ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന 2024 ഐ.പി.എല്‍ മാര്‍ച്ച് 22ന് ആരംഭിക്കാന്‍ ഇരിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ് ആദ്യം മത്സരം നടക്കുന്നത്. എന്നാല്‍ ഐ.പി.എല്ലിനു മുന്നേ ഏറെ ചര്‍ച്ചാവിഷയമായ ടീമായിരുന്നു മുംബൈ ഇന്ത്യന്‍സ്.
ഹര്‍ദിക് പാണ്ഡ്യയെ പൊന്നും വില കൊടുത്തു ടീമില്‍ എത്തിക്കുകയും തുടര്‍ന്ന് രോഹിത് ശര്‍മയെ ക്യാപ്റ്റന്‍സില്‍ നിന്നും നീക്കം ചെയ്തു ഹര്‍ദിക്കിനെ പുതിയ ക്യാപ്റ്റനാക്കുകയും ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ടീമിന് അകത്തും പുറത്തും ഏറെ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു.
ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുമ്പോഴും ടീമിലെ കരുത്തനായ ബാറ്റര്‍ സൂര്യകുമാര്‍ യാദവിന് പരിക്ക് മൂലം ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്നിരുന്നു. ഇതേ തുടര്‍ന്ന് ടീമില്‍ ഇടം നേടുന്നതിനെക്കുറിച്ച് ഏറെ ആശങ്കകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ വിവാദ ചര്‍ച്ചകള്‍ക്കൊടുവില്‍ ഒരു സന്തോഷ വാര്‍ത്തയാണ് മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ക്ക് മുന്നില്‍ വന്നിരിക്കുന്നത്. പരിക്ക് മൂലം മാറിനിന്ന സ്റ്റാര്‍ ബാറ്റര്‍ തിരിച്ച് പരിശീലനത്തില്‍ എത്തിയിരിക്കുകയാണ്.
താരം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത നെറ്റ് പ്രാക്ടീസിന്റെ വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. സൗത്ത് ആഫ്രിക്കയ്ക്ക് എതിരെയുള്ള ടി-20 പരമ്പരയാണ് സൂര്യകുമാര്‍ അവസാനമായി കളിച്ചത്. പരമ്പരയില്‍ താരം തന്റെ മൂന്നാമത്തെ ടി-20 സെഞ്ച്വറി നേടിയെങ്കിലും ഫീല്‍ഡിങ്ങിനിടെ താരത്തിന് പരിക്ക് പറ്റുകയായിരുന്നു.
ഏറെക്കാലം ചികിത്സയില്‍ ആയിരുന്നെങ്കിലും താരത്തിന് ആരോഗ്യസ്ഥിതി വീണ്ടെടുക്കുവാന്‍ ഒരു ശാസ്ത്രക്രിയയ്ക്ക് വേണ്ടി ജര്‍മ്മനിയിലേക്ക് പോകേണ്ടിവന്നിരുന്നു. ശേഷം പുനരധിവാസത്തിന് എന്‍.സി.എ സന്ദര്‍ശിക്കാന്‍ താരത്തിനോട് പറയുകയായിരുന്നു.