ടി-20 ലോകകപ്പില്‍ ഇന്ത്യ തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരം കളിക്കുകയാണ്. സിംബാബ്‌വേക്കെതിരെയാണ് ഇന്ത്യ അഡ്‌ലെയ്ഡില്‍ കളത്തിലിറങ്ങിയത്. മത്സരത്തില്‍ വിജയിക്കാനായാല്‍ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാം സ്ഥാനക്കാരായി ഇന്ത്യക്ക് സെമിയില്‍ പ്രവേശിക്കാം.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍ കെ.എല്‍. രാഹുലിന്റെയും സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിന്റെയും അര്‍ധ സെഞ്ച്വറിയുടെ ബലത്തില്‍ 186 എന്ന സ്‌കോറിലെത്തിയിരുന്നു.
കെ.എല്‍. രാഹുല്‍ 35 പന്തില്‍ നിന്നും മൂന്ന് വീതം ഫോറും സിക്‌സറുമായി 51 റണ്‍സ് നേടിയപ്പോള്‍ 25 പന്തില്‍ നിന്നും പുറത്താകാതെ 61 റണ്‍സാണ് സൂര്യകുമാര്‍ യാദവ് സ്വന്തമാക്കിയത്.
നാല് സിക്‌സറും ആറ് ബൗണ്ടറിയുമടങ്ങുന്നതായിരുന്നു സൂര്യകുമാറിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. സിംബാബ്‌വേ ബൗളര്‍മാരെ ഒന്നൊഴിയാതെ തല്ലിയൊതുക്കിയ സൂര്യകുമാര്‍ ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും തന്റെ പേരിലാക്കി.
ടി-20 ഫോര്‍മാറ്റില്‍ ഒരു കലണ്ടര്‍ ഇയറില്‍ ആയിരം റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോഡാണ് സ്‌കൈ സ്വന്തമാക്കിയത്.
28 ഇന്നിങ്‌സില്‍ നിന്നും 1026 റണ്‍സാണ് സൂര്യകുമാര്‍ 2022ല്‍ സ്വന്തമാക്കിയത്. 44.60 ശരാശരിയില്‍ 186.54 സ്‌ട്രൈക്ക് റേറ്റിലാണ് സൂര്യകുമാര്‍ റണ്‍സ് നേടിയത്.
ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത് മാത്രം താരമാണ് സൂര്യകുമാര്‍ യാദവ്. കഴിഞ്ഞ വര്‍ഷം, 2021ല്‍, 1326 റണ്‍സ് നേടി പാക് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനാണ് ഈ കടമ്പ ആദ്യം കടന്നത്.
2022ലും മുഹമ്മദ് റിസ്വാന്‍ ഈ നേട്ടത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം ഏറ്റവുമധികം ടി-20 റണ്‍സ് നേടിയ രണ്ടാമത് ബാറ്ററാണ് റിസ്വാന്‍. 23 മത്സരത്തില്‍ നിന്നും 924 റണ്‍സാണ് താരം സ്വന്തമാക്കിയത്.