ഇന്ത്യന്‍ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവ് അക്ഷരാര്‍ത്ഥത്തില്‍ പൂണ്ടുവിളയാടിയ മത്സരമായിരുന്നു ഇന്ത്യ ദക്ഷിണാഫ്രിക്ക പരമ്പരയിലെ രണ്ടാം ടി-20. 22 പന്തില്‍ നിന്നും 61 റണ്‍സ് നേടിയ സൂര്യകുമാറിന്റെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയെ പടുകൂറ്റന്‍ സ്‌കോറിലേക്കെത്തിച്ചത്.
സൂര്യകുമാറിന്റെ ഇന്നിങ്‌സാണ് ഇന്ത്യയെ 237ലെത്തിച്ചത്. അഞ്ച് ബൗണ്ടറിയും അഞ്ച് സിക്‌റുമായി കളം നിറഞ്ഞാടവേ താരം റണ്‍ ഔട്ടാവുകയായിരുന്നു. സെഞ്ച്വറി തികക്കാനാവാതെ പുറത്തായെങ്കിലും എണ്ണം പറഞ്ഞ റെക്കോഡ് കീശയിലാക്കിയാണ് താരം കളം വിട്ടത്.
ടി-20 ഇന്റര്‍നാഷണലില്‍ നേരിട്ട പന്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗം 1,000 റണ്‍സ് തികക്കുന്ന ബാറ്റര്‍ എന്ന റെക്കോഡാണ് സൂര്യകുമാര്‍ നേടിയത്. കേവലം 573 പന്തില്‍ നിന്നുമാണ് താരം 1,000 റണ്‍സ് നേടിയത്.
ഇതോടെ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ റെക്കോഡാണ് പഴങ്കഥയായത്. തന്റെ 604ാം പന്തിലാണ് മാക്‌സി മില്ലേനിയം തികച്ചതെങ്കില്‍ 31 പന്ത് കുറവ് നേരിട്ടാണ് സൂര്യകുമാര്‍ ഈ റെക്കോഡ് നേട്ടം കൈപ്പിടിയിലാക്കിയത്.
നേരത്തെ, ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം ടി-20 റണ്‍സ് നേടുന്ന ഇന്ത്യന്‍ ബാറ്റര്‍ എന്ന റെക്കോഡും സൂര്യകുമാര്‍ തന്റെ പേരിലാക്കിയിരുന്നു.
277.27 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം കഴിഞ്ഞ ദിവസം റണ്ണടിച്ചുകൂട്ടിയത്. താരത്തിന്റെ വെടിക്കെട്ടാണ് കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യന്‍ വിജയത്തിന് നിര്‍ണായകമായത്.
കഴിഞ്ഞ ദിവസത്തെ വിജയത്തോടെ ചരിത്രം തിരുത്തിക്കുറിക്കാനും ഇന്ത്യക്കായി. ഇതാദ്യമായി ടി-20 പരമ്പരയില്‍ സൗത്ത് ആഫ്രിക്കയെ ഇന്ത്യന്‍ മണ്ണില്‍ കീഴടക്കിയാണ് രോഹിത്തും സംഘവും ചരിത്രം സൃഷ്ടിച്ചത്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 16 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാര്‍ ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ 96 റണ്‍സാണ് പിറന്നത്. 37 പന്തില്‍ നിന്നും 43 റണ്‍സുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ആദ്യം പുറത്തായത്.
മികച്ച പ്രകടനം കാഴ്ചവെച്ച് രാഹുലും പുറത്തായി. 28 പന്തില്‍ നിന്നും 57 റണ്‍സുമായാണ് താരം പുറത്തായത്. വിരാട് കോഹ്ലി 28 പന്തില്‍ നിന്നും 49 റണ്‍സുമായി പുറത്താകാതെ നിന്നു. നാലാമനായി ഇറങ്ങിയ സൂര്യകുമാറിന്റെ വെടിക്കെട്ടാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 22 പന്തില്‍ നിന്നും 61 റണ്‍സാണ് താരം സ്വന്തമാക്കിയത്.
ഫിനിഷറുടെ റോളില്‍ ഇറങ്ങിയ ദിനേഷ് കാര്‍ത്തിക്കും മോശമാക്കിയില്ല. ഏഴ് പന്തില്‍ നിന്നും 17 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഇതോടെ ഇന്ത്യ 20 ഓവറില്‍ 237 റണ്‍സിലെത്തി.
മറുപടി ബാറ്റിങ്ങിനിങ്ങിയ സൗത്ത് ആഫ്രിക്ക പൊരുതി കീഴടങ്ങുകയായിരുന്നു. ഡേവിഡ് മില്ലറും ക്വിന്റണ്‍ ഡി കോക്കും ഏയ്ഡന്‍ മര്‍ക്രവും തകര്‍ത്തടച്ചെങ്കിലും വിജയിക്കാന്‍ അതൊന്നും മതിയായില്ല.
20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ സൗത്ത് ആഫ്രിക്ക 221 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ 16 റണ്‍സിന്റെ വിജയം ആഘോഷിച്ചു.
ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-0ന് മുമ്പിലെത്താനും പരമ്പര സ്വന്തമാക്കാനും ഇന്ത്യക്കായി. ഒക്ടോബര്‍ നാലിനാണ് അടുത്ത മത്സരം. ഇന്‍ഡോറിലെ ഹോല്‍കര്‍ സ്റ്റേഡിയമാണ് വേദി.
Content Highlight: Suryakumar Yadav became the fastest batsman to score 1000 runs in T20Is