അടുത്ത പരമ്പര വരെ മാത്രം കാത്തിരുന്നാല്‍ മതി, മോര്‍ഗന്റെ ഒന്നാം സ്ഥാനവും സ്‌കൈ കൊണ്ടുപോകും
Sports News
അടുത്ത പരമ്പര വരെ മാത്രം കാത്തിരുന്നാല്‍ മതി, മോര്‍ഗന്റെ ഒന്നാം സ്ഥാനവും സ്‌കൈ കൊണ്ടുപോകും
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 15th December 2023, 10:35 pm

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ടി-20 പരമ്പര അവസാനിച്ചിരിക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1-1ന് സമനിലയില്‍ അവസാനിക്കുകയായിരുന്നു. പരമ്പരയിലെ ആദ്യ മത്സരം മഴയെടുക്കുകയും ശേഷിക്കുന്ന മത്സരങ്ങളില്‍ ഓരോന്ന് വീതം ഇരുവരും വിജയിക്കുകയും ചെയ്തതോടെയാണ് പരമ്പര സമനിലയില്‍ അവസാനിച്ചത്.

കഴിഞ്ഞ ദിവസം വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 106 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. പരമ്പര സമനിലയില്‍ അവസാനിപ്പിക്കണമെങ്കില്‍ വിജയം അനിവാര്യമായ മത്സരത്തിലാണ് ഇന്ത്യ കൂറ്റന്‍ ജയം സ്വന്തമാക്കിയത്.

ഇന്ത്യ ഉയര്‍ത്തിയ 202 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ പ്രോട്ടിയാസ് 95ന് ഓള്‍ ഔട്ടാവുകയായിരുന്നു. തന്റെ കരിയറിലെ നാലാം ടി-20 സെഞ്ച്വറി നേടിയ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ വിജയത്തിന് അടിത്തറയിട്ടത്. ഇന്ത്യന്‍ നായകനെ തന്നെയാണ് മത്സരത്തിലെ താരമായി തെരഞ്ഞെടുത്തതും.

മൂന്നാം മത്സരത്തിലെ സെഞ്ച്വറിക്ക് പുറമെ രണ്ടാം മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയും സ്‌കൈ നേടിയിരുന്നു. ഈ വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും സൂര്യയെ തേടിയെത്തിയിരുന്നു.

ഈ പരമ്പരക്ക് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും സ്‌കൈ സ്വന്തമാക്കിയിരുന്നു. ടി-20യില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന നോണ്‍ ഓപ്പണര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നാണ് സ്‌കൈ റെക്കോഡിട്ടത്.

ഈ പരമ്പരയിലെ രണ്ട് മത്സരത്തില്‍ നിന്നുമായി 11 സിക്‌സറാണ് സൂര്യ സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ മൂന്ന് സിക്‌സറടിച്ച സ്‌കൈ രണ്ടാം മത്സരത്തില്‍ എട്ട് തവണയും പന്ത് ഗ്യാലറിയിലെത്തിച്ചിരുന്നു.

നിലവില്‍ 115 സിക്‌സറുമായി രണ്ടാം സ്ഥാനത്തുള്ള സൂര്യക്ക് അധികം വൈകാതെ തന്നെ ഒന്നാം സ്ഥാനത്തെത്താനും സാധിക്കും. കേവലം ആറ് സിക്‌സറുകളുടെ ദൂരമാണ് സൂര്യയും ഒന്നാം സ്ഥാനവും തമ്മിലുള്ളത്.

120 സിക്‌സറുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനാണ് പട്ടികയില്‍ ഒന്നാമന്‍.

ടി-20യില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന നോണ്‍ ഓപ്പണിങ് ബാറ്റര്‍മാര്‍

(താരം – രാജ്യം – സിക്‌സര്‍ എന്നീ ക്രമത്തില്‍)

ഓയിന്‍ മോര്‍ഗന്‍ – ഇംഗ്ലണ്ട് – 120

സൂര്യകുമാര്‍ യാദവ് – ഇന്ത്യ – 115

ഡേവിഡ് മില്ലര്‍ – സൗത്ത് ആഫ്രിക്ക – 108

വിരാട് കോഹ്‌ലി – ഇന്ത്യ – 106

ഗ്ലെന്‍ മാക്‌സ്‌വെല്‍ – ഓസ്‌ട്രേലിയ – 101

 

ജനുവരയിലാണ് ഇന്ത്യ അടുത്ത ടി-20 പരമ്പര കളിക്കുക. അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ പര്യടനമാണിത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ജനുവരി 11ന് മൊഹാലിയിലാണ് നടക്കുന്നത്.

ഈ പരമ്പരയില്‍ സ്ഥാനം പിടിക്കാനായാല്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ നോണ്‍ ഓപ്പണര്‍മാരില്‍ സ്‌കൈ ഒന്നാമതെത്തുമെന്നുറുപ്പാണ്.

 

Content Highlight: Suryakumar Yadav becomes second in the list of non-openers with most sixes in T20Is