will look to bounce back in the third & final T20I of the series. 👍 👍
ഈ വിജയത്തിന് പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 1-0ന് മുമ്പിലെത്താനും സൗത്ത് ആഫ്രിക്കക്കായി.
വ്യാഴാഴ്ചയാണ് പരമ്പരയിലെ അവസാന മത്സരം. വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വിജയിച്ച് പരമ്പര സമനിലയില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യയിറങ്ങുമ്പോള്‍ വിജയത്തോടെ പരമ്പര വിജയം ആധികാരികമാക്കാനാണ് മര്‍ക്രവും സംഘവും ഒരുങ്ങുന്നത്.
വ്യാഴാഴ്ച നടക്കുന്ന മത്സരത്തിലും ആദ്യ മത്സരത്തിലേതെന്ന പോലെ മഴ കളിച്ചാല്‍ ഇന്ത്യക്ക് പരമ്പര നഷ്ടമായേക്കും.
Content Highlight: Suryakumar Yadav becomes the first Indian captain to score a half century against South Africa