|

ആ റണ്ണൗട്ടില്ലെങ്കില്‍ ഒന്നാമനാകേണ്ടതാ... ഇപ്പോള്‍ ഗെയ്‌ലിനൊപ്പം രണ്ടാമന്‍; കയ്യടി നേടി സൂര്യ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ മൂന്നാം ടി-20യില്‍ സൂര്യകുമാര്‍ യാദവ് ചരിത്രം കുറിച്ചിരുന്നു. അന്താരാഷ്ട്ര ടി-20 മത്സരങ്ങള്‍ നൂറ് സിക്‌സറുകള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയാണ് സൂര്യകുമാര്‍ ആരാധകരുടെ കയ്യടി നേടുന്നത്.

ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത് ഇന്ത്യന്‍ താരവും 14ാമത് താരവുമാണ് സൂര്യകുമാര്‍ യാദവ്. മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ഓള്‍ ഫോര്‍മാറ്റ് നായകന്‍ രോഹിത് ശര്‍മയുമാണ് ഈ നേട്ടം കൈവരിച്ച മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

പരമ്പരയിലെ രണ്ടാം മത്സരത്തില്‍ തന്നെ ഈ നേട്ടം കൈവരിക്കാനുള്ള സാധ്യത സൂര്യകുമാറിനുണ്ടായിരുന്നു. ഗയാനയിലെ പ്രൊവിഡന്‍സ് പാര്‍ക്കില്‍ നടന്ന രണ്ടാം മത്സരത്തിന് മുമ്പ് 97 അന്താരാഷ്ട്ര ടി-20 സിക്‌സറുകളാണ് സൂര്യയുടെ പേരിലുണ്ടായിരുന്നത്.

മത്സരത്തില്‍ താരം സിക്‌സറുകളുടെ കണക്കില്‍ സെഞ്ച്വറി നേടുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിച്ചിരുന്നത്. എന്നാല്‍ ഒറ്റ റണ്‍സ് മാത്രം നേടി താരം പുറത്താവുകയായിരുന്നു. കൈല്‍ മയേഴ്‌സിന്റെ ഡയറക്ട് ഹിറ്റ് റണ്ണൗട്ടിലാണ് സൂര്യ പുറത്തായത്.

എന്നാല്‍ ഗയാനയിലെ രണ്ടാം മത്സരത്തില്‍ സ്‌കൈ സിക്‌സറുകളുടെ എണ്ണത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. 44 പന്തില്‍ നാല് സിക്‌സറും പത്തും ബൗണ്ടറിയും ഉള്‍പ്പെടെ 83 റണ്‍സ് നേടിയപ്പോള്‍ അതിനൊപ്പം ഈ നേട്ടവും സൂര്യ സ്വന്തമാക്കിയിരുന്നു.

ഇപ്പോള്‍ മറ്റൊരു നേട്ടവും സൂര്യകുമാറിനെ തേടിയെത്തിയിരിക്കുകയാണ്. ഇന്നിങ്‌സുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ നൂറ് സിക്‌സറുകള്‍ തികയ്ക്കുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് സൂര്യകുമാര്‍. വിന്‍ഡീസ് ഇതിഹാസ താരം ക്രിസ് ഗെയ്‌ലിനൊപ്പമാണ് താരം രണ്ടാം സ്ഥാനം പങ്കിടുന്നത്.

48 ഇന്നിങ്‌സില്‍ നിന്നും ഈ നേട്ടം സ്വന്തമാക്കിയ വിന്‍ഡീസ് സൂപ്പര്‍ താരം എവിന്‍ ലൂയീസാണ് പട്ടികയിലെ ഒന്നാമന്‍. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ നൂറ് സിക്‌സറുകള്‍ തികയ്ക്കാന്‍ സൂര്യക്ക് സാധിച്ചിരുന്നുവെങ്കില്‍ ലൂയീസിനൊപ്പം ഒന്നാം സ്ഥാനത്തെത്താനും സൂര്യയ്ക്കാകുമായിരുന്നു.

അതേസമയം, ഈ നേട്ടത്തേക്കാളുപരി സൂര്യകുമാറിന്റെ തിരിച്ചുവരവാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്. അതും തോറ്റാല്‍ പരമ്പര നഷ്ടമാകുമെന്ന നിര്‍ണായക മത്സരത്തിലാണ് സ്‌കൈ ടീമിന്റെ രക്ഷകനായത്.

ശേഷിക്കുന്ന രണ്ട് മത്സരങ്ങളും വിജയിച്ചാല്‍ ടെസ്റ്റ് പരമ്പരക്കും ഏകദിന പരമ്പക്കും ശേഷം ടി-20 പരമ്പര സ്വന്തമാക്കാനും ഇന്ത്യക്ക് സാധിക്കും.

Content highlight: Suryakumar Yadav becomes second fastest player to hit 100 T20I sixes